ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പോലീസിന്‍റെ മുന്നൊരുക്കങ്ങള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഓണ്‍ലൈന്‍ യോഗത്തില്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവിമാരും റേഞ്ച് ഡി.ഐ.ജിമാരും സോണ്‍ ഐ.ജിമാരും ഓൺലൈൻ യോഗത്തില്‍ പങ്കെടുത്തു.
ശബരിമല തീർഥാടകരുടെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു. സ്ഥിരമായി അപകടങ്ങൾ നടക്കുന്ന സ്ഥലത്തും ബ്ലാക്ക് സ്പോട്ടുകളിലും പോലീസ് പ്രത്യേകശ്രദ്ധ പുലർത്തും. ഇതിനായി പ്രത്യേക പട്രോളിങ് സംവിധാനം ഏർപ്പെടുത്തും.
എല്ലാ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും ഇടത്താവളങ്ങളിലും പോലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിക്കും. പ്രധാന ജംഗ്ഷനുകള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പോലീസിന്‍റെ സാന്നിദ്ധ്യം ഉറപ്പാക്കും.
സ്നാനഘട്ടങ്ങളില്‍ അവശ്യമായ പ്രകാശം ഉറപ്പാക്കാനും ആഴം സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് നടപടി സ്വീകരിക്കും. ടാക്സി വാഹനങ്ങളിലും മറ്റും യാത്രാനിരക്കുകള്‍ സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുന്ന നടപടി ഏകോപിപ്പിക്കും.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.