തിരുമല സുശീലൻ നായർ ഫൗണ്ടേഷൻ തിരുമലയുടെ മുഖമായ പേരാലിനെ ആദരിച്ച് പരിസ്ഥിതി ദിനം ആഘോഷിച്ചു

101
0

നൂറ്റാണ്ടിലേറെ പഴക്കമുമുണ്ട് തിരുമല കുശക്കോട് മഹാദേവർ ക്ഷേത്ര ഗോപുരനടയിലെ പേരാലിന്. തണലായി തണുപ്പായി തലയുയർത്തി നിൽക്കുന്ന ആലിൻമൂടിലെ പേരാൽ മുത്തശ്ശി ഒരു നാടിൻ്റെ പൈതൃകം കൂടിയാണ്. തിരുമല സുശീലൻ നായർ ഫൗണ്ടേഷൻ തിരുമലയുടെ മുഖമായ പേരാലിനെ ആദരിച്ച് പരിസ്ഥിതി ദിനം ആഘോഷിച്ചു.പേരാൽ മുത്തശ്ശിക്ക് കസവുചേല ചുറ്റി, പൂമാലകൾ തോരണം ചാർത്തി, ചുറ്റിലും മൺചെരാതുകൾ സ്ഥാപിച്ച് ദീപം തെളിയിച്ച് ഭക്തിപൂർവമായ ആദരം വേറിട്ട കാഴ്ചയായി. മണ്ണിനെ, പ്രകൃതിയെ മനസിൽ കുടിയേറ്റിയ പത്മശ്രീ ജി.ശങ്കറാണ് കൽവിളക്കിൽ ദീപം തെളിയിച്ച്, വൃക്ഷ മുത്തശ്ശിക്ക് ആദ്യ പൂമാല ചാർത്തി പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തത്.

ഫൗണ്ടേഷൻ പ്രസിഡന്റ്‌ ആനന്ദ് കണ്ണശ അധ്യക്ഷനായി. ഫലവൃക്ഷത്തൈ വിതരണം, ഫൗണ്ടേഷൻ നടത്തിയ “പ്രകൃതിയും ഞാനും” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായവർക്ക് സമ്മാനദാനം എന്നിവ ആഘോഷത്തിൻ്റെ ഭാഗമായി നടന്നു.

ചടങ്ങിൽ വാർഡ് കൗൺസിലർ തിരുമല അനിൽ പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി പ്രവർത്തകൻ മാങ്കോയിക്കൽ ചന്ദ്രൻ, ആലിൻമൂട് സോഷ്യൽ വെൽഫയർ സഹകരണ സംഘം പ്രസിഡന്റ്‌ ബി.പദ്മകുമാർ, വോയ്സ് ഓഫ് തിരുമല അഡ്മിൻ ആർ. ജയകുമാർ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.ആർ സുരേഷ്കുമാർ, സെക്രട്ടറി സൂരജ് കുമാർ എസ്. എസ്, വടകര രവീന്ദ്രൻ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ വി.അനിൽകുമാർ സംസാരിച്ചു. കുശക്കോട് മഹാദേവ ക്ഷേത്രം മേൽശാന്തി തെക്കേമഠം ചന്ദ്രൻ പോറ്റി പേരാലിന് ആരതിയുഴിഞ്ഞ് വൃക്ഷപൂജ നടത്തി.