പ്രതിപക്ഷ നേതാവ് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനം (16/05/2022 )

92
0

സിൽവർ ലൈൻ സമരത്തിൻ്റെ ഒന്നാംഘട്ട വിജയം; സമരക്കാർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണം: എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാർഷ്ട്യത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പിൻവാങ്ങേണ്ടി വരും

കൊച്ചി

സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഒന്നാംഘട്ട വിജയമാണിത്. കല്ലിടൽ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിർദ്ദേശം ചെവിക്കൊള്ളാതിരുന്ന സർക്കാരിന് ഇപ്പോൾ ബോധോദയം ഉണ്ടായിരിക്കുകയാണ്. സർക്കാർ ജനങ്ങളോട് തെറ്റ് സമ്മതിക്കണം. നിരപരാധികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കെതിരെ ചുമത്തിരിക്കുന്ന മുഴുവൻ കേസുകളും പിൻവലിക്കണം.

തൃക്കാക്കരയിൽ ജനങ്ങളെ സമീപിച്ചപ്പോൾ ജനരോഷം സർക്കാരിന് ബോധ്യപ്പെട്ടു. കമ്മീഷൻ റെയിലിന് ജനം എതിരായതു കൊണ്ടാണ് കല്ലിടൽ നിർത്താൻ സർക്കാർ തയ്യാറായത്. ആര് സമരം ചെയ്താലും കല്ലിടൽ തുടരുമെന്ന പ്രഖ്യാപനത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പിറകോട്ട് പോകേണ്ടി വന്നു. ഭൂമി ഏറ്റെടുക്കാനുള്ള കുതന്ത്രമായിരുന്നു കല്ലിടൽ. ജനശക്തിക്ക് മുന്നിൽ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞു. ഒന്നാംഘട്ട സമരം വിജയിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. എന്ത് വന്നാലും പദ്ധതി നടപ്പാക്കുമെന്ന ധാർഷ്ട്യത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടി വരും. കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങൾക്ക് മുന്നിൽ നരേന്ദ്രമോദി മുട്ട് മടക്കിയതിന് സമാനമായ രീതിയിലാണ് ഇവിടെ സംസ്ഥാന സർക്കാരും മുട്ട് മടക്കിയത്. കേരള സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമായി സിൽവർ ലൈൻ വിരുദ്ധ സമരം മാറുമെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ കെ.റെയിൽ ചർച്ച ചെയ്യുമെന്ന വെല്ലുവിളിയാണ് LDF കൺവീനറും വ്യവസായ മന്ത്രിയും നടത്തിയത്. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ LDF കൺവീനർ മാറ്റി പറഞ്ഞു. വികസനം ചർച്ച ചെയ്യാമെന്ന UDF ന്റെ വെല്ലുവിളി ഏറ്റെടുക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയാറായിട്ടില്ല.