157
0

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നു സ്വേച്ഛാധിപാധികളായി മാറി ഒരു പ്രദേശത്തെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളെയാകെ തങ്ങളുടെയും, ബന്ധുക്കളുടെയും, പിണിയാളുകളുടെയും കൈപ്പിടിയിലൊതുക്കുന്നവർക്കുള്ള ഏറ്റവും നല്ല പാഠമാണ് ശ്രീ ലങ്ക.

ആയിരക്കണക്കിന് തമിഴരെ കൊന്നിട്ടാണെങ്കിലും LTTE യുടെ “ശല്യം” അവസാനിപ്പിച്ചപ്പോൾ കിരീടം വയ്ക്കാത്ത ചക്രവർത്തിമാരായി സിംഹള ഭൂരിപക്ഷ സമൂഹം വാഴിച്ചവരാണ് രാജപക്സമാർ. 2009-ൽ ഇവരുടെ മനുഷ്യാവകാശ ലംഘനങ്ങളെയും, അധികാരപ്രമത്തതെയും, ഇവർ രാജ്യത്തിനു വരുത്താവുന്ന അപകടങ്ങളെയും വിമർശിച്ചവരെയും, അന്താരാഷ്ട്ര സമൂഹത്തെയും ഒക്കെ പരിഹാസവും, ഭീഷണികളും, അക്രമവും കൊണ്ട് നേരിട്ട ഇതേ സിംഹള ഭൂരിപക്ഷ സമൂഹമാണ് ഇപ്പോൾ ഇവരെ പട്ടികളെപ്പോലെ ഓടിക്കുന്നത്. ഒരു എംപി മർദന മരണത്തിൽ നിന്നും രക്ഷപ്പെടാൻ സ്വയം വെടിവച്ചു മരിച്ചു.

ഇക്കാണുന്നത് വെറും തുടക്കം മാത്രമാവാനാണ് വഴി കാരണം അധികാരപ്രമത്തതയിൽ ഭരണത്തിന്റെയും, “വികസനത്തിന്റെയും” പേരിൽ രാജപക്സമാർ കാട്ടിക്കൂട്ടിയതിന്റെ വിപത്തുകൾ വർഷങ്ങൾ കഴിഞ്ഞാലും ഒഴിഞ്ഞു പോവില്ല. ഇവരെ വാഴിച്ച അതെ ജനങ്ങൾ ഇവരുടെ അവസാനം കാണാതെ തെരുവുകൾ വിട്ടു പോകില്ല. ശ്രീലങ്കൻ സർക്കാരും അതിന്റെ ഗുണഭോക്താക്കളും എല്ലാം ഇവരുടെ പിൻവാതിൽ നിയമനങ്ങളാണ്. കഴിവുള്ളവർ മറ്റു രാജ്യങ്ങളിൽ കുടിയേറി, വേറെ മാർഗമില്ലാതെ രാജ്യത്തിൽ പെട്ടുപോയവർക്ക് ഇവരാണ് ഇന്ന് ശത്രുക്കൾ.

പാർട്ടി കാഡറുകൾ മിലീഷ്യകളാണ് എന്ന് ഞാൻ ഇപ്പോഴും എഴുതാറുണ്ട്. ജനാധിപത്യത്തിൽ കാഡറുകൾക്ക് എന്ത് കാര്യം? കാഡറുകൾ വോളന്റിയർസ് അല്ല, ജനങ്ങളുടെ ചെലവിൽ കൂത്താടുന്ന കായിക സംഘടനകളാണ്. ബ്ലാക്ക് ഷർട്ടുകളെയും, ബ്രൗൺ ഷർട്ടുകളെയും പോലെ തന്നെയാണ് അവർ. ഇന്നലെ മഹീന്ദയുടെ അനുകൂലികളായ പാർട്ടി കാഡറുകൾ സമരക്കാരെ ആക്രമിച്ചപ്പോഴാണ് സമാധാനപരമായി നടന്നിരുന്ന പ്രതിഷേധങ്ങളിൽ ആദ്യമായി വയലൻസ് കടന്നു വന്നത്. ആ കാഡറുകളും മിലീഷ്യകളാണ്. നമ്മുടെ നാട്ടിലും ഈ കാഡറുകൾ പലയിടങ്ങളിലും നമ്മുടെ ജീവിതത്തെ തന്നെ വീട്ടിൽ കയറി നിയന്ത്രിക്കാൻ തുടങ്ങിയിരിക്കുന്നു.