ബാലമിത്ര’ കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് പുതിയ ചുവടുവയ്പ്പ്

114
0

അങ്കണവാടി കുട്ടികള്‍ക്കായുള്ള കുഷ്ഠരോഗ നിര്‍ണയ പരിപാടി

തിരുവനന്തപുരം: കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ‘ബാലമിത്ര’ എന്ന പേരില്‍ അങ്കണവാടി കുട്ടികള്‍ക്കായുള്ള കുഷ്ഠരോഗ നിര്‍ണയ പരിപാടി ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഷ്ഠരോഗ നിര്‍മാര്‍ജന പരിപാടിയിലൂടെ കഴിഞ്ഞ വര്‍ഷം 311 മുതിര്‍ന്നവരേയാണ് പുതുതായി കണ്ടെത്തി ചികിത്സിച്ചത്. കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ 49, 60, 52, 9, 17 എന്നിങ്ങനെയായിരുന്നു. ഇത് ശരാശരി 7.2, 9.4, 8.5, 7.7, 2.8 ആണ്. സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന് കുട്ടികളിലെ കുഷ്ഠരോഗ ബാധിതരുടെ എണ്ണം ദശലക്ഷത്തിന് 1.2ല്‍ നിന്ന് 0.6ന് താഴെയായി കുറച്ചുകൊണ്ടു വരേണ്ടതുണ്ട്. കൂടാതെ കുഷ്ഠരോഗം മൂലം കുട്ടികളില്‍ അംഗവൈകല്യം ഉണ്ടാകുന്നവരുടെ എണ്ണം പൂജ്യം ആയി നിലനിര്‍ത്തേണ്ടതുമുണ്ട്. ഈയൊരു ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയാണ് ബാലമിത്ര ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് കണ്ടുപിടിച്ച കുഷ്ഠരോഗ ബാധിതരില്‍ കുട്ടികളുടെ എണ്ണം കുറവായിരുന്നു. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലെ കണ്ടുപിടിക്കേണ്ടതുണ്ട്. ഇതിലൂടെ അംഗവൈകല്യം ഒഴിവാക്കാനാകും. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലെ കണ്ടുപിടിച്ച് വിവിധ ഔഷധ ചികില്‍സ ലഭ്യമാക്കുക, കുഷ്ഠരോഗം മൂലം വൈകല്യം സംഭവിച്ച കുട്ടികള്‍ ഇല്ലാത്ത അവസ്ഥ നിലനിര്‍ത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.

പരിപാടിയുടെ ഭാഗമായി ജില്ലാ ലെപ്രസി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് കുഷ്ഠരോഗത്തെ കുറിച്ച് പരിശീലനവും ബോധവത്ക്കരണവും നല്‍കും. രോഗ ലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി പരിശോധിച്ച് തുടര്‍ന്നുള്ള രോഗനിര്‍ണയവും ചികില്‍സയും ഉറപ്പുവരുത്തുന്നു. ഇതോടൊപ്പം അവരുടെ കുടുംബാംഗങ്ങളെ രോഗപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വനിത ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഇന്‍ഫോര്‍മേഷന്‍ & പബ്ലിക് റിലേഷന്‍ വകുപ്പ്, ഐറ്റി അറ്റ് സ്‌കൂള്‍ തുടങ്ങിയവയുമായുള്ള ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ ക്യാമ്പയിന്‍ നടത്തുന്നത്.

ബാലമിത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 29 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പത്തനംതിട്ട നാരങ്ങാനം 22-ാം നമ്പര്‍ അങ്കണവാടിയില്‍ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.