കൊച്ചി: പ്രശസ്‌ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് അന്ത്യം.
71 വയസായിരുന്നു. ശ്വാസതടസവും മറ്റു അനുബന്ധ രോഗങ്ങളുമായി കഴിഞ്ഞ രണ്ടു മാസത്തോളമായി ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു അദ്ദേഹം.
1980 മുതല്‍ മാലയാള സിനിമാ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്ത പല ചിത്രങ്ങളും ജോണ്‍ പോളിന്റെ തിരക്കഥയില്‍ പിറന്നതായിരുന്നു. മലയാളത്തിലെ പ്രഗല്‍ഭരായ നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ഒരു ചെറുപുഞ്ചിരി’ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു. കമലിന്റെ ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവും ഒടുവില്‍ തിരക്കഥ ഒരുക്കിയത്. ഒരു കടങ്കഥ പോലെ, പാളങ്ങള്‍, യാത്ര, രചന, വിടപറയും മുമ്ബേ, ആലോലം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചാമരം, അതിരാത്രം, വെള്ളത്തൂവല്‍, സ്വപ്നങ്ങളിലെ ഹേഷല്‍ മേരി, കാതോട് കാതോരം, സന്ധ്യമയങ്ങും നേരം, അവിടെത്തെ പോലെ ഇവിടെയും, ഉത്സവപ്പിറ്റേന്ന് ആരോരുമറിയാതെ തുടങ്ങിയ ചിത്രങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്നതാണ്.
1950 ഒക്ടോബര്‍ 29ന് സ്‌കൂള്‍ അധ്യാപകനായ പി.വി. പൗലോസിന്‍െറയും റബേക്കയുടെയും മകനായി എറണാകുളത്തായിരുന്നു ജോണ്‍ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്ബ് ബാങ്ക് ഉദ്യോഗസ്ഥനായും പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടേ സ്ഥാപക സെക്രട്ടറിയാണ്. ഐഷ എലിസബത്താണ് ഭാര്യ. മകള്‍ ജിഷ ജിബി.