കൈനിറയെ അവാർഡുകളുമായി ഡോ ഗോമതി ആരതി; അഭിനന്ദനങ്ങൾ ചൊരിഞ്ഞ് അധ്യാപകരും സഹപാഠികളും

139
0

തിരുവനന്തപുരം: ഏഴു ഗോൾഡ് മെഡലുകൾ ഉൾപ്പെടെ 13 അവാർഡുകൾ ഏറ്റുവാങ്ങി ഡോ ഗോമതി ആരതി വേദി വിടുമ്പോൾ സദസിൽ കരംഘാഷം അതിന്റെ പാരമ്യതയിലെത്തിയിരുന്നു. കഠിനപ്രയത്നം സമ്മാനിച്ച മധുരതരമായ നിമിഷം ആ കൊച്ചുമിടുക്കിയുടെ ആത്മാഭിമാനം വാനോളമുയർന്ന സന്ദർഭം കൂടിയായിരുന്നു അത്. പഠിപ്പിച്ച അധ്യാപകരും രക്ഷിതാക്കളും സഹപാഠികളുമെല്ലാം അക്ഷരാർത്ഥത്തിൽ ഡോ ആരതിയെ അഭിനന്ദനങ്ങൾ കൊണ്ടു വീർപ്പുമുട്ടിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് 2020, 2021 വർഷത്തെ പി ടി എ എൻഡോവ്മെന്റ് അവാർഡ് ദാനച്ചടങ്ങിലാണ് 2020 അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിൽ ഡോ ആരതി 13 അവാർഡുകൾ കരസ്ഥമാക്കിയത്. 44 എൻഡോവ്മെന്റ് അവാർഡുകളാണ് 2020-ൽ ആകെ സമ്മാനിച്ചത്. 2021 വർഷം അണ്ടർ ഗ്രാജുവേറ്റ് വിഭാഗത്തിൽ 26 അവാർഡുകളും പോസ്റ്റ് ഗ്രാജുവേറ്റ് വിഭാഗത്തിൽ ആറു അവാർഡുകളും നൽകി. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുടെ പഠന മികവിന് പി ടി എ വർഷങ്ങളായി എൻഡോവ്മെന്റ് അവാർഡുകൾ നൽകി വരുന്നു.
ആരോഗ്യ മന്ത്രി വിണാ ജോർജ് ഓൺലൈനായി ഉദ്ഘാടന പ്രസംഗം നടത്തുകയും അവാർഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. നിരവധി ആൾക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതിന് പര്യാപ്തമായ ഒരു മേഖലയാണ് ആരോഗ്യ രംഗമെന്നും അർപ്പിതമായ തൊഴിലിന്റെ മാനുഷിക മൂല്യങ്ങൾ പുലർത്തി മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ആശാ തോമസ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഡി ആർ അനിൽ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ബി പി രാജ്മോഹൻ, പി ടി എ പ്രസിഡന്റ് അഡ്വ പി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ജോളി ജോബ് എന്നിവർ സംസാരിച്ചു മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറാ വർഗീസ് സ്വാഗതവും പി ടി എ സെക്രട്ടറി ഡോ കവിതാ രവി നന്ദിയും പറഞ്ഞു.