തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സമം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ആരംഭിച്ച വനിതാപുസ്തകോല്‍സവം ഇന്ന് (മാര്‍ച്ച് 10 വ്യാഴാഴ്ച) സമാപിക്കും. തിരുവനന്തപുരം ടാഗോര്‍ തിയേറ്റര്‍, തിരുവനന്തപുരം നാളന്ദ, തിരുവനന്തപുരം സ്റ്റാച്യു പുസ്തകശാല, എറണാകുളം മറൈന്‍ഡ്രൈവിലെ റവന്യൂ ടവര്‍, കോട്ടയം വൈ.എം.സി.എ റോഡ്, തൃശൂര്‍ പാലസ് റോഡ് സാഹിത്യ അക്കാദമിക്ക് എതിര്‍വശം, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള പ്ലാസ ജംഗ്ഷന്‍ എന്നീ പുസ്തകശാലകളിലാണ് മേള നടക്കുന്നത്. വനിതകള്‍ എഴുതിയതും വനിതകളെക്കുറിച്ചുമുള്ള പുസ്തകപ്രദര്‍ശനത്തില്‍ പുസ്‌തകങ്ങള്‍ 40 ശതമാനം വിലക്കിഴിവില്‍ സ്വന്തമാക്കാം. മറ്റു പുസ്തകങ്ങളുടെ വില്‍പനയും മേളയിലുണ്ടാവും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കം മുതല്‍ പ്രസിദ്ധീകരിച്ച എഴുത്തുകാരികളുടെ പുസ്തകങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണുന്നതിനുള്ള പ്രത്യേക അവസരവും ടാഗോര്‍ തിയേറ്ററിലുണ്ട്.
സംസ്ഥാനതല ഉല്‍ഘാടനം ചൊവ്വാഴ്ച ടാഗോര്‍ തിയേറ്ററില്‍ മന്ത്രി സജിചെറിയാന്‍ നിര്‍വഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് പുസ്‌തകം നല്‍കി ആദ്യവില്‍പ്പന നടത്തി. മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, ശ്രീനാരായണഗുരു അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. ബി. സുഗീത, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടര്‍മാരായ ഡോ. ഷിബു ശ്രീധര്‍, ഡോ. പ്രിയ വര്‍ഗീസ്, വിജ്ഞാനകൈരളി എഡിറ്റര്‍ ജി.ബി. ഹരീന്ദ്രനാഥ് എന്നിവര്‍ സന്നിഹിതരായി. എറണാകുളത്ത് എഴുത്തുകാരി ഡോ.എം. ലീലാവതി പുസ്തകമേള ഉല്‍ഘാടനം ചെയ്തു.
തിരുവനന്തപുരം നാളന്ദയിലെ പുസ്തകശാലയില്‍ നവകേരളം മിഷന്‍ കോഓര്‍ഡിനേറ്ററും മുന്‍. എം.പിയുമായ ഡോ. ടി. എന്‍. സീമ ഉല്‍ഘാടനം ചെയ്തു. തിരുവനന്തപുരം സ്റ്റാച്യു പുസ്തകശാലയില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്തജെറോം ഉല്‍ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല ഡോ. ചിന്തജെറോമിന് പുസ്‌തകം നല്‍കി. കണ്ണൂര്‍ പുസ്തകശാലയില്‍ കണ്ണൂര്‍ സര്‍വകലാശാല സിണ്ടിക്കേറ്റംഗം എന്‍.സുകന്യ ഉല്‍ഘാടനം ചെയ്തു. ഷോപ്പ് മാനേജര്‍ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഡി. ശശികുമാറിന് പുസ്‌തകം നല്‍കി ഉല്‍ഘാടനം ചെയ്തു. തൃശൂര്‍ പുസ്തകശാലയില്‍ എഴുത്തുകാരിയും പ്രസാധകരംഗത്തെ പെണ്‍കൂട്ടായ്മയായ സമതയുടെ ചെയര്‍പേഴ്സണുമായ അജിത ടി.ജി കേരള വര്‍മകോളെജിലെ ഗവേഷകവിദ്യാര്‍ഥി വിദ്യ എം. വിക്ക് പുസ്‌തകം നല്‍കി ഉല്‍ഘാടനം ചെയ്തു. ഷോപ്പ് മാനേജര്‍ രാഹുല്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് പുസ്തകശാലയില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡോ. എസ്. ജയശ്രീ ഉല്‍ഘാടനം ചെയ്തു. കോഴിക്കോട് പ്രാദേശിക കേന്ദ്രം അസി. ഡയറക്ടര്‍ എന്‍. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.