സമൂഹത്തില്‍ അടിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധമായ എല്ലാ ഘടകങ്ങളും ഇല്ലാതാക്കണം
തിരുവനന്തപുരം: സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ കമ്പോള ചരക്കുകളായി തരംതാഴ്ത്തി കാണുന്ന സംസ്‌കാര രഹിത സമീപനങ്ങളെ ഇല്ലാതാക്കുക എന്നത് ലിംഗ സമത്വം ഉറപ്പുവരുത്താന്‍ അത്യന്താപേക്ഷിതമാണ്. കേരളത്തില്‍ സ്ത്രീകളെ കമ്പോളീകരിക്കുന്ന ഏറ്റവും ദുഷിച്ച ഏര്‍പ്പാടാണ് സ്ത്രീധനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വനിത ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീധനത്തിനെതിരെയുള്ള പരാതികളിന്മേല്‍ ശക്തമായ നടപടി ഉറപ്പുവരുത്തും. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് പുതിയ പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്. വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ ഒക്കെ പരാതി സമര്‍പ്പിക്കാവുന്നതാണ്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്കും സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് പുരുഷന്മാര്‍ക്കും കൃത്യമായ ബോധം ഉണ്ടാവണം. അതിനുതകുന്ന വിവാഹപൂര്‍വ കൗണ്‍സിലിങ് പദ്ധതി ആരംഭിക്കുന്നത്.
കുട്ടികള്‍ക്ക് ചെറുപ്രായം മുതല്‍ തന്നെ സമത്വം മനസിലാക്കികൊടുക്കാനാകും. അങ്കണവാടികളില്‍ ഉപയോഗിച്ചു വരുന്ന പഠന സാമഗ്രികള്‍ ജെന്‍ഡര്‍ ഓഡിറ്റിനു വിധേയമാക്കി പരിഷ്‌ക്കരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌ക്കരിച്ച ‘അങ്കണപ്പൂമഴ’ എന്ന വര്‍ക്ക് ബുക്ക് തയ്യാറാക്കിയത്. അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യപോഷണ നിലവാരം ഉയര്‍ത്താനായി ‘പെണ്‍ട്രികകൂട്ട’ പദ്ധതി നടപ്പാക്കുകയാണ്. അതിക്രമങ്ങളെ ചെറുത്തു നില്‍ക്കാന്‍ മാനസികവും ശരീരികവുമായി പെണ്‍കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ധീര’ പദ്ധതി കൂടി ആവിഷ്‌ക്കരിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇത്തവണത്തെ വനിതാദിന ചിന്താവിഷയം രൂപപ്പെടുത്തിയിട്ടുള്ളത്. ലോകത്താകെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിലും മറ്റും ഏറ്റവും അധികം കഷ്ടത അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. അവരുടെ ജീവനും ജീവനോപാധികള്‍ക്കും വലിയ വെല്ലുവിളി ഉയരുന്നു. അതുകൊണ്ടു തന്നെ അതിനെ അതിജീവിക്കാനായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ നേതൃത്വപരമായ പങ്കാളിത്തം ഉറപ്പാക്കണം.
നമ്മുടെ സമൂഹത്തില്‍ അടിഞ്ഞു കിടക്കുന്ന സ്ത്രീവിരുദ്ധമായ എല്ലാ ഘടകങ്ങളെയും ഇല്ലാതാക്കിക്കൊണ്ടു വേണം നമുക്കു മുന്നേറാന്‍. വിദ്യാഭ്യാസരംഗത്താകട്ടെ തൊഴില്‍ രംഗത്താകട്ടെ മാതാചാരങ്ങളിലാകട്ടെ ഭരണ നിര്‍വഹണത്തിലാകട്ടെ അങ്ങനെ എല്ലാ രംഗങ്ങളിലും ഇടപെടലുകള്‍ ആവശ്യമാണ്.
മികച്ച ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച സ്ത്രീകള്‍ തൊഴില്‍ മേഖലയിലേക്കു കടന്നുവരാതിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന പരിശോധന ഉണ്ടാകണം. സ്ത്രീ തൊഴിലാളികള്‍ക്കു കുറഞ്ഞ കൂലിയും കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളും മാത്രം മതിയാകും എന്ന ചിന്ത അംഗീകരിക്കാവുന്നതല്ല. അത്തരം വിവേചനങ്ങള്‍ എവിടെയെങ്കിലും കണ്ടാല്‍ സര്‍ക്കാര്‍ ഇടപെടുക തന്നെ ചെയ്യും. സ്ത്രീ ശാക്തീകരണത്തിനായി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതോടൊപ്പം തന്നെ അതിനുതകുന്ന സാമൂഹികാവബോധം കൂടി വളര്‍ത്തിയെടുക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ അവാര്‍ഡ് ജേതാക്കളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.