നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യമില്ല, ജീവിതം സിപിഐഎമ്മിന്റെ ഭിക്ഷ’, കെ സുധാകരനെതിരെ സിപിഐഎം ജില്ലാസെക്രട്ടറിയുടെ ഭീഷണി

126
0

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് സി വി വർഗീസ്. നികൃഷ്ട ജീവിയെ കൊല്ലാൻ താത്‌പര്യമില്ലെന്നും സി വി വർഗീസ് ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു സി.വി.വര്‍ഗീസിന്റെ പ്രകോപന പ്രസംഗം.

സിപിഎം എന്ന പാര്‍ട്ടിയുടെ കഴിവുകളെ സംബന്ധിച്ച് സുധാകരന്‍ എന്ന നേതാവിന് ധാരണയുണ്ടാകണം. കെ.സുധാകരന്റെ ജീവന്‍ സിപിഎമ്മിന്റെ ഭിക്ഷയാണ്. അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. സുധാകരന്‍ എന്ന ഭിക്ഷാംദേഹിക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൊടുത്ത ഭിക്ഷയാണ് സുധാകരന്റെ ജീവന്‍ എന്നതില്‍ ഒരു തര്‍ക്കം വേണ്ടെന്നുമായിരുന്നു സി.വി.വര്‍ഗീസ് പറഞ്ഞത്.

ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥി ധീരജ് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖിൽ പൈലിയെ ന്യായീകരിച്ച് സുധാകരൻ പല തവണ രംഗത്തെത്തിയിരുന്നു. നിഖിൽ പൈലി കുത്തുന്നത് ഒരാളും കണ്ടിട്ടില്ല. ജയിലിൽ കിടക്കുന്നത് നിരപരാധികളാണ്. സാക്ഷിയില്ലാത്ത കേസ് നിലനിൽക്കുമോ തുടങ്ങിയ പരാമർശങ്ങളാണ് സുധാകരൻ നടത്തിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഐഎം ഇടുക്കി ചെറുതോണിയിൽ പ്രതിഷേധ സംഗമം നടത്തിയതും അതേ യോഗത്തിൽ വെച്ച് സുധാകരന് ഭീഷണിപ്പെടുത്തുന്ന പരാമർശം നടത്തിയതും. നേരത്തെ എം എം മണി വൺ ടു ത്രി കൊലപാതക പരാമർശം നടത്തിയതും ഇടുക്കിയിൽ വച്ചായിരുന്നു