ജഗദീഷ് ബാബു, മുതിർന്ന മാധ്യമ പ്രവർത്തകൻ
ഇന്ത്യയിലെ ഏറ്റവും വലിയ കുത്തക പത്രമായ ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് 33 ജേര്‍ണലിസ്റ്റുകളെ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടു. ആദ്യ ഘട്ടത്തില്‍ 13 പേരെയും കഴിഞ്ഞ ദിവസം 20 പേരെയുമാണ് നോട്ടീസ് പോലും നല്‍കാതെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.
കോവിഡ് മൂലം കേരളത്തിലെ യൂണിറ്റുകള്‍ നഷ്ടത്തിലാണെന്ന ന്യായം പറഞ്ഞുകൊണ്ടാണ് ജേര്‍ണലിസ്റ്റുകളെ നിയമവിരുദ്ധമായി പിരിച്ചുവിട്ടത്. കേരളത്തില്‍ നിലവിലുള്ള തൊഴില്‍ നിയമം അനുസരിച്ച് രണ്ടുമാസം മുന്‍പ് നോട്ടീസ് നല്‍കേണ്ടതാണ്. അത്തരത്തിലുള്ള ഒരു നിയമവും പാലിക്കാതെ ഒറ്റമണിക്കൂറിനുള്ളിലാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ആദ്യത്തെ 13 പേരെ പിരിച്ചുവിട്ടത്. അവരോട് രാജി വെച്ചു പോകാനാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. അത് കൂട്ടാക്കാതിരുന്ന ഒരു സീനിയര്‍ ജേര്‍ണലിസ്റ്റിനെ ഒറ്റ മണിക്കൂര്‍ കൊണ്ട് ഓഫീസില്‍ പ്രവേശിക്കുന്നത് തടയുകയും ടെലിഫോണും പാസ്‌വേര്‍ഡും അടക്കം വിച്ഛേദിച്ചുകൊണ്ട് പുറത്താക്കുകയും ചെയ്തു. ഇതിനെതിരെ ആ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ലേബര്‍ കമ്മീഷണര്‍ക്കും തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനും പരാതി നല്‍കിയിരിക്കുകയാണ്.
ജോലി ചെയ്യാനുള്ള അവകാശം മാനേജ്‌മെന്റ് ഏകപക്ഷീയമായി നിഷേധിച്ചു എന്ന പരാതിയില്‍ കൊല്ലം ലേബര്‍ കോടതി കേസെടുത്ത് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. 13 പേരെ പിരിച്ചുവിട്ട സംഭവം ലേബര്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതിനു പിന്നാലെയാണ് 20 പേരെ കൂടി കഴിഞ്ഞ ദിവസം വീണ്ടും പിരിച്ചുവിട്ടത്. പല മാധ്യമസ്ഥാപനങ്ങളില്‍ വര്‍ഷങ്ങള്‍ ജോലി ചെയ്ത പത്രപ്രവര്‍ത്തകരെ വലിയ ശമ്പളം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ ജോലിക്കെടുത്തത്. ഇപ്പോഴാകട്ടെ, സ്ഥാപനം നഷ്ടത്തിലായതുകൊണ്ട് നിങ്ങള്‍ സ്വയം പിരിഞ്ഞുപോകണം എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. അത് കൂട്ടാക്കാതിരുന്ന പത്രപ്രവര്‍ത്തകരെയാണ് മണിക്കൂറുകള്‍ കൊണ്ട് വീഡിയോ കോളിലൂടെ പിരിച്ചുവിട്ടതായി അറിയിച്ചത്.
കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ഒരു പത്രസ്ഥാപനത്തിലെ 33 ജേര്‍ണലിസ്റ്റുകളെ കൂട്ടത്തോടെ പിരിച്ചുവിട്ടത് സ്ഥാപനത്തെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളില്‍ അവശേഷിക്കുന്നത് രണ്ടും മൂന്നും ജേര്‍ണലിസ്റ്റുകള്‍ മാത്രമാണ്.
പിണറായി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ എല്ലാ പത്രങ്ങള്‍ക്കും വാരിക്കോരി പരസ്യം നല്‍കിയിരുന്നു. കോടിക്കണക്കിനു വരുന്ന ഈ പരസ്യ തുക ഈടാക്കാന്‍ വേണ്ടി മാത്രമാണ് യൂണിറ്റുകള്‍ പേരിന് നിലനിര്‍ത്തുന്നത്. എഡിഷനുകള്‍ ഇറങ്ങുന്നുണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ എല്ലാ പാര്‍ട്ടികളുടെയും പരസ്യങ്ങളും മറ്റ് വരുമാനവും ഈ കാലയളവില്‍ പത്രത്തിന് ലഭിക്കും. ഇതുമാത്രം ലക്ഷ്യമാക്കിക്കൊണ്ടാണ് യൂണിറ്റുകള്‍ നിലനിര്‍ത്തിയിരിക്കുന്നത്.
എല്ലാ നിയമവും കാറ്റില്‍ പറത്തിക്കൊണ്ട് പത്രപ്രവര്‍ത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തില്‍ ഏറ്റവും വലിയ പത്രപ്രവര്‍ത്തക സംഘടനയായ കെയുഡബ്ല്യുജെ പ്രതികരിച്ചിട്ടില്ല. പിരിച്ചുവിടപ്പെട്ടവരില്‍ ഏതാണ്ട് എല്ലാവരും കെയുഡബ്ല്യുജെ അംഗങ്ങളാണ്. പരാതി നല്‍കിയിട്ടും മാനേജ്‌മെന്റുമായി സംസാരിക്കാനോ, നിയമലംഘനം നടത്തിയ പത്രസ്ഥാപനത്തിനെതിരെ സര്‍ക്കാരിന് പരാതി നല്‍കാനോ കെയുഡബ്ല്യുജെയും കെജെയുവും അടക്കം ഒരു സംഘടനയും രംഗത്തുവന്നിട്ടില്ല. മനുഷ്യാവകാശത്തെക്കുറിച്ചും നിയമലംഘനങ്ങളെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന പത്രപ്രവര്‍ത്തക യൂണിയനുകള്‍ കാണിക്കുന്ന ഈ അലംഭാവം ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല.
കോവിഡിന്റെ മറവില്‍ രാജ്യത്തെ ചെറുകിട പത്രങ്ങളും ഇടത്തരം പത്രങ്ങളും അടച്ചുപൂട്ടിക്കഴിഞ്ഞു. കുത്തക പത്രങ്ങളില്‍ നിന്ന് നൂറുകണക്കിന് ജേര്‍ണലിസ്റ്റുകളെയും നോണ്‍ ജേര്‍ണലിസ്റ്റുകളെയുമാണ് ഈ കാലയളവില്‍ പിരിച്ചുവിട്ടത്. തൊഴില്‍ നഷ്ടപ്പെട്ട അതിഥി തൊഴിലാളികളുടെ പേരില്‍ പ്രതിഷേധിച്ച പാര്‍ട്ടികള്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരിക്കുന്ന ഈ ദുരന്തം കണ്ടില്ലെന്ന് നടിക്കുകയാണ്.
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററായിരിക്കെ പത്ര ഉടമയായ ബിര്‍ളക്കെതിരെ കേസ് പറഞ്ഞ് വിജയിച്ച പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സി.പി രാമചന്ദ്രന്റെ ജന്മനാട്ടിലാണ് ഈ നീതിനിഷേധം നടന്നിരിക്കുന്നത്. സ്വന്തം മുതലാളിക്കെതിരെ കേസ് പറയാനും കേസ് ജയിച്ചുകഴിഞ്ഞപ്പോള്‍ എഡിറ്ററുടെ ജോലി തന്നെ വലിച്ചെറിയാനും ധീരത കാണിച്ച സി.പി രാമചന്ദ്രന്‍ അടക്കമുള്ള മുന്‍കാല യൂണിയന്‍ നേതാക്കള്‍ക്ക് അപമാനമാണ് ഇപ്പോഴത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍.
ഹിന്ദുസ്ഥാന്‍ ടൈംസിലെ കൂട്ട പിരിച്ചുവിടലില്‍ പ്രതിഷേധിക്കാത്തതെന്ത് എന്ന് ചോദിച്ചപ്പോള്‍ ഒരു പത്ര പ്രവര്‍ത്തക യൂണിയന്‍ ദേശീയ നേതാവ് പ്രതികരിച്ചത് ഇങ്ങനെയാണ്. പത്രങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണ്. പത്ര മുതലാളിമാര്‍ എന്തുചെയ്യുമെന്നാണ് ആ നേതാവ് ചോദിച്ചത്. പിരിച്ചുവിടപ്പെട്ട പത്രപ്രവര്‍ത്തകരുടെ അവസ്ഥയെക്കുറിച്ചോ, അവരുടെ കുടുംബങ്ങളെക്കുറിച്ചോ ഒരു ആശങ്കയും നേതാവ് പങ്കുവെച്ചില്ല. അതേസമയം രാജ്യത്തെ പിരിച്ചുവിടപ്പെട്ട പത്രപ്രവര്‍ത്തകരുടെയും അടച്ചുപൂട്ടിയ പത്രസ്ഥാപനങ്ങളുടെയും കണക്ക് പറയാനാണ് അദ്ദേഹം ശ്രമിച്ചത്. കോവിഡ് കാലത്ത് മാനേജ്‌മെന്റുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് യൂണിയന്‍ നേതാവിന്റെ വിശദീകരണം.
നഷ്ടത്തിന്റെ പേരു പറഞ്ഞ് 33 പത്രപ്രവര്‍ത്തകരെ പിരിച്ചുവിട്ട ടൈംസ് ഓഫ് ഇന്ത്യക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച ലാഭം 550 കോടി രൂപയാണ്. ഈ വര്‍ഷം അത് 450 കോടിയുടെ നഷ്ടത്തിലേക്ക് എത്തിയെന്നാണ് നേതാവ് വിശദീകരിച്ചത്. അപ്പോഴും കഴിഞ്ഞ വര്‍ഷം ലഭിച്ച 100 കോടിയുടെ ലാഭം ബാക്കിയുണ്ടല്ലോ എന്ന കാര്യം അദ്ദേഹം മറക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ പത്രങ്ങള്‍ക്ക് 4000 കോടിയോളം നല്‍കാനുണ്ടെന്നാണ് കണക്ക്. ഈ തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കാത്തതും പ്രതിസന്ധിക്ക് കാരണമാണത്രെ. തങ്ങളുടെ വരുതിക്ക് വരാത്ത മാധ്യമ സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ അപ്രഖ്യാപിത നയം.
കോവിഡ് പ്രതിസന്ധിയില്‍ ന്യൂസ് പ്രിന്റിന്റെ വില ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തു. ഡല്‍ഹിയിലും മുംബൈയിലും അടക്കം വന്‍ നഗരങ്ങളില്‍ പോലും അച്ചടി മാധ്യമങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വായനക്കാര്‍ പിന്‍വലിയുകയും ചെയ്തു. പത്രങ്ങളിലൂടെ കോവിഡ് പടരുമെന്ന ഭയമാണ് ഇതിനു കാരണം. ഈ ഭയപ്പാട് മാറ്റാന്‍ ആദ്യ ഘട്ടത്തില്‍ പത്ര മുതലാളിമാരുടെ സംഘടന പരസ്യങ്ങളിലൂടെ ശ്രമങ്ങള്‍ നടത്തിയിരുന്നു. പിന്നീട് അവരും ആ ശ്രമം ഉപേക്ഷിച്ചു.
തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ദൃശ്യ മാധ്യമങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കാറുണ്ട്. സര്‍ക്കാരിന് സ്തുതി പാടുന്ന ന്യൂസ് ഏജന്‍സികളും ചില ചാനലുകളും മാത്രം മതിയെന്ന നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കോവിഡ് കാലത്ത് എല്ലാ വിഭാഗം ജനങ്ങളെയും തൊഴിലാളികളെയും ജീവനക്കാരെയും സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. എന്നാല്‍ മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ ജീവനക്കാരെയും പൂര്‍ണ്ണമായി അവഗണിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. തമിഴ്‌നാട് ഉള്‍പ്പെടെ ചില സംസ്ഥാന സര്‍ക്കാരുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചെറിയ തോതിലെങ്കിലും ആനുകൂല്യങ്ങള്‍ അനുവദിച്ചിരുന്നു.
രാജ്യത്തിന് മാതൃകയെന്ന് നാഴികയ്ക്ക് നാല്‍പതു വട്ടം ആവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ പത്ര മുതലാളിമാര്‍ക്ക് വാരിക്കോരി പരസ്യം നല്‍കുക മാത്രമാണ് ചെയ്തത്. പത്രപ്രവര്‍ത്തകര്‍ക്കും ഇതര ജീവനക്കാര്‍ക്കും വേണ്ടി കോവിഡ് കാലത്ത് ഒരു പദ്ധതിയും പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യയില്‍ നടന്ന കൂട്ട പിരിച്ചുവിടലിനെതിരെ സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ കുറ്റകരമായ മൗനം പാലിക്കുകയാണ്.
പത്രസ്ഥാപനത്തിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ പത്ര മുതലാളിമാര്‍ തിരഞ്ഞെടുപ്പ് വേളയില്‍ ശത്രുക്കളാകുമെന്നാണ് ഇവരുടെ പേടി. എന്നാല്‍ സ്വന്തം വര്‍ഗ്ഗത്തെ പത്ര മുതലാളിമാര്‍ കണ്ണില്‍ ചോരയില്ലാതെ പിരിച്ചുവിടുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുന്ന യൂണിയനുകളെക്കുറിച്ച് എന്തുപറയാനാണ്? പത്ര മുതലാളിമാരെ ഭയപ്പെടുന്ന പാര്‍ട്ടികളെ നമുക്ക് മനസിലാക്കാം. എന്നാല്‍ പത്രപ്രവര്‍ത്തകരുടെ പേരില്‍ ഊറ്റം കൊള്ളുകയും സംഘടനയുടെ മറവില്‍ നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന യൂണിയനുകള്‍ അവരുടെ കടമ വിസ്മരിക്കുകയാണ്.
സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായാല്‍ അത് ചോദ്യം ചെയ്യാന്‍ തൊഴിലാളി സംഘടനകള്‍ രംഗത്തിറങ്ങും. ട്രേഡ് യൂണിയന്റെ ശക്തിയാണത്. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സര്‍വ്വീസ് സംഘടനകളും ഇത്തരം കാര്യങ്ങളില്‍ പ്രതികരണശേഷിയുള്ളവരാണ്.
ആകാശത്തിനു ചുവട്ടിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ ചവുട്ടിമെതിക്കപ്പെട്ടാല്‍ ചോദിക്കാന്‍ ആരുമില്ല. സമസ്ത ജനവിഭാഗങ്ങള്‍ക്കും വേണ്ടി, അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി രാപകല്‍ അധ്വാനിക്കുന്ന പത്രാധിപന്‍മാരുടെയും പത്രപ്രവര്‍ത്തകരുടെയും യഥാര്‍ത്ഥ അവസ്ഥ ഇതാണ്. നാളെ ജോലിക്കു വരേണ്ടെന്ന് വീട്ടുജോലിക്ക് വരുന്ന സ്ത്രീയോട് പറഞ്ഞാല്‍ അത് ചോദിക്കാന്‍ അവരും അവരുടെ പിന്നില്‍ പാര്‍ട്ടികളും ഉണ്ടാവും. നാളെ മുതല്‍ ജോലിക്ക് വരേണ്ട എന്നുപറഞ്ഞ് പടിയടച്ച് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയപ്പോള്‍ ചോദ്യം ചെയ്യാന്‍ സംഘടന പോയിട്ട് ഒരു നായ പോലും ഇല്ലാത്ത അവസ്ഥ. ഓമനിച്ചു വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലഭിക്കുന്ന സംരക്ഷണം പോലും ഞെളിഞ്ഞു നടക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ലെന്നതാണ് യഥാര്‍ത്ഥ സത്യം. അലഞ്ഞുതിരിയുന്ന ജന്തുക്കളെ പോലും സംരക്ഷിക്കാന്‍ നമ്മുടെ നാട്ടില്‍ ജന്തുസ്‌നേഹികളും സംഘടനകളുമുണ്ട്. അത്തരം സംഘടനകള്‍ കാണിക്കുന്ന കാരുണ്യത്തിന്റെ, അനുതാപത്തിന്റെ ഒരംശമെങ്കിലും കോട്ടും സ്യൂട്ടും അണിഞ്ഞു നടക്കുന്ന പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ക്ക് ഇല്ലാതെ പോയതാണ് ലജ്ജാകരം.