കേൾക്കണമെങ്കിൽ ശ്രദ്ധ വേണം

136
0

പാതിവഴിയിൽ ചികിത്സ നിർത്തിവെച്ച് “വരുന്നിടത്ത് വെച്ച് കാണാം” എന്ന രീതിയിൽ പിന്നീടുണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം സഹിക്കുന്ന ചിലരുണ്ട്. ചില രോഗങ്ങൾ അങ്ങനെയാണെന്നതാണ് കാരണം. എത്ര ചികിത്സിച്ച് ഭേദമാക്കിവെച്ചാലും ഒരു സുപ്രഭാതത്തിൽ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് വീണ്ടുമുണ്ടാകുന്ന അവ വലിയ മനോവിഷമവും സാമ്പത്തികനഷ്ടവും രോഗാതുരതയും ഉണ്ടാക്കുന്ന രോഗങ്ങളാണ്.അതിൽ ശൈശവകാലം മുതൽ പലരിലും കാണുന്ന ഒരു രോഗമാണ് പൂതീകർണം അഥവാ ക്രോണിക് സപ്പുറേറ്റീവ് ഓട്ടൈറ്റിസ് മീഡിയ എന്ന ചെവി പഴുക്കുന്ന രോഗം. മധ്യകർണത്തിൽ തുടർച്ചയായി നിൽക്കുന്ന വീക്കം കാരണം കർണപുടത്തിൽ ദ്വാരമുണ്ടായി അതുവഴി മധ്യകർണത്തിൽ നിന്നും പുറത്തേക്ക് ചലം അഥവാ പഴുപ്പ് ഒലിച്ചുവരുന്ന അവസ്ഥയാണിത്.

ജലദോഷം, സൈനസൈറ്റിസ്, ടോൺസിലൈറ്റിസ്, ഫാരിഞ്ചൈറ്റിസ്, തൊണ്ടയും ചെവിയും തമ്മിൽ ബന്ധിപ്പിക്കുന്ന യൂസ്റ്റേക്കിയൻട്യൂബിലുണ്ടാകുന്ന വീക്കം തുടങ്ങിയ ശ്വസന പഥത്തിന്റെ ആദ്യഭാഗത്തുണ്ടാകുന്ന രോഗങ്ങൾ കാരണം കർണപുടത്തിൽ ദ്വാരം വീഴുവാനുള്ള സാദ്ധ്യതയുണ്ടാകുന്നു. കർണപുടത്തിനുള്ളിലുണ്ടായിരുന്ന അതുപോലുള്ള സ്വഭാവത്തോടുകൂടിയ ദ്രാവകമോ അതുവഴി പുറത്തേക്ക് ഒലിച്ചുവരും. ഒന്നര മാസത്തിലേറെ സമയം ഇത് തുടർച്ചയായി കാണുന്നുവെങ്കിൽ അക്യൂട്ട് അവസ്ഥയിലായിരുന്ന ഈ രോഗം ക്രോണിക് സപ്പുറേറ്റീവ് ഓട്ടൈറ്റിസ് മീഡിയ എന്ന അവസ്ഥയിൽ എത്തിയതായി പരിഗണിക്കാം.

പനി, തലകറക്കം,
ചെവിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.ചെവിയിൽ നിന്നുള്ള സ്രാവം പലപ്പോഴും വേദനാരഹിതമായിരിക്കും. കൂടാതെ മൂക്കടപ്പ്, മൂക്കൊലിപ്പ്, ചെവിക്കുള്ളിൽ ഊതുന്നത് പോലെയോ മുഴക്കം പോലെയോ ഉള്ള ശബ്ദം കേൾക്കുന്നതായി തോന്നുക, ഇവ തുടർന്ന് നിൽക്കുന്നത് കാരണം കേൾവി ശക്തി കുറയുകയും നഷ്ടപ്പെടുകയും ചെയ്യുക എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങൾ.

ചെവിയെ സംബന്ധിച്ചുണ്ടാകുന്ന അണുബാധ കൂടുതൽ ഗൗരവമുള്ളതാണെങ്കിൽ ചെവിയുടെ തൊട്ടു പുറകിലുള്ള മാസ്റ്റോയിഡ് എന്ന അസ്ഥിക്ക് ചുവപ്പും വീക്കവും, കർണപാളിക്ക് വീക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണ് കാണുക. ഇത് ക്രമേണ കേൾവിക്കുറവ്, മെനിഞ്ചൈറ്റിസ് എന്ന മസ്തിഷ്കജ്വരം, തലച്ചോറിനെ ആശ്രയിച്ചുണ്ടാകുന്ന ഗ്രന്ഥികൾ എന്നിവയുണ്ടാകാം.

പലവിധ വളർച്ചാവൈകല്യങ്ങൾ, ജനനസമയത്തുള്ള ഭാരക്കുറവ്, ശൈശവാവസ്ഥ, ചെറിയ പ്രായത്തിൽ തന്നെ രോഗം ആരംഭിക്കുക, ഇതേ രോഗമുള്ള കുടുംബാംഗങ്ങൾ, രോഗപ്രതിരോധശേഷിക്കുറവ്, മുഖത്തും തലയിലുമുള്ള വൈകൃതങ്ങൾ, ഞരമ്പിനേയും പേശികളേയും ബാധിക്കുന്ന രോഗങ്ങൾ തുടങ്ങിയ അവസ്ഥയുള്ളവർക്കുണ്ടാകുന്ന കർണപുടത്തിലെ സുഷിരം കൂടുതൽ ഗൗരവമുള്ളതായി കാണണം. അപ്രകാരമുള്ളവരിൽ ജലദോഷവുമുണ്ടാകുവാനുള്ള സാദ്ധ്യത കുറയ്ക്കുക, ചുമയും തൊണ്ടയെ ബാധിക്കുന്നതുമുൾപ്പെടെയുള്ള ശ്വസനപഥസംബന്ധമായ രോഗങ്ങളെ യഥാസമയം ചികിത്സയിലൂടെ നിയന്ത്രിക്കുക, പുകവലി ഒഴിവാക്കുക, കുപ്പിപ്പാൽ കൊടുക്കുന്നത് ഒഴിവാക്കി മുലപ്പാൽ കൊടുക്കുക,നിപ്പിൽ പോലെ തോന്നിക്കുന്ന വെറുതെ ഉറിഞ്ചി കുടിക്കുന്നതിനായി കുട്ടികളുടെ വായിൽ വെച്ചു കൊടുക്കുന്ന ‘ഡെമ്മി’ വസ്തുക്കൾ നൽകാതിരിക്കുക, കിടന്നുകൊണ്ട് മുലപ്പാൽ നൽകുന്നത് ഒഴിവാക്കുക എന്നിവ ശ്രദ്ധിച്ചാൽ മധ്യകർണത്തിൽ ഇൻഫെക്ഷൻ ഉണ്ടാകുവാനുള്ള സാദ്ധ്യത ഒഴിവാക്കുന്നതിനും അതിലൂടെ കർണപുടത്തിൽ സുഷിരമുണ്ടാകുന്നത് തടയുവാനും സാധിക്കും.

അക്യൂട്ട് ഓട്ടൈറ്റിസ് മീഡിയ എന്ന ചെവിയിൽ സുഷിരമുണ്ടാകുന്ന അവസ്ഥ ശരിയായി സുഖപ്പെടുത്തിയില്ലെങ്കിൽ ക്രോണിക് സപ്പുറേറ്റീവ് ഓട്ടൈറ്റിസ് മീഡിയ, കർണപാളിയിലുണ്ടാകുന്ന ഗ്രന്ഥി, മുഖത്തെ ഫേഷ്യൽനെർവിനെ ആശ്രയിച്ചുണ്ടാകുന്ന അർദ്ദിതം എന്ന ഭാഗികമായ പക്ഷാഘാതം, ആന്തരികകർണത്തിനുണ്ടാകുന്ന വീക്കവും ഫിസ്റ്റുലയും,മാസ്റ്റോയിഡ് അസ്ഥിക്ക് ഉണ്ടാകുന്ന വീക്കം, ചെവിയുടെ സമീപത്തുള്ള ടെംപറൽ അസ്ഥിക്കുണ്ടാകുന്ന വീക്കവും വിദ്രധിയും തുടങ്ങിയ കൂടുതൽ പ്രയാസമുണ്ടാക്കുന്ന രോഗങ്ങളായി മാറാവുന്നതാണ്.

കുട്ടികളിലാണ് ചെവിപഴുപ്പ് കൂടുതലായി കാണുന്നത്.ചെവി ശരിയായി വൃത്തിയാക്കി മരുന്നിറ്റിക്കുന്നതിലൂടെ രോഗം സുഖപ്പെടുത്തുവാൻ സാധിക്കാറുണ്ട്. അത്തരം ചികിത്സ പ്രയോജനപ്പെടാത്തവരിൽ ടിംപാനോപ്ലാസ്റ്റി എന്ന സർജറിയും നിർദ്ദേശിക്കാറുണ്ട്. ചെവിയിൽ നിന്നും തുടർച്ചയായും നീണ്ടു നിൽക്കുന്നതുമല്ലാത്ത വിധം പഴുപ്പ് വരുന്ന രീതിയിലുള്ള സുഷിരം കുട്ടികളെയെന്നപോലെ എല്ലാ പ്രായക്കാരേയും ബാധിക്കാവുന്നതാണ്.
ചെവിയുടെ സമീപത്തുള്ള അസ്ഥികളെ ബാധിച്ചുണ്ടാകുന്ന പഴുപ്പ് ഒട്ടുംതന്നെ സുരക്ഷിതമല്ലാത്ത അവസ്ഥയാണ്.

ചെവിയിൽ മരുന്നിറ്റിക്കുന്നതിനൊപ്പം കവിൾകൊള്ളുന്ന വിധമുള്ള മരുന്നുകളും ചെവിയിലെ വ്രണത്തെ ശുദ്ധമാക്കി ഉണക്കുന്ന തരത്തിലുള്ള പുകയേൽപ്പിക്കുന്നവിധമുള്ള മരുന്നുകളും ആയുർവേദത്തിന്റെ പ്രത്യേകതകളാണ്.ചൂർണ്ണം, കഷായം,ഗുളിക, നെയ്യ് എന്നീ രൂപത്തിലും ഔഷധങ്ങൾ ലഭ്യമാണ്. പഞ്ഞി ചുരുട്ടി ചെവിയുടെ ദ്വാരം അടച്ചുവെച്ച് കുളിച്ചാൽ വെള്ളം ചെവിക്കുള്ളിൽ കയറില്ലെന്ന് വിചാരിക്കുന്നവരുണ്ട്. പഞ്ഞിയുടെ പുറംവശം നനഞ്ഞു വെള്ളം അകത്തേക്ക് എത്തുമെന്ന് പറയേണ്ടതില്ലല്ലോ? പോളിത്തീൻ പോലുള്ളവയിൽ പൊതിഞ്ഞ് ശരിയായി ചെവി അടച്ചുവെച്ചു മാത്രം കുളിക്കുക.ഹിതമായ എണ്ണ മാത്രം തലയിൽ തേയ്ക്കുക. നീർവീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കുക. ജലദോഷമോ കഥമോ ഉള്ളതിനെ ശക്തിയായി തുമ്മിയുംചീറ്റിയും കളയുവാൻ ശ്രമിക്കുന്നത് നിലവിലുള്ള അണുബാധ കൂടുതൽ ഭാഗത്തേക്ക് ബാധിക്കുവാനേ ഉപകരിക്കൂ എന്ന് മനസ്സിലാക്കുക. ചെവിയിലെ പഴുപ്പ് ചികിത്സിച്ചു മാറ്റുവാൻ അനുബന്ധ പ്രദേശങ്ങളിലെ കുഴപ്പങ്ങൾ കൂടി പരിഹരിക്കേണ്ടി വരുമെന്ന കാര്യവും ശ്രദ്ധിക്കുക. കാറ്റും തണുപ്പും വെയിലുമേൽക്കുന്നത് ദോഷംചെയ്യും.
തണുത്തതോ ചൂടുള്ളതോ കുടിക്കുന്നത്പോലും ഇത്തരം ബുദ്ധിമുട്ടുകളെ വർദ്ധിപ്പിക്കുകയേയുള്ളൂ. പല്ലുകൾക്കുളള രോഗവും ശരിയായി ചികിത്സിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകണം. തുടർച്ചയായ തുമ്മലിന് കാരണമായ അലർജിക് റൈനൈറ്റിസും വാസോമോട്ടോർ റൈനൈറ്റിസും ദീർഘനാൾ തുടരുന്നതും കർണപുടത്തിലുണ്ടാകുന്ന രോഗങ്ങൾക്ക് കാരണമാകാറുണ്ട്. വിയർക്കുന്നതും അധികനേരം കുളിക്കുന്നതും നീരിറക്കമുണ്ടാകുന്നതും തൈര്, പാൽ തുടങ്ങിയവ ശീലിക്കുന്നതും രോഗ വർദ്ധധനവിനെയുണ്ടാക്കും. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ചില ആൻറിബയോട്ടിക്കുകളും കേൾവിശക്തിയെ ബാധിക്കാവുന്നതാണ്.

ഡോ. ഷർമദ് ഖാൻ
9447963481