പ്രതിപക്ഷ നേതാവ് ശ്രീ വി. ഡി. സതീശന് ഒരു തുറന്ന കത്ത്

166
0

ഇന്നലെ നിയമസഭയിൽ പ്രതിപക്ഷ നേതാവായ താങ്കൾ കേരളത്തിലെ ഭീതിതമായ ക്രമസമാധാനപ്രശ്നത്തെ സംബന്ധിച്ച് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് നന്ദി. എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ എത്ര ലാഘവത്തോടെയാണ് അതിനെ നേരിട്ടത് എന്നു ശ്രദ്ധിക്കേണ്ടതാണ്. കേരള സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെക്കുറിച്ചും പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ സർക്കാർ പരാജയപ്പെടുന്ന അവസ്ഥയെക്കുറിച്ചുമാണ് താങ്കൾ സംസാരിച്ചത്. പക്ഷെ അതിനു മറുപടി പറഞ്ഞ മുഖ്യമന്ത്രി വിഷയത്തെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള സ്ഥിരം പല്ലവിയാക്കി താഴ്ത്തിക്കെട്ടുകയായിരുന്നു. സത്യത്തിൽ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചല്ല താങ്കൾ പറഞ്ഞതെന്ന് പിണറായി വിജയൻ മനസിലാക്കാഞ്ഞിട്ടല്ല, മറിച്ച് താങ്കൾ പറഞ്ഞത് എത്ര ഗുരുതരമായ വിഷയമാണെന്ന് മനസിലായതുകൊണ്ടാണ് രാഷ്ട്രീയകൊലപാതകത്തിലേക്ക് ഒതുങ്ങി മുഖ്യമന്ത്രി ഈ സർക്കസ് കളിച്ചത്.

കാലങ്ങളായി രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിച്ചാവർത്തിച്ചു നടക്കുന്നതുകൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് അതൊരു ‘സാധാരണ’ വിഷയം ആയി മാറിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ആറുവർഷം കൊണ്ട് കേരളത്തിൽ സംഭവിച്ചിട്ടുള്ള മാറ്റം രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണത്തിൽ വന്ന വർദ്ധന അല്ല എന്ന് താങ്കൾ മനസിലാക്കിയതിൽ സന്തോഷവും പ്രതീക്ഷയും തോന്നുന്നുണ്ട്.

കേരളത്തിൽ സ്വതന്ത്രമായ അഭിപ്രായം പറയുന്നവർക്കും അനീതിയെക്കുറിച്ച് പരാതി ഉന്നയിക്കുന്നവർക്കും ജീവിക്കാൻ നിവൃത്തിയില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. നിരവധി ഉദാഹരണങ്ങൾക്ക് സാക്ഷിയായ പൗരൻ എന്ന നിലയിൽ താങ്കൾ ഉന്നയിച്ച വിഷയം പൂർണമായ അർത്ഥത്തിൽ എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷെ കേരളത്തെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചതിന്റെ ഉത്തരവാദിത്തം കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട് എന്നാണ് എനിക്ക് മനസിലാക്കാൻ കഴിയുന്നത്.

കേരളത്തിൽ നടക്കുന്ന മാഫിയ പ്രവർത്തനത്തെ കുറിച്ചും അതിന് പൊലീസിനുള്ളിൽ നിന്നും ലഭിക്കുന്ന സഹായങ്ങളെക്കുറിച്ചും വളരെ ഗൗരവതരമായ ചില പരാതികൾ ഉന്നയിച്ചതിന്റെ പേരിൽ നിരന്തരം വേട്ടയാടപ്പെടുന്ന ഒരു പൗരനാണ് ഞാൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് സംവിധാനം കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് മൂന്നു സന്ദർഭങ്ങളിൽ ഞാൻ നേരിട്ട് കണ്ടതാണ്.

  1. കോഴിക്കോട് നഗരത്തിൽ 2019 ഏപ്രിൽ മാസത്തിൽ കാണപ്പെട്ട ട്രാൻസ്‌ജെൻഡർ ശാലുവിന്റെ മൃതദേഹത്തിൽ കാണപ്പെട്ട ബെഡ്‌ഷീറ്റ് ഞാൻ പ്രവർത്തിച്ചിരുന്ന കാഴ്ച-നിവ് കെട്ടിടത്തിൽ ഉണ്ടായിരുന്നതാണ് എന്ന് മനസിലായപ്പോൾ അതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഞാൻ കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. എന്നാൽ അതേക്കുറിച്ച് യാതൊരു അന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല എന്റെ മൊഴിപോലും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ലൈംഗീകന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആളുകൾക്ക് പോലും വിഷയത്തിൽ ഇടപെടാൻ ഭയമുള്ളതായാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. മൃതദേഹത്തിൽ ഉണ്ടായിരുന്ന ബെഡ്ഷീറ്റ് ഇല്ല എന്നാണത്രെ പൊലീസ് പറയുന്നത്. ഇതേക്കുറിച്ച് ചില പ്രാഥമിക അന്വേഷണങ്ങൾ നടത്തിയ എന്റെ സുഹൃത്തും പത്രപ്രവർത്തകനുമായ S V Pradeep അധികം താമസിയാതെ ദുരൂഹമായി കൊല്ലപ്പെട്ടു. ഈ കേസിന്റെ അന്വേഷണം നിലച്ച അവസ്ഥയാണ്.
  2. 2020 ഡിസംബറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച എന്റെ കസിൻ സന്ധ്യയുടെ ശവശരീരം കൃത്യമായ ശരീര പരിശോധനയും പോസ്റ്റുമോർട്ടവും കൂടാതെ അടക്കം ചെയ്യാൻ പോലീസ് കൂട്ട് നിൽക്കുന്നത് ഞാൻ കണ്ടു. ശരീരത്തിൽ കണ്ട ചോര കല്ലിച്ച പാടുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ എന്നെ തള്ളി പുറത്താക്കുകയും പോസ്റ്റുമോർട്ടം നടത്താൻ എനിക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടതായും വന്നു. സന്ധ്യയുടെ മരണത്തിൽ അവയവ മാഫിയക്കുള്ള പങ്ക് അന്വേഷിക്കണമെന്ന എന്റെ പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടു എങ്കിലും എന്റെ മൊഴിപോലും രേഖപ്പെടുത്തിയില്ല. ഉന്നയിക്കപ്പെട്ട ഗൗരവതരമായ വിഷയം അന്വേഷിക്കപ്പെടാതിരിക്കാൻ സന്ധ്യയുടെ മരണം കോവിഡ് മരണമാണെന്ന് എഴുതി മാറ്റുകയാണുണ്ടായത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് ഞാൻ നൽകിയ അപേക്ഷ രക്തബന്ധുവല്ല എന്ന കാരണം പറഞ്ഞ്‌ ആരോഗ്യവകുപ്പ് നിരസിക്കുകയാണുണ്ടായത്. ഈ കേസിൽ സന്ധ്യ പണത്തിനായി അവയവം വിറ്റു എന്നും അടുത്ത ബന്ധുക്കൾ പോലും അറിയാതെ ആണ് ശസ്ത്രക്രിയ നടന്നതെന്നും വ്യക്തമായ കാര്യങ്ങളാണ്. പോലീസ് സഹായത്തോടെയാണ് നിയമപരമല്ലാത്ത അവയവ കൈമാറ്റം ഇവിടെ നടത്തിയിട്ടുള്ളത്. കൃത്യമായ അന്വേഷണം നടന്നിരുന്നെങ്കിൽ പൊലീസിലെ മാഫിയകണ്ണികൾ വെളിച്ചത്ത് വരുമായിരുന്നു. പക്ഷെ ഒരുതരത്തിലുള്ള അന്വേഷണവും നടന്നിട്ടില്ല. കാരണം മാഫിയയെ സഹായിക്കുന്ന പോലീസ് വകുപ്പ് തന്നെ.
  3. കേരളത്തിൽ ആരും എപ്പോ വേണമെങ്കിലും കൊല്ലപ്പെടാം എന്ന അവസ്ഥ ഉണ്ട് എന്ന് എനിക്ക് മനസിലാവുന്നത് എന്റെ സുഹൃത്ത് പത്രപ്രവർത്തകൻ എസ്‌ വി പ്രദീപിന്റെ കൊലപാതകത്തോടെ ആയിരുന്നു. 2020 ഡിസംബറിൽ ജോലികഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴി പ്രദീപിൻറെ തലയിലൂടെ ഒരു ലോറി കയറി. കൊലപാതകത്തിന് ശേഷം നിർത്താതെ പോയ ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത പോലീസ് മറ്റന്വേഷണങ്ങൾ ഒന്നും മുന്നോട്ട് കൊണ്ടുപോയില്ല. കൊലപാതകം നടന്ന ശേഷം പുറത്തുവന്ന ഒരേ ഒരു സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തന്നെ പ്രദീപിനെ ഒരു ലോറി പിന്തുടരുന്നതും അയാളുടെ സ്കൂട്ടറിന് മുന്നിൽ സഞ്ചരിച്ചിരുന്ന ബൈക്കുകൾ പെട്ടെന്ന് നിർത്തുന്നതും പിന്തുടർന്ന് വന്നിരുന്ന ലോറി പെട്ടെന്ന് ദിശമാറ്റി പ്രദീപിന്റെ ശരീരത്തിൽ കയറിയ ശേഷം നിർത്താതെ പോകുന്നതും വ്യക്തമാണ്. സംഭവം കണ്ട ദൃക്‌സാക്ഷികളുടെ ഫെയ്‌സ് ബുക്ക് കുറിപ്പുകളും കൊലപാതകമാണെന്ന് സംശയം ഉണ്ടാക്കുന്നതായിരുന്നു. എന്നാൽ അന്വേഷണം അപകട മരണം എന്ന നിലയിൽ ഒതുങ്ങുകയാണുണ്ടായത്. പ്രദീപിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന സഹപാഠികളും സുഹൃത്തുക്കളും പോലും ഇപ്പോൾ അക്കാര്യം മറന്നുകളയാനാണ് ഇഷ്ടപ്പെടുന്നത്. കാരണം ഭയവും വ്യർത്ഥതാ ബോധവുമാണ്.

ഇത്രയും എനിക്ക് നേരിട്ടറിയാവുന്ന സംഭവങ്ങളാണ്. ഇതല്ലാതെ എത്രയെത്ര തെളിയിക്കപ്പെടാത്ത ദുരൂഹമരണങ്ങൾ (രാഷ്ട്രീയ കൊലകളെക്കുറിച്ചല്ല) ഈ കാലയളവിൽ കേരളത്തിൽ നടന്നു എന്ന് അന്വേഷിച്ച് കണക്കെടുത്താൽ കേരളം ഞെട്ടിപ്പോകും. സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഒരാൾ ഇപ്പോഴും ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്ള നാടാണ് കേരളം എന്നത് ഓർക്കുമ്പോൾ ആ ഞെട്ടൽ പതിന്മടങ്ങ് വർദ്ധിക്കും. ഈ അടുത്ത കാലത്തായി ചില ഇരകൾ തുറന്നു പറച്ചിലുകളുമായി മുന്നോട്ട് വന്നിട്ടും അന്വേഷണങ്ങൾ കാര്യക്ഷമമായി നടക്കാത്ത അവസ്ഥയും നാം കാണുന്നൂ.

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ, ഇത്തരം കാര്യങ്ങളിൽ ശബ്ദമുയർത്തുന്നതുകൊണ്ട് എനിക്കെതിരെ കഴിഞ്ഞ ഏതാനും മാസങ്ങളായി വ്യക്തിഹത്യയും ജീവാപായശ്രമങ്ങളും നടക്കുന്നുണ്ട് എന്ന് താങ്കൾ അറിയണം . കേരളത്തിലെ സർക്കാരിനെയും പോലീസിനെയും വിശ്വാസമില്ലാത്തതുകൊണ്ട് ഞാൻ ഇക്കഴിഞ്ഞ സെപ്റ്റംബർ മുതൽ കേരളത്തിൽ നിന്നും മാറി താമസിക്കുകയാണ്. ഒരുതരത്തിൽ പറഞ്ഞാൽ ഇന്ത്യയ്ക്കുള്ളിൽ തന്നെ ഒരു അഭയാർഥി. നിരവധി അന്താരാഷ്‌ട്ര പുരസ്കാരങ്ങൾ മലയാള സിനിമയ്ക്ക് നേടിയെടുത്ത ഒരു ചലച്ചിത്രകാരനാണ് ഞാനെന്ന് താങ്കൾ ഓർക്കണം. ഉറക്കെ സംസാരിക്കാനും കാര്യങ്ങൾ എഴുതി സമർപ്പിക്കുവാനും കഴിവുള്ള ഒരാളെന്ന നിലയിൽ എന്റെ അവസ്ഥ ഇതാണെങ്കിൽ ഇവയ്ക്ക് കഴിവില്ലാത്ത സാധാരണ പൗരന്റെ അവസ്ഥ എന്തായിരിക്കും എന്ന് താങ്കൾക്ക് ഊഹിക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.

സാധാരണ പൗരന്റെ ജീവനും സ്വത്തിനും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ അധികാരത്തിൽ തുടരാൻ അർഹതയില്ലാത്ത സർക്കാർ തന്നെയാണ് എന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ചൂണ്ടിക്കാട്ടിക്കൊണ്ട് താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. പക്ഷെ പ്രസംഗങ്ങൾക്കപ്പുറം പ്രതിപക്ഷത്തിന് എന്ത് ചെയ്യാൻ കഴിയും?

എനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയെയും വധഗൂഡാലോചനയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഇന്നലെ ഞാനൊരു പരാതി നൽകിയിട്ടുണ്ട്. എന്താവുമെന്ന് കണ്ടറിയണം.