വീടു നിർമ്മാണത്തിന് മണ്ണെടുപ്പ്: ജില്ലകളിൽ അദാലത്ത്

113
0

നിറവേറ്റപ്പെടുന്നത് ദീർഘകാലാവശ്യം

വീടുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷകളിൽ അതിവേഗം തീർപ്പുകൽപ്പിക്കുന്നതിനായി മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ തലത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. വകുപ്പിന്റെ ഓഫീസുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ സമയബന്ധിതമായി സ്ഥല പരിശോധന നടത്തി തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നത്.

മണ്ണെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ലളിതവത്കരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ 2015 ലെ KMMC ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തിയിരുന്നു. വീടു നിർമ്മാണത്തിന് പരിസ്ഥിതി അനുമതി ആവശ്യമില്ലെങ്കിലും മണ്ണ് നീക്കം ചെയ്യാൻ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമുണ്ട്. എന്നാൽ ഇതനുസരിച്ച് അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിൽ വേണ്ടത്ര വേഗം കൈവരിച്ചില്ലെന്ന് വകുപ്പിന് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു.
ചില ജില്ലകളില്‍ അപേക്ഷകള്‍ വന്‍തോതില്‍ കെട്ടിക്കിടക്കുന്നതായി പരാതിയുയർന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു.
ജില്ലാ ഓഫീസുകളിലെ ജീവനക്കാരുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി പൊതുജനങ്ങള്‍ക്ക് നല്‍കേണ്ട സേവനത്തില്‍ കാലതാമസം വരുത്തരുത് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാധാരണ മണ്ണ് നീക്കത്തിനുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് സ്പെഷ്യല്‍ അദാലത്ത് ജില്ലാ തലത്തില്‍ സംഘടിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്.

ജില്ലാതലത്തില്‍ ഉള്ള സ്റ്റാഫ് പാറ്റേണ്‍ അദാലത്ത് സംഘടിപ്പിക്കുന്നത് അപര്യാപ്തമായതിനാല്‍ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറേറ്റിലെ ജിയോളജിസ്റ്റുകള്‍ അടങ്ങുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ടീമുകളെ സജ്ജമാക്കിയാണ് അദാലത്തുകൾ സംഘടിപ്പിക്കുക.
വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയില്‍ ഡയറക്ടറേറ്റിലെ ജിയോളജിസ്റ്റുമാരെ 2 ടീമായി മാറ്റി ഓരോ ടീമിനും 7 ജില്ലകളുടെ ചുമതല നല്‍കും.
ടീമിന് അനുവദിച്ച ജില്ലകളില്‍ സാധാരണ മണ്ണ് മാറ്റുന്നതിനുള്ള അപേക്ഷകളില്‍ സ്ഥല പരിശോധന യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി ജില്ലക്ക് നിശ്ചയിച്ച അദാലത്ത് ദിനത്തിലേക്ക് സമര്‍പ്പിക്കും.
ഓരോ ടീമിനും നല്കിയിക്കുന്ന ജില്ലകളുടെ പരിശോധനാക്രമം മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറാണ് നിശ്ചയിക്കുക.

കൂടുതല്‍ അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കും.
ഓരോ ജില്ലയിലുമുള്ള അപേക്ഷകളുടെ എണ്ണവും തീര്‍പ്പാക്കാന്‍ കഴിയുന്ന സമയക്രമവും അവലോകനം നടത്തി അദാലത്ത് നടത്തേണ്ട ദിവസം മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ നിശ്ചയിക്കും.
അദാലത്ത് ദിവസം മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ജില്ലയിലെ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും.
ജില്ലാതലങ്ങളില്‍ സ്പെഷ്യല്‍ അദാലത്ത് സംഘടിപ്പിക്കുന്നതിന് സഹായിക്കുന്നതിന് ഡയറക്ടറേറ്റിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫിന്റെ സഹായവും മിനറല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് ജിയോളജിസ്റ്റുമാരുടെ സഹായവും ഉപയോഗിക്കും.
ജില്ലകളില്‍ നിയോഗിക്കുന്ന സ്പെഷ്യല്‍ ടീമിന് ആവശ്യമായ വാഹന സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യവും നൽകും. ആവശ്യമായ തുകയും ഡയറക്ടര്‍ അനുവദിക്കും.