ഇന്ന് സ്വാമിവിവേകാനന്ദൻ – ജന്മദിനം

156
0

സ്വാമി വിവേകാനന്ദൻ (ജനുവരി 12, 1863 – ജൂലൈ 4, 1902) വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.

വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ഒന്നാമത്തേത്, ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ എന്ന നിലയിലും രണ്ടാമത്തേത് മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ എന്ന നിലയിലുമാണിത്. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു. ഇദ്ദേഹത്തിന്റെ ജന്മദിവസമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു.
ജീവിതരേഖ
കുട്ടിക്കാലം

കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്നകുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും പുരാണപണ്ഡിതയുമായിരുന്ന ഭുവനേശ്വരിയുടെയും പത്തു സന്താനങ്ങളിൽ ആറാമത്തെ സന്താനമായി 1863 ജനുവരി 12 തിങ്കളാഴ്ച മകരസംക്രാന്തിദിവസം രാവിലെയാണ് സ്വാമി വിവേകാനന്ദൻ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരിയുടെയും മൂന്ന് മക്കൾ നേരത്തേ മരിച്ചുകഴിഞ്ഞിരുന്നു. അക്കാലത്ത് ഭാരതത്തിന്റെ തലസ്ഥാനം കൽക്കത്ത എന്നറിയപ്പെട്ടിരുന്ന കൊൽക്കത്തയായിരുന്നു. നരേൻ, നരേന്ദ്രൻ എന്നോക്കെ അടുപ്പമുള്ളവർ വിളിച്ച ആ കുട്ടി, ധൈര്യവും ദയയും ഹൃദയത്തിലേറ്റി വളർന്നു. വിരേശ്വരൻ എന്നായിരുന്നു അവന്റെ അമ്മ നൽകിയ പേര്‌ (ബീരേശ്വർ) അത് ചുരുക്കി ബിലേ എന്നാണ്‌ നരേന്ദ്രനെ വീട്ടിലെ അംഗങ്ങൾ വിളിച്ചിരുന്നത്. ഒരിക്കൽ കേട്ടതൊന്നും മറക്കാതിരിക്കാനുള്ള ഓർമ്മശക്തിയും ഒരുകാര്യം ചെയ്യുമ്പോൾ തന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കാനുള്ള കഴിവും കുട്ടിക്കാലത്തുതന്നെ നരനുണ്ടായിരുന്നു. കുട്ടിക്കാലത്തു തന്നെ ഈശ്വരനെ കാണണമെന്ന ആഗ്രഹം കലശലായ നരേന്ദ്രൻ അതിനായി ശിവനെ ധ്യാനിക്കാൻ തുടങ്ങി, അങ്ങനെ ഏകാഗ്രമായ ധ്യാനവും നരനു വശമായി.

വിദ്യാഭ്യാസകാലം
വീട്ടിലെത്തി പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു അദ്ധ്യാപകനാണ്‌ നരേന്‌ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകിയത്‌. അതിനു ശേഷം കുട്ടിയെ ഏഴാം വയസ്സിൽ മെട്രൊപൊളിറ്റൻ സ്കൂളിൽ ചേർത്തു പഠിപ്പിക്കുവാൻ തുടങ്ങി. 1879-ൽ നരൻ ഹൈസ്കൂൾ പരീക്ഷ ഒന്നാം ക്ലാസ്സിൽ ജയിച്ച്‌ പ്രസിഡൻസി കോളേജിൽ ഉപരിപഠനത്തിനു ചേർന്നു. പിന്നീട്‌ ജനറൽ അസ്സംബ്ലീസ്‌ ഇൻസ്റ്റിറ്റ്യൂഷനിൽ ചേർന്ന് പാശ്ചാത്യ തത്ത്വശാസ്ത്രവും ലോകചരിത്രവും പഠിച്ചു. മധുരശബ്ദത്തിനുടമയായിരുന്ന നരൻ വായ്പാട്ടും ഹിന്ദി, ഉർദു, പേർഷ്യൻ സംഗീതങ്ങളും പഠിച്ചിട്ടുണ്ട്‌. ഇതു കൂടാതെ ഉപകരണ സംഗീതവും വശമാക്കിയിരുന്നു.

ശ്രീരാമകൃഷ്ണസംഗമം.
ഈശ്വരനെ കാണാൻ സാധിക്കുമോ?, എങ്ങനെയാണത്‌ സാധിക്കുക?, ജീവിതത്തിന്റെ അർത്ഥമെന്താണ്‌? മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്‌. വളരെയധികം സന്യാസിമാരെയും മറ്റും നരേന്ദ്രൻ കണ്ടെങ്കിലും ആർക്കും നരേന്ദ്രനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ. ഹേസ്റ്റിയിൽ നിന്നായിരുന്നു നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച്‌ അറിഞ്ഞത്‌. 1881-ൽ നരേന്ദ്രന്റെ അയൽവാസിയായ സുരേന്ദ്രനാഥ മിത്രയുടെ വീട്ടിൽ ശ്രീരാമകൃഷ്ണൻ വന്നിരുന്നു. മിത്ര പറഞ്ഞതനുസരിച്ച്‌ അവിടെയെത്തിയ നരേന്ദ്രൻ ശ്രീരാമകൃഷ്ണനു വേണ്ടി ഒരു കീർത്തനം ആലപിച്ചു. സംപ്രീതനായ ശ്രീരാമകൃഷ്ണൻ നരേന്ദ്രനെ ദക്ഷിണേശ്വരത്തേക്ക്‌ ക്ഷണിച്ചിട്ടാണ്‌ മടങ്ങിയത്‌.

ശ്രീരാമകൃഷ്ണ പരമഹംസൻ

ഏതാനും ദിവസങ്ങൾക്കകം ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ പ്രതീക്ഷിച്ചിരുന്നവനെ പോലെ ശ്രീരാമകൃഷ്ണൻ സ്വീകരിച്ചു. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിച്ചതായിരുന്നു ഈ സമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണന്റെ വാക്കുകൾ തെളിയിക്കുന്നുണ്ട്. ‘നീ വരാൻ ഇത്ര താമസിച്ചതെന്തേ? എന്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എന്റെ മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പൽ കൊള്ളുന്നു…..! നരേന്ദ്രനെ ഏറെക്കാലമായ്‌ അലട്ടിയിരുന്ന ഈശ്വരനെ കാണാൻ കഴിയുമോ എന്ന ചോദ്യത്തിന്‌ ‘ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ ഈശ്വരൻ പ്രത്യക്ഷപ്പെടും’എന്നായിരുന്നു മറുപടി. നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ, നരേന്ദ്രൻ തന്റെ ആത്മീയഗുരുവിനെ ആണ്‌ ശ്രീരാമകൃഷ്ണനിൽ കണ്ടത്‌. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി.

1884-ൽ നരേന്ദ്രന്റെ പിതാവ്‌ മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിന്റെ ഭാരം നരേന്ദ്രനിലായി. ഒരു തൊഴിൽ തേടി നരേന്ദ്രൻ അലഞ്ഞു, സമ്പാദ്യങ്ങളൊന്നും ഇല്ലായിരുന്നതിനാൽ കുടുംബം പട്ടിണിയിലായി. കിട്ടിയ തൊഴിലുകൾ ഒന്നും കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഉതകില്ലായിരുന്നു. കുടുംബാംഗങ്ങളെല്ലാം തന്നെ ഈശ്വരനെ പഴിക്കാൻ തുടങ്ങി. നരേന്ദ്രനിൽ ഈശ്വരവിശ്വാസത്തിന്റെ അടിത്തറപാകിയ മാതാവു പോലും ഈശ്വരനെ നിന്ദിക്കാൻ തുടങ്ങിയപ്പോൾ, പട്ടിണിയും കഷ്ടപ്പടും ഈശ്വരനുണ്ടെങ്കിൽ എന്തിന്‌ സൃഷ്ടിച്ചു എന്ന് നരേന്ദ്രൻ ചിന്തിക്കാൻ തുടങ്ങി. പ്രശ്നപരിഹാരത്തിനായി ശ്രീരാമകൃഷ്ണനടുത്തെത്തിയ നരേന്ദ്രനോട്‌ കഷ്ടപ്പാട്‌ മാറാൻ പ്രാർത്ഥിക്കാനാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്നാൽ അതിനായി കാളീ ക്ഷേത്രത്തിലെത്തിയ നരേന്ദ്രനു ‘ഭക്തി നൽകിയാലും, അറിവു നൽകിയാലും, വൈരാഗ്യം നൽകിയാലും’ എന്നു മാത്രമേ പ്രാർത്ഥിക്കാൻ കഴിഞ്ഞുള്ളു. നരേന്ദ്രനിൽ സന്തുഷ്ടനായ ഗുരു, കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹം നൽകിയത്രെ.

പൂർണ്ണ ആദ്ധ്യാത്മിക പ്രവേശനം

1886-ൽ ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായി, നരേന്ദ്രനും മറ്റുള്ളവരും ചേർന്ന് ഗുരുവിനെ ഗംഗാതീരത്ത്‌ സംസ്കരിച്ചു. ഗുരുവിന്റെ ആശയങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കണമെന്ന് നരേന്ദ്രന്റെ നേതൃത്വത്തിൽ ശിഷ്യന്മാർ തീരുമാനമെടുത്തു. ശ്രീരാമകൃഷ്ണ ഭക്തനായിരുന്ന സുരേന്ദ്രനാഥ ദത്തയുടെ സാമ്പത്തിക സഹായത്തോടെ കൊൽക്കത്തക്കടുത്ത്‌ വരാഹനഗരം എന്ന ഒരു ചെറുപട്ടണത്തിൽ ഒരു പഴയ കെട്ടിടം വാടകക്കെടുത്ത്‌ ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം തുടങ്ങി. അതിനു ശേഷം ലൗകിക ബന്ധങ്ങൾ പൂർണ്ണമായി വെടിഞ്ഞ്‌ ആശ്രമത്തിനായി ജീവിക്കാൻ തീരുമാനിച്ചു.

ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. വരാണസി, അയോദ്ധ്യ വഴി ഹിമാലയപ്രദേശങ്ങളിൽ ആയിരുന്നു 1888-ലെ ആദ്യത്തെ യാത്ര. ആ യാത്രയിൽ ഹത്രാസ്‌ തീവണ്ടിസ്റ്റേഷനിൽ നിന്നും പരിചയപെട്ട ശരത്ചന്ദ്ര ഗുപ്തൻ എന്നയാളാണ്‌ വിവേകാനന്ദന്റെ ആദ്യശിഷ്യനായ സദാനന്ദൻ. തെക്കേ ഇന്ത്യയിലേക്ക്‌ പുറപ്പെട്ട വിവേകാനന്ദൻ 1892-ൽ ബാംഗളൂർ വഴി ഷൊർണൂരിൽ എത്തി.

ഷൊർണൂർ റയിൽ വേ സ്റ്റേഷനു മുമ്പിൽ സ്വാമിവിവേകാനന്ദൻ നട്ട ആൽമരം
ഇവിടെ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു മുതലായവരെ കണ്ട്‌ വിവേകാനന്ദൻ സന്തുഷ്ടനായി. ചട്ടമ്പിസ്വാമികളാണ്‌ വിവേകാനന്ദന്‌ ചിന്മുദ്രയുടെ രഹസ്യം വെളിപ്പെടുത്തികൊടുത്തത്‌. എങ്കിലും കേരളത്തിലെ ജാതിതിരിവിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികൾ മതപരിവർത്തനം നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുളവർക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥകണ്ട് ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌. ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും എന്നഭിപ്രായപ്പെട്ടു . പിന്നീട്‌ രാമേശ്വരം വഴി കന്യാകുമാരിയിലെത്തിയ സ്വാമികൾ, തന്റെ ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ കണ്ടത്‌ മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുപോകുന്നതാണ്‌. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക്‌ നീന്തി ചെന്ന അദ്ദേഹം മണിക്കൂറുകളോളം അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. ഈ പാറയാണ്‌ പിന്നീട്‌ വിവേകാനന്ദപ്പാറ ആയി മാറിയത്‌. അക്കാലത്ത്‌ ഷിക്കാഗോ സർവ്വമതസമ്മേളനത്തെ കുറിച്ച്‌ അറിവുണ്ടായിരുന്ന ശിഷ്യന്മാർ അതിനുള്ള പണവും പിരിച്ചെടുത്ത്‌ വിവേകാനന്ദന്റെ അടുത്ത്‌ എത്തിയപ്പോൾ വിവേകാനന്ദൻ ആവശ്യപ്പെട്ടത്‌ അത്‌ പാവപ്പെട്ടവർക്ക്‌ വിതരണം ചെയ്യാനാണ്‌.

ആദ്യത്തെ ലോക പര്യടനം

1892 ഡിസംബറിൽ കന്യാകുമാരിയിലെ പാറപ്പുറത്ത് ധ്യാനത്തിലിരിക്കുമ്പോഴാണ് ഷിക്കാഗോഗയിലെ മതസമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സ്വാമി തീരുമാനിച്ചത്. 1893-ൽ വിവേകാനന്ദൻ തന്റെ സുഹൃത്തും ശിഷ്യനുമായിരുന്ന ഖെത്രി രാജാവിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ നിർബന്ധം മൂലമാണ്‌ വിവേകാനന്ദൻ എന്ന പേര്‌ സ്ഥിരമായി സ്വീകരിച്ചത്‌. അദ്ദേഹത്തിന്റെ തന്നെ നിർബന്ധം മൂലം വിവേകാനന്ദൻ ഷികാഗോയിലേക്‌ പോകുവാൻ തീരുമാനിച്ചു. 1893 ജനുവരി 12-ന്‌ ഖെത്രി രാജാവ്‌ നൽകിയ ടിക്കറ്റിൽ വിവേകാനന്ദൻ മുംബൈ തുറമുഖത്തുനിന്ന് പെനിൻസുലാർ എന്ന കപ്പലിൽ ലോകപര്യടനത്തിനായി പുറപ്പെട്ടു. സിംഗപ്പൂർ, ഹോങ്കോങ്ങ്‌, ചൈന, ജപ്പാൻ, കാനഡ തുടങ്ങിയ പ്രദേശങ്ങൾ യാത്രക്കിടയിൽ അദ്ദേഹം സന്ദർശിച്ചു.

ഷികാഗൊ സർവ്വമത സമ്മേളനം

കാനഡയിലെ വാൻകൂവറിൽ നിന്ന് ഷിക്കാഗോയിലെത്തിയ വിവേകാനന്ദൻ, മേളയുടെ അന്വേഷണ വിഭാഗത്തിൽ നിന്നും മതസമ്മേളനത്തിൽ പ്രസംഗിക്കാൻ ഇനി സാധിക്കില്ല എന്ന മറുപടിയാണ്‌ ലഭിച്ചത്‌. കൈയിൽ പണമില്ലാതെ അലഞ്ഞ വിവേകാനന്ദൻ പൗരസ്ത്യ ആശയങ്ങളിൽ താൽപര്യമുള്ളവനും ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും ആയിരുന്ന ജെ. എച്ച്‌. റൈറ്റിനെ പരിചയപെട്ടു. റൈറ്റിന്റെ സഹായം കൊണ്ടാണ്‌ വിവേകാനന്ദന്‌ മേളയിൽ സ്വയം പ്രതിനിധീകരിക്കാൻ സാധിച്ചത്‌. മതമഹാസമ്മേളനത്തിന്റെ നിർവാഹകസമിതിക്ക് ജെ.എച്ച്.റൈറ്റ് ഇങ്ങനെ എഴുതി: ‘ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസർമാരെയും ഒന്നിച്ചുചേർത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണം. അങ്ങനെയാണ് സ്വാമി വിവേകാനന്ദൻ ഷിക്കാഗോ സമ്മേളനത്തിൽ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്. 1893 സെപ്റ്റംബർ11ന് മേളയിൽ കൊളംബസ്‌ ഹാളിൽ നടത്തിയ ‘അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ’ എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ ആത്മാർത്ഥമായി സ്പർശിച്ചു.കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷന്റെ ഭാഗമായ ലോകമത സമ്മേളനമയിരുന്നു അത്. പത്രങ്ങളും മറ്റും വിവേകാനന്ദന്‌ നല്ല പ്രസിദ്ധി നേടി കൊടുത്തു. തുടർന്ന് വിവേകാനന്ദൻ മേളയിൽ പന്ത്രണ്ടോളം പ്രസംഗങ്ങൾ നടത്തി. 1894-ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. പിന്നീട്‌ ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി അനേകം പ്രസംഗങ്ങൾ നടത്തി.

വീണ്ടും ഇന്ത്യയിൽ

1894ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. 1895ൽ വിവേകാനന്ദൻ ഫ്രാൻസ് വഴി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനിൽ മിസ് മുള്ളറും മിസ്റ്റർ സ്റ്റർഡിയും അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുമാസത്തെ ഇംഗ്ലണ്ട് പര്യടനശേഷം സ്വാമിജി വീണ്ടും ന്യൂയോർക്കിലേക്കു പോയി. ‘കർമയോഗ’ത്തെക്കുറിച്ച് ന്യൂയോർക്കിൽ വെച്ച് പ്രഭാഷണം നടത്തിയ സ്വാമിജി വീണ്ടും ലണ്ടനിലെത്തി. 1897 ജനവരി 15ന് ഏതാനും പാശ്ചാത്യശിഷ്യരുമൊത്ത് കൊളംബോ തുറമുഖത്തെത്തി. കൊളംബോയിൽനിന്ന് രാമേശ്വരത്തിനടുത്തുള്ള പാമ്പനിൽ വന്നിറങ്ങിയ സ്വാമിജിക്ക് ഭാരതത്തിൽ വൻസ്വീകരണമായിരുന്നു ലഭിച്ചത്.ഇംഗ്ലണ്ടിലെ പ്രവർത്തനങ്ങൾ അഭേദാനന്ദനേയും അമേരിക്കയിലെ പ്രവർത്തനങ്ങൾ ശാരദാനന്ദനേയും ഏൽപ്പിച്ച വിവേകാനന്ദൻ മൂന്നുവർഷത്തോളമെടുത്ത പ്രവർത്തനങ്ങൾക്ക്‌ ശേഷം സ്വാമിനി നിവേദിത (മർഗരറ്റ് നോബിൾ) അടക്കമുള്ള പാശ്ചാത്യശിഷ്യരുമൊത്ത്‌ കൊളംബോയിലും അവിടുന്ന് തമിഴ്‌നാട്ടിലെ പാമ്പനിലും എത്തിയ വിവേകാനന്ദൻ ഭാവിഭാരതത്തെ എങ്ങനെ രൂപപ്പെടുത്താം എന്ന പ്രഭാഷണ പരമ്പരയിൽ മുഴുകി. പിന്നീട്‌ വിവേകാനന്ദൻ ചെന്നൈയിൽ നിന്നും കൊൽക്കത്തക്ക്‌ കപ്പൽ കയറി. കൊൽക്കത്തയിലെത്തിയ വിവേകാനന്ദൻ സന്യാസി മഠങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബാഗ്‌ ബസാറിൽ നിവേദിതാ വിദ്യാലയവും സ്ത്രീകൾക്കായി ശാരദാമഠവും സ്ഥാപിച്ചു. അപ്പോഴേക്കും ആസ്ത്മയും തുടർച്ചയായ പ്രവർത്തനവും വിവേകാനന്ദന്റെ ആരോഗ്യം നശിപ്പിച്ചിരുന്നു. 1899-ൽ അനാരോഗ്യം വകവെക്കാതെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക്‌ അദ്ദേഹം കപ്പൽ കയറി. അമേരിക്കൻ ലണ്ടൻ പര്യടനത്തിനു ശേഷം 1900-ൽ പാരീസിൽ നടന്ന മത ചരിത്ര മഹാസഭയിൽ പങ്കുകൊണ്ടു. അവിടുന്ന് വിയന്ന, കെയ്‌റോ വഴി വീണ്ടും ഇന്ത്യയിലെത്തി.

അവസാന കാലം

ഇന്ത്യയിലെത്തിയ വിവേകാനന്ദന്റെ ആരോഗ്യം വളരെ മോശമായിരുന്നു. എന്നിരുന്നാലും ഇന്ത്യയെമ്പാടും വിശ്രമമില്ലാതെ സഞ്ചരിച്ചു, മഠാധിപതിയുടെ ചുമതലകൾ കൃത്യമായി ചെയ്തു. 1902 ജൂലൈ 4 വെള്ളിയാഴ്ച 39 വയസ്സിൽ രാത്രി ശിഷ്യരുടെ സംഗീതം ആസ്വദിച്ചിരുന്ന വിവേകാനന്ദൻ പെട്ടെന്ന് ഒരു ശിഷ്യനോട്‌ തൻറെ കാൽ ഒന്നു തിരുമ്മിത്തരാൻ ആവശ്യപ്പെട്ടു. ആ ഇരുപ്പിൽ ധ്യാനത്തിൽ പ്രവേശിച്ച വിവേകാനന്ദൻ സമാധിയാകുകയാണുണ്ടായത്‌.

ദരിദ്രരേയും കഷ്ടപ്പെടുന്നവരേയും സഹായിക്കാൻ ഏറെ ഉത്സാഹിച്ച വിവേകാനന്ദൻ സർവ്വസംഗ പരിത്യാഗിയായി വേദാന്തധർമ്മത്തിലധിഷ്ഠിതമായ നിരപേക്ഷമായ കർമ്മം ചെയ്യാനാണ്‌ ആവശ്യപെട്ടത്‌.

“ ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധിത ”

എന്ന് ലോകത്തെ വിളിച്ചുണർത്തിയ വിവേകാനന്ദൻ, സത്യം കണ്ടെത്തുകയും, സേവനം ചെയ്യുകയുമാണ്‌ ശരിയായ ജീവിതം എന്നു കരുതിയ മഹാനാണ്‌.

ചിന്തയും ദർശനങ്ങളും
ശങ്കരാചാര്യരുടെ വ്യാഖ്യാനപ്രകാരമുള്ള വേദാന്തദർശനങ്ങളിലാണ് ഹിന്ദുത്വത്തിന്റെ ആത്മാവ് കുടികൊള്ളുന്നതെന്ന് വിവേകാനന്ദൻ വിശ്വസിച്ചിരുന്നു. അദ്ദേഹം വേദാന്തതത്വങ്ങളെ ഇങ്ങനെ സംഗ്രഹിക്കുന്നു

ഓരോ ആത്മാവും ലീനമായി ദൈവികമാണ്
എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ.
വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂർ‌ണ്ണതയെ വെളിപ്പെടുത്തുകയാണ്
മതത്തിലൂടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ്
മാനവസേവയാണ് യഥാർത്ഥ മാധവസേവ.
വിവേകാനന്ദന് തന്റെ ഗുരുവായ രാമകൃഷ്ണനിൽ നിന്നും ലഭിച്ച പ്രധാന ഉപദേശങ്ങളിലൊന്നാണ് ‘ജീവനാണ് ശിവൻ’ (ഓരോ വ്യക്തിയിലും ദൈവത്വമുണ്ട്). ഇതേ തുടർന്ന് അദ്ദേഹം ദരിദ്രനാരായണ സേവ എന്ന കർമ്മപദ്ധതിക്ക് രൂപം നൽകി(സാധുക്കളിലൂടെ ദൈവത്തെ സേവിക്കുക). വിവേകാനന്ദൻ ശ്രീരാമകൃഷമഠം സ്ഥാപിച്ചത് ആത്മാനോ മോക്ഷാർത്ഥം ജഗത്-ഹിതയാ ച (അവനവന്റെയും ലോകത്തിന്റെയും സായൂജ്യത്തിനായി) എന്ന തത്ത്വത്തിലധിഷ്ടിതമായാണ്.

വിവേകാനന്ദ സൂക്തങ്ങൾ

ഇരുമ്പിന്റെ മാംസ പേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായി ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം.
അടിമയെപ്പോലെയല്ല ജോലി ചെയ്യേണ്ടത്, യജമാനനെപ്പോലെയാണ്, അവിരഹിതമായി ജോലി ചെയ്യുക, പക്ഷേ അടിമയുടെ ജോലിയാകരുത്.
ചെന്നെത്തുന്നതെവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക.
ഈ ലോകം ഭീരുക്കൾക്കുള്ളതല്ല ഓടിയൊളിക്കാൻ നോക്കെണ്ട. വിജയത്തിന്റെയും പരാജയത്തിന്റെയും കഥ മറക്കൂ.
രാഷ്ട്രങ്ങളുടെ ചരിത്രം നോക്കിയാൽ നിങ്ങൾക്കൊരു വസ്തുത കാണാം അവനവനിൽ വിശ്വസിക്കുന്ന വ്യക്തികൾക്കു മാത്രമെ ശക്തിയും മഹത്ത്വവും ലഭിച്ചിട്ടുള്ളു എന്ന്..
വിധവയുടെ കണ്ണുനീർ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ല.
ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയശുദ്ധിയാണ്‌


കൃതികൾ
അദ്ദേഹത്തിന്റെ കൃതികൾ (പലഭാഗത്തായി നടത്തിയ പ്രഭാഷണങ്ങളിൽ നിന്നും സ്വരൂപിച്ചവ)‌ പ്രധാനമായും നാലു യോഗങ്ങളെ (രാജയോഗം, കർമ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം) സംബന്ധിച്ചവയാണ്. ഇവയിൽ പലതും അതതു യോഗയിൽ വളരെയധികം സ്വാധീനം ചെലുത്തിയവയും ഇന്നും അടിസ്ഥാനഗ്രന്ഥങ്ങളായി ഉപയോഗിക്കുന്നവയുമാണ്. അദ്ദേഹം പല സുഹൃത്തുക്കൾക്കായി പലപ്പോഴായി എഴുതിയ കത്തുകളും ആത്മീയവും സാഹിത്യവുമായ മൂല്യങ്ങൾ ഉള്ളവയാണ്. വളരെ നല്ല ഒരു ഗായകനും സാഹിത്യകാരനുംകൂടിയായിരുന്നു വിവേകാനന്ദൻ. അദ്ദേഹം തന്റെ ഇഷ്ടദൈവമായ കാളിയെ സ്തുതിക്കുന്ന നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്റെ പ്രഭാഷണങ്ങളിലും ഉദ്ബോധനങ്ങളിലും ധാരാളം നർമ്മരംഗങ്ങൾ ഉൾപ്പെടുത്തിയിരുന്നതായി കാണാം. ബംഗാളി ഭാഷയിലുള്ള അദ്ദേഹത്തിന്റെ കൃതികൾ പലതും വളരെയധികം ലളിതമായിരുന്നു. പ്രഭാഷണങ്ങളാകട്ടെ, കൃതികളാകട്ടെ അത് ഒരിക്കലും രചയിതാവിന്റെ ഭാഷാപ്രാഗല്‌ഭ്യം തെളിയിക്കാനുള്ളതാവരുത് , മറിച്ച് അനുവാചകഹൃദയങ്ങളിലേക്ക് ലോലമായി കടന്നു ചെല്ലുന്നതാകണം എന്ന് സ്വാമി ദൃഢമായി വിശ്വസിച്ചു.

ബഹുമതികൾ

1995 നവംബർ 11നു ഷിക്കാഗോയിലെ പ്രമുഖ തെരുവുകളിലൊന്നായ മിഷിഗൻ അവന്യൂവിന്റെ ഒരു ഭാഗത്തിനു സ്വാമി വിവേകാനന്ദ വേ (Swami Vivekananda Way) എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തു.

വിവേകാനന്ദനും ശാസ്ത്രവും

വിവേകാനന്ദൻ തന്റെ രാജയോഗം എന്ന കൃതിയിൽ അമാനുഷിക ഊർജ്ജസ്രോതസ്സുകളെക്കുറിച്ച് വർ‌ണ്ണിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രാജയോഗം അഭ്യസിക്കുന്നവന് അതിമാനുഷിക കഴിവുകൾ കൈവരിക്കാൻ സാധിക്കും. അങ്ങനെയുള്ള ഒരു വ്യക്തിക്ക് ‘അപരന്റെ മനസ്സ് വായിക്കുക’, ‘പ്രപഞ്ചശക്തികളെ നിയന്ത്രിക്കുക’, അന്യന്റെ

ശരീരനിയന്ത്രണം’, ‘ശ്വാസോച്ഛ്വാസമില്ലാതെ ജീവിക്കുക’ മനുഷ്യാസാധ്യമല്ലാത്ത സിദ്ധികൾ കൈവരിക്കാനാകുമെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം ഭാരതീയവിശ്വാസപ്രകാരമുള്ള ജന്മകുണ്ഡലിനി ശക്തി, ചക്രവ്യവസ്ഥ എന്നിവയെപ്പറ്റിയും വിവരിച്ചിട്ടുണ്ട്. വിവേകാനന്ദൻ ഐൻസ്റ്റീനു മുൻപേതന്നെ ഈതർ സിദ്ധാന്തത്തെ നിരാകരിച്ചിട്ടുണ്ട്(1895). പ്രസിദ്ധ വൈദ്യുതി ശാസ്ത്രജ്ഞനായ നിക്കോളാസ് ടെസ്ല, വിവേകാനന്ദന്റെ സംഖ്യാശാസ്തത്തെപ്പറ്റിയുള്ള പ്രഭാഷണം കേട്ടതിനെ തുടർന്നാണ് ഭൗതികവസ്തുക്കൾ ഊർജ്ജത്തിന്റെ ആവിഷ്കരണമാണ് എന്ന അവലോകനത്തിലെത്തിയത്. ഇതേത്തുടർന്ന് അദ്ദേഹം പിണ്ഡത്തിനെ തതുല്യമായ സ്ഥിതികോർജ്ജനിലയിലേക്ക് ഗണിതശാസ്ത്രസഹായപ്രകാരം തെളിയിച്ചു.

വിവേകാനന്ദനെക്കുറിച്ച് പ്രമുഖർ

“ പരാക്രമശൂരനായ ഒരു വ്യക്തി എന്നെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ അതായിരുന്നു വിവേകാനന്ദൻ, മനുഷ്യർക്കിടയിലെ സിംഹം, അദ്ദേഹം വിട്ടിട്ടുപോയ പ്രത്യേക പ്രവർത്തനം അദ്ദേഹത്തിന്റെ അളവറ്റ സൃഷ്ടിപരതയും ഊർജവുംകൊണ്ട് മുദ്രാങ്കിതമാണ്. എവിടെ, എങ്ങനെ, ഏതുവിധത്തിലെല്ലാമെന്ന് അറിഞ്ഞുകൂടെങ്കിലും അദ്ദേഹത്തിന്റെ അതിബൃഹത്തായ സ്വാധീനം സിംഹതുല്യമായും മഹത്തായും അവബോധജന്യമായും ഇന്ത്യയുടെ ആത്മാവിൽ സംക്ഷോഭമുണ്ടാക്കിക്കൊണ്ട് പ്രവേശിക്കുന്നു. വിവേകാനന്ദൻ അദ്ദേഹത്തിന്റെ മാതാവിന്റെ ആത്മാവിലും അവളുടെ മക്കളുടെ ആത്മാക്കളിലും ജീവിക്കുന്നതു നോക്കൂ! അതാ നോക്കൂ! എന്നാണ് നമുക്ക് പറയുവാനുള്ളത്. ”
— -അരവിന്ദഘോഷ്

“ ആനന്ദാതിരേകത്തോടുകൂടിയല്ലാതെ എനിക്ക് വിവേകാനന്ദനെക്കുറിച്ച് എഴുതുവാൻ സാധ്യമല്ല. അദ്ദേഹത്തോട് അടുത്തിടപഴകാൻ അവസരം ലഭിച്ചവരിൽ ചുരുക്കം പേർക്കു മാത്രമേ അദ്ദേഹത്തെ മനസ്സിലാക്കുവാനും അദ്ദേഹത്തിന്റെ ഉള്ളറിയുവാനും കഴിഞ്ഞിട്ടുള്ളൂ. അദ്ദേഹത്തിന്റെ വ്യക്തിത്വം സമ്പുഷ്ടവും ഗംഭീരവും സങ്കീർണവുമായിരുന്നു. ഈ വ്യക്തിത്വം-അദ്ദേഹത്തിന്റെ ഉൽബോധനങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നും വ്യതിരിക്തമായി അദ്ദേഹത്തിന്റെ രാജ്യക്കാരിൽ, പ്രത്യേകിച്ച് ബംഗാളികളിൽ അത്ഭുതകരമായ സ്വാധീനം ചെലുത്തി. ഇത്തരം വ്യക്തിത്വങ്ങളാണ് ബംഗാളികളെ ആകർഷിക്കാറുള്ളത്. കൂസലില്ലാത്ത ത്യാഗവും അവിശ്രമമായ പ്രവർത്തനവും അളവറ്റ സ്‌നേഹവും അസാമാന്യ ഉൾക്കാഴ്ചയും വിവിധ വിഷയങ്ങളിലുള്ള അറിവും വൈകാരിക സമൃദ്ധിയും നിർദയമായ ആക്രമണവും അദ്ദേഹത്തിന്റെ സവിശേഷതകളാണെങ്കിലും ഒരു ശിശുവിന്റേതെന്നതുപോലെ ലളിതമായ അദ്ദേഹത്തിന്റെ വ്യക്തിത്വം ഈ ലോകത്തിൽ ദുർലഭമാണ്. ”
— -സുഭാഷ് ചന്ദ്രബോസ്

“ സ്വാമി വിവേകാനന്ദൻ ഹിന്ദുത്വത്തെയും ഇന്ത്യയെയും രക്ഷിച്ചു. അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ നമുക്ക് നമ്മുടെ മതം നഷ്ടമാവുമായിരുന്നു, സ്വാതന്ത്ര്യം ലഭിക്കുമായിരുന്നുമില്ല. അതിനാൽ നാം എല്ലാറ്റിനും സ്വാമി വിവേകാനന്ദനോട് കടപ്പെട്ടിരിക്കുന്നു. ”
— – സി. രാജഗോപാലാചാരി

“ സൂര്യൻ ഇരുട്ടകറ്റുന്നതുപോലെയും വിഷ്ണുഭഗവാൻ ദുഷ്ടനിഗ്രഹം ചെയ്യുന്നതുപോലെയും അദ്ദേഹത്തിന്റെ ഐന്ദ്രജാലിക വ്യക്തിത്വം മനുഷ്യന്റെ ദുരിതത്രയങ്ങളും നശിപ്പിക്കുന്നു. ”
— -സ്വാമി രാമകൃഷ്ണാനന്ദ (സ്വാമി വിവേകാനന്ദന്റെ സഹോദര സന്ന്യാസി)

“ വൈദ്യുത ആഘാതം പോലെയുള്ള സ്​പന്ദനം എന്റെ ദേഹത്തിലുണ്ടാവാതെ ഈ പുസ്തകത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ വചനങ്ങളെ എനിക്ക് സ്​പർശിക്കുവാനാവുകയില്ല. ആ വീരന്റെ ചുണ്ടുകളിൽ നിന്ന് ഇവ പുറപ്പെടുമ്പോൾ ജനിപ്പിക്കപ്പെട്ട വൈകാരികക്ഷോഭം എത്രമാത്രമായിരിക്കും! ”
— -റൊമേയ്ൻ റൊളാങ്