ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് ജനുവരി 13 നും 21 നും

128
0

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജനുവരി 13, 21 തീയതികളില്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തും.

ആംഡ് പോലീസ് ബറ്റാലിയന്‍, പോലീസ് ആസ്ഥാനം, കേരള പോലീസ് അക്കാദമി, പോലീസ് ട്രെയിനിംഗ് കോളേജ്, റെയില്‍വേസ് എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ജനുവരി 13 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ഡിസംബര്‍ 24 ന് മുമ്പ് പോലീസ് ആസ്ഥാനത്ത് ലഭിക്കണം. വിജിലന്‍സ് ആന്‍റ് ആന്‍റികറപ്ഷന്‍ ബ്യൂറോയിലെ പരാതികള്‍ ജനുവരി 21 ന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി ആറാണ്. പരാതികള്‍ [email protected] എന്ന വിലാസത്തില്‍ ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

SPC talks with cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.