16 മദ്രാസ് റെജിമെൻറ് (തിരുവിതാംകൂർ) എക്സ്-സർവീസ്‌മെൻ കേരള വിംഗ് 50-ാമത് ബാറ്റിൽ ഓണർ ഡേ ആഘോഷിച്ചു

191
0
സ്വർണ്ണിം വിജയ് വർഷ് ആഘോഷങ്ങളുടെ ഭാഗമായി 16-ആം ബറ്റാലിയൻ മദ്രാസ് റെജിമെൻറ്  (തിരുവിതാംകൂർ) വിമുക്തഭടൻമാരുടെ കേരള വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ-പാക് യുദ്ധ വിജയത്തിന്റെ അൻപതാം വാർഷികം ഇന്ന് (ഡിസംബർ 16, 2021) തിരുവനന്തപുരത്തെ ഹിന്ദി പ്രചാരസഭ ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. 16 മദ്രാസ് റെജിമെന്റ് കമാൻഡിംഗ് ഓഫീസർ വിമുക്‌ത ഭടന്മാർ തുടങ്ങിയവർ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചതിനു ശേഷമാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തിരുവിതാംകൂർ രാജകുടുംബാംഗമായ ശ്രി  ആദിത്യ വർമ്മ വിളക്ക് തെളിയിച്ച് ചടങ്ങുകൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മലയാള ചലച്ചിത്ര നടൻ ശ്രീ.കൃഷ്ണകുമാർ വിശിഷ്ടാതിഥിയായിരുന്നു. 16 മദ്രാസ് റെജിമെന്റിൽ നിന്നുള്ള 1971ലെ യുദ്ധ സേനാനികളായ മേജർ പിബിആർ കുമാരൻ, ക്യാപ്റ്റൻ അനിൽ കുമാർ, ക്യാപ്റ്റൻ ഗോപി, ക്യാപ്റ്റൻ രാജൻ എന്നിവരെ ചടങ്ങിൽ ആദരിക്കുകയും അവരുടെ യുദ്ധ സേവന കാലത്തേ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. യുദ്ധത്തിൽ വീരമൃത്യു വരിച്ച യോദ്ധാക്കളെ അനുസ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു. ചടങ്ങിൽ 16-ലെ മദ്രാസ് റെജിമെന്റിന്റെ ചരിത്രവും 1971ലെ യുദ്ധ വിജയത്തിന് നൽകിയ സംഭാവനകളും, പ്രത്യേകിച്ച് പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ യുദ്ധ വിജയത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയ ബസന്തർ യുദ്ധ ചരിത്രവും പ്രദർശിപ്പിച്ചു. വിവിധ സാംസ്കാരിക കലാപരിപാടികളും സൗഹൃദ സംഗമങ്ങളും ചടങ്ങിൽ സംഘടിപ്പിച്ചു.

രണ്ടാം തിരുവിതാംകൂർ നായർ കാലാൾപ്പട എന്നറിയപ്പെട്ടിരുന്ന 16-ആം ബറ്റാലിയൻ 1951 ഏപ്രിലിൽ ജമ്മു & കശ്മീരിൽ സേവനമനുഷ്ഠിക്കുമ്പോഴാണ്  ഭാരതീയ   സൈന്യത്തിന്റെ ഭാഗമാക്കപ്പെട്ടത്ത്. 1954 മെയ് മാസത്തിൽ, ബറ്റാലിയനെ "16-ആം ബറ്റാലിയൻ മദ്രാസ് റെജിമെന്റ് (തിരുവിതാംകൂർ)" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ വിജയത്തിൽ ബറ്റാലിയന്റെ പങ്ക് വളരെ വലുതാണ്. 1971 ഡിസംബർ 15 മുതൽ 17 വരെയാണ് ബറ്റാലിയൻ ബസന്തർ യുദ്ധം എന്നറിയപ്പെടുന്ന പ്രധാനപ്പെട്ട യുദ്ധമുന്നേറ്റം നടത്തിയത്. 16 മദ്രാസ് റെജിമെൻറ് (തിരുവിതാംകൂർ) ആണ്. പടിഞ്ഞാറൻ പാകിസ്താനിലെ സിയാൽകോട്ട് ജില്ലയിലെ ബസന്ത നദിക്ക് കുറുകെയുള്ള പാലം പിടിച്ചെടുക്കുകയും മൈൻഫീൽഡ് നിർവീര്യമാക്കുകയും തുടർന്നുള്ള ആക്രമണങ്ങളെ ചെറുത്തു തോൽപ്പിക്കുകയും ശത്രുവിന്റെ ശക്തി കേന്ദ്രങ്ങളെല്ലാം യുദ്ധത്തിലില്ലാതാക്കുകയും ചെയ്തത്.