രാജ്യത്തുടനീളം ബ്രോഡ്‌ബാൻഡ് അതിവേഗം വ്യാപിപ്പിക്കുന്നതിനുള്ള അനുമതികൾ വേഗത്തിലാക്കാൻ, കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലെ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (DoT), സംസ്ഥാന ഐടി സെക്രട്ടറിമാരുമായും, വകുപ്പിന്റെ ഹെഡ് ഓഫീസ്, ഫീൽഡ് യൂണിറ്റുകളിൽ നിന്നുള്ള ഓഫീസർമാരുമായും ഒരു യോഗം ചേർന്നു. യോഗത്തില് സെക്രട്ടറി (ടെലികോം) ശ്രീ കെ രാജാരാമൻ അധ്യക്ഷത വഹിച്ചു.
ആശയവിനിമയ സേവനങ്ങളുടെ വളർച്ചയ്ക്ക് വലിയ തടസ്സമാകുമെന്നതിനാൽ നിർമാണ പ്രവർത്തികൾക്കുള്ള ‘റൈറ്റ് ഓഫ് വേ’ അനുമതികൾ നൽകുന്നതിൽ കാലതാമസം വരുത്തരുതെന്ന് യോഗത്തിൽ ശ്രീ കെ. രാജാരാമൻ ഊന്നിപ്പറഞ്ഞു. സമീപഭാവിയിൽ 5G നിലവിൽ വരുന്നതോടെ പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുമെന്നും അദ്ദേഹം പറഞ്ഞു.
അപേക്ഷ അംഗീകരിക്കൽ പ്രക്രിയയും, പൂർത്തിയാക്കാനുള്ള നടപടികളും അവലോകനം ചെയ്യുന്നതിന് സേവന ദാതാക്കളുമായി പ്രതിമാസ യോഗങ്ങൾ നടത്താനും, സംസ്ഥാന/മുനിസിപ്പൽ അധികാരികളെ സമീപിക്കാനും ടെലികോം വകുപ്പിന്റെ എല്ലാ ഫീൽഡ് യൂണിറ്റുകളോടും ശ്രീ രാജാരാമൻ നിർദ്ദേശിച്ചു. അതത് സംസ്ഥാനങ്ങളിലെ RoW അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ സൗകര്യമൊരുക്കണമെന്ന് സംസ്ഥാന ഗവണ്മെന്റുകളുടെ സെക്രട്ടറിമാരോടും വകുപ്പ് മേധാവികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. സെൻട്രൽ RoW ചട്ടം-2016-നൊപ്പം സംസ്ഥാന നയം സംയോജിപ്പിക്കുന്നതിന് സംസ്ഥാന ബ്രോഡ്‌ബാൻഡ് കമ്മറ്റികളോട് ഇടപെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
രാജ്യത്തുടനീളം ബ്രോഡ്‌ബാൻഡ് അതിവേഗം വ്യാപിപ്പിക്കുന്നതിന് ടെലികോം, അടിസ്ഥാന സൗകര്യ വികസന കമ്പനികൾക്ക് ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും പുതിയ ടവറുകളും സ്ഥാപിക്കേണ്ടതുണ്ട്. സംസ്ഥാന ഗവണ്മെന്റുകളും തദ്ദേശസ്ഥാപനങ്ങളും ആവശ്യമായ RoW അനുമതികൾ ഉടനടി നൽകിയാൽ മാത്രമേ ഇത് സാധ്യമാകൂ.
അതനുസരിച്ച്, COAI, DIPA മുതലായവയുടെ പങ്കാളിത്തത്തോടെ കൃത്യമായ ഇടവേളകളിൽ അത്തരം അനുമതികളുടെ സ്ഥിതി അവലോകനം ചെയ്യാൻ ടെലികോം വകുപ്പ് തീരുമാനിച്ചു.