സായാഹ്‌ന വാർത്തകൾ

151
0

2021 | ഡിസംബർ 9 | വ്യാഴം |1197 | വൃശ്ചികം 24 | അവിട്ടം |

🔳കൂനൂര്‍ ഹെലികോപ്ടര്‍ ദുരന്തത്തില്‍ സംയുക്തസേനാ അന്വേഷണം പ്രഖ്യാപിച്ചു. എയര്‍ മാര്‍ഷല്‍ മാനവേന്ദ്രസിംഗിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. പാര്‍ലമെന്റില്‍ പ്രതിരോധ മന്ത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു.

🔳ഊട്ടി കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര കോയമ്പത്തൂര്‍ സൂലൂരിലെ വ്യോമ താവളത്തിലേക്ക് തിരിച്ചു. വെല്ലിംങ്ങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നിന്ന് റോഡ് മാര്‍ഗമാണ് യാത്ര. പരേഡ് ഗ്രൗണ്ടില്‍ പൂര്‍ണ്ണ ബഹുമതികള്‍ നല്‍കിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, വ്യോമസേന മേധാവി വി ആര്‍ ചൗധരി, തമിഴ്നാട് മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.വിലാപ യാത്രയ്ക്ക് വഴിനീളെ പുഷ്പ വൃഷ്ടി നടത്തുകയാണ് നാട്ടുകാര്‍. വൈകിട്ടോടെ സുലൂരിലെ വ്യോമ താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങള്‍ പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക് പുറപ്പെടും.

🔳കൂനൂരില്‍ അപകടത്തില്‍പ്പെട്ട വ്യോമസേനാ ഹെലികോപ്ടറില്‍ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് വിദഗ്ധ ചികിത്സ. ബെംഗളൂരുവിലെ എയര്‍ഫോഴ്‌സ് കമാന്‍ഡ് ആശുപത്രിയിലേക്ക് വരുണ്‍ സിംഗിനെ മാറ്റും. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വരുണ്‍ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. വരുണ്‍ സിംഗിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു.

🔳കൂനൂരിനടുത്തുള്ള കട്ടേരി പാര്‍ക്കില്‍ സംയുക്തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മറ്റ് 11 പേരുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തിന് തൊട്ടുമുമ്പ് പകര്‍ത്തിയ വീഡിയോ പുറത്ത്. ഊട്ടി കൂനൂരിന് തൊട്ടടുത്തുള്ള ഒരു മീറ്റര്‍ ഗേജ് റയില്‍പ്പാളത്തിലൂടെ നടന്ന് പോകുന്ന ഒരു സംഘമാളുകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹെലികോപ്റ്റര്‍ കനത്ത മൂടല്‍ മഞ്ഞിനുള്ളിലേക്ക് കയറി അദൃശ്യമായതിന് പിന്നാലെ വലിയ സ്‌ഫോടനശബ്ദവും കേള്‍ക്കാം.

🔳കൂനൂരില്‍ അപകടത്തില്‍പ്പെട്ട വ്യോമസേന ഹെലികോപ്ടറില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍. വെല്ലിംഗ്ടണ്‍ എടിസിയുമായി സമ്പര്‍ക്കത്തില്‍ എന്നായിരുന്നു ഏറ്റവും അവസാനം പൈലറ്റ് നല്‍കിയ സന്ദേശം. അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്റെ ഡാറ്റാ റെക്കോര്‍ഡര്‍ അന്വേഷണ സംഘം കണ്ടെത്തി. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധന സഹായിക്കും. സുരക്ഷാ സംവിധാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ വ്യക്തമാകും. വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന.

🔳സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗത്തില്‍ ഇന്ത്യയെ അനുശോചനം അറിയിച്ച് ലോക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും. അമേരിക്കയും ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും അനുശോചനം അറിയിച്ചു. ഇന്ത്യന്‍ ജനതയുടെ വേദനയില്‍ പങ്കുചേരുമെന്ന് യുഎന്‍ അറിയിച്ചു. പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പ്രസ്താവനയിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. ‘ഇന്ത്യന്‍ സൈന്യത്തിന്റെയും ജനതയുടെയും വേദനയില്‍ പങ്കുചേരുന്നു’വെന്ന് അദ്ദേഹം അറിയിച്ചു. ബിപിന്‍ റാവത്തിനെ അനുസ്മരിച്ച് യുഎസ് സംയുക്ത സൈനിക മേധാവിയും രംഗത്തെത്തി. ഇന്ത്യ -യുഎസ് സഹകരണം ശക്തമാക്കിയ വ്യക്തിയെന്ന് ജനറല്‍ മാര്‍ക്ക് മില്ലി അദ്ദേഹത്തെ സ്മരിച്ചു. അഗാധ ദുഃഖം ഇന്ത്യയെ അറിയിക്കുന്നുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

🔳സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. കരസേനാ മേധാവി എം.എം നരവണെയ്ക്കാണ് പദവിയിലേക്കെത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിതല സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.

🔳സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിന് ആദരവുമായി സോണിയ ഗാന്ധി. തന്റെ 75ാം പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് സംയുക്ത സൈനിക മേധാവിക്ക് ആദരമര്‍പ്പിക്കുന്നത്. റാവത്തിനോടുള്ള ആദര സൂചകമായി സോണിയ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അറിയിപ്പും നല്‍കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും അറിയിച്ചു.

🔳ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഒരുവര്‍ഷമായി തുടരുന്ന സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതടക്കമുള്ള ആവശ്യങ്ങള്‍ ഉപാധികളില്ലാതെ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. സമരം അവസാനിപ്പിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് ഇന്നോ നാളേയോ ഉണ്ടാകും. കര്‍ഷരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി കര്‍ഷക സംഘടനകള്‍ അറിയിച്ചു.

🔳മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് കേരളം ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രി വെള്ളം തുറന്നുവിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. വീടുകളില്‍ വെള്ളം കയറി ഉണ്ടായ ദുരിതക്കാഴ്ച്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീംകോടതിയില്‍ നല്‍കുന്ന അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.

🔳കൊവിഡ് കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . പിജി ഡോക്ടര്‍മാരുമായി രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. ഒന്നാംവര്‍ഷ പിജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യം. ഇത് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും വീണ ജോര്‍ജ് പറഞ്ഞു.

🔳ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ തുറന്ന ഷട്ടര്‍ അടച്ചു. 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയ മൂന്നാം നമ്പര്‍ ഷട്ടറാണ് അടച്ചത്. ചൊവ്വാഴ്ച ആണ് ഷട്ടര്‍ തുറന്നത്. നാല് മാസത്തിനിടെ മൂന്ന് തവണയാണ് ഇടുക്കി അണക്കെട്ട് തുറന്നത്. അതേസമയം മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതിയില്‍ കേരളം പുതിയ അപേക്ഷ ഫയല്‍ ചെയ്തു. അണക്കെട്ടില്‍ നിന്ന് രാത്രി വെള്ളം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്നാടിനെ വിലക്കണം എന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്ന് വിടുന്നതിനെ കുറിച്ച് തീരുമാനിക്കാന്‍ പുതിയ സമിതി രൂപീകരിക്കണം എന്ന് കേരളം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെയും അംഗങ്ങള്‍ ഉള്‍പെടുന്നതാകണം സമിതിയെന്നാണ് കേരളത്തിന്റെ നിലപാട്.

🔳ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയില്‍ വീണ്ടും ഇന്ത്യയുടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ . ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ശക്തരായ 100 സ്ത്രീകളുടെ പട്ടികയിലാണ് നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെട്ടിരിക്കുന്നത്. 37ാം സ്ഥാനമാണ് കേന്ദ്രധനകാര്യമന്ത്രിക്ക് എന്നത് ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് നിര്‍മ്മലാ സീതാരാമന്‍ പട്ടികയില്‍ ഇടം പിടിക്കുന്നത്. 2020 ല്‍ 41ാം സ്ഥാനത്തും 2019 ല്‍ 34ാം സ്ഥാനത്തുമായിരുന്നു പട്ടികയില്‍ ധനമന്ത്രിയുടെ സ്ഥാനം.

🔳ടെലികോം, ബ്രോഡ്ബാന്‍ഡ് രംഗത്ത് ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. എന്നിട്ടും ഇന്ത്യയില്‍ 25000-ല്‍ ഏറെ ഗ്രാമങ്ങളില്‍ ഇനിയും മൊബൈല്‍ നെറ്റ് വര്‍ക്കോ ഇന്റര്‍നെറ്റ് കണക്ഷനോ എത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരാണ് ഈ വിവരം വെളിപ്പെടുത്തിയത്.

🔳ദില്ലിയിലെ രോഹിണി കോടതിക്കുള്ളില്‍ സ്ഫോടനം. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കോടതി നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ സെപ്തംബറില്‍ രോഹിണി കോടതിയില്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

🔳ബയേണ്‍ മ്യൂണിച്ചിനോട് തോറ്റ് ബാഴ്‌സലോണ യൂവേഫ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് സാവിയും സംഘവും തോല്‍വി ഏറ്റുവാങ്ങിയത്. ബയേണും ബെന്‍ഫിക്കയുമാണ് ഗ്രൂപ്പ് ഇയില്‍ നിന്ന് നോക്കൗട്ടിലേക്ക് മുന്നേറിയത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില വഴങ്ങി. ഓള്‍ഡ് ട്രാഫഡില്‍ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ യങ് ബോയ്‌സാണ് യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്. കളി സമനിലയില്‍ ആയെങ്കിലും ഗ്രൂപ്പ് ജേതാക്കളായാണ് യുണൈറ്റഡ് നോക്കൗട്ടിലെത്തിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ചെല്‍സിക്ക് സമനില കുരുക്ക്. ആറ് ഗോളുകള്‍ പിറന്ന മത്സരത്തില്‍ റഷ്യന്‍ ക്ലബ് സെനിതാണ് ചെല്‍സിയെ തളച്ചത്. ചെല്‍സി ഉള്‍പ്പെട്ട ഗ്രൂപ്പ് എച്ചില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി യുവന്റസ് നോക്കൗട്ടിലെത്തി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മാല്‍മോയെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് തോല്‍പിച്ചത്.

🔳ബോളിവുഡ് താരങ്ങളെ പിന്തള്ളി രാജ്യത്തെ ഏറ്റവും പവര്‍ഫുള്‍ കപ്പിള്‍സായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് ഹ്യൂമന്‍ ബ്രാന്‍ഡ്സ് നടത്തിയ സര്‍വെയിലാണ് അംബാനി ദമ്പതികള്‍ ഒന്നാമതെത്തിയത്. 94 ശതമാനം സ്‌കോറാണ് അംബാനി നേടിയത്. ബോളിവുഡ് താരദമ്പതികളായ റണ്‍വീര്‍ സിംഗും ദീപിക പദ്കോണുമാണ് പട്ടികയില്‍ രണ്ടാമത് (86%). വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌ക ശര്‍മയുമാണ് മൂന്നാം സ്ഥാനത്ത് (79%). കോര്‍പ്പറേറ്റ് ലോകത്ത് നിന്ന് അഞ്ച് ദമ്പതികളാണ് പട്ടികയില്‍ ഇടംപിടിച്ചത്.

🔳റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ‘നൈറ്റ് ഡ്രൈവ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ച ത്രില്ലര്‍ പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

🔳നവാഗതനായ ഡോ.പ്രഗ്ഭല്‍ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ മഡ്ഡി നാളെ തിയറ്ററുകളിലെത്തും. ഇന്ത്യയിലെ ആദ്യത്തെ 4ഃ4 മഡ് റേസ് സിനിമയാണ് മഡ്ഡി. ഓഫ് റോഡ് മോട്ടോര്‍ സ്‌പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകള്‍ അപൂര്‍വമാണ്. മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. ചിത്രം മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുമായാണ് പ്രദര്‍ശനത്തിന് എത്തുന്നത്.

🔳പെര്‍ത്ത് ആസ്ഥാനമായുള്ള വിമോട്ടോയും ചൈന ആസ്ഥാനമായുള്ള സൂപ്പര്‍ സോകോയും തമ്മിലുള്ള സംയുക്ത സംരംഭമാണ് വിമോട്ടോ സോക്കോ ഗ്രൂപ്പ്. ഇലക്ട്രിക് വാഹനങ്ങള്‍ ലോകമെമ്പാടും അവതരിപ്പിക്കുന്നതിനുള്ള വമ്പന്‍ പദ്ധതികള്‍ ഈ കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കമ്പനി വിമോട്ടോ ഫ്ലീറ്റ് കണ്‍സെപ്റ്റ് എഫ് 01 അവതരിപ്പിച്ചു. ഫുള്‍ ചാര്‍ജ് ചെയ്താല്‍ ഈ സ്‌കൂട്ടറിന് 90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ദുഷ്‌കരവും കഠിനവുമായ സാങ്കേതിക പദങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയും സങ്കീര്‍ണ്ണവുമായ ഈ വിഷയത്തെ ഏതു സാധാരണക്കാരനും മനസ്സിലാക്കുന്ന വിധത്തില്‍ ലളിതമായ പദങ്ങള്‍ ഉപയോഗിച്ചുമുള്ള ഒഴുക്കുള്ളതും അനായസവുമായ രചനാ രീതിയാണ് ഡോ. റിജി ജി നായര്‍ ഈ പുസ്തകത്തില്‍ അവലംബിച്ചിരിക്കുന്നത്. ‘ജലം ജന്മാവകാശം’. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 225 രൂപ.

🔳സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകള്‍ക്ക് ന്യുമോണിയ വരാനുള്ള സാധ്യതയും അത് മൂലം മരിക്കാനുള്ള സാധ്യതയും കുറവാണെന്ന് പുതിയ പഠനം. ‘ജീറോ സയന്‍സ് ജേണലില്‍’ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിവ് വ്യായാമം ന്യുമോണിയയുടെ അപകടസാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കാമെന്ന് മുമ്പത്തെ ഗവേഷണങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകള്‍ക്ക് ന്യുമോണിയയും ന്യുമോണിയ സംബന്ധമായ മരണവും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ പറയുന്നു. പ്രായം, ലിംഗഭേദം, ബോഡി മാസ് ഇന്‍ഡക്സ്, മദ്യപാനം, പുകവലി, മുന്‍കാല രോഗങ്ങള്‍ തുടങ്ങിയവ ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ 30 മിനിറ്റ് നടക്കുന്നത് ന്യുമോണിയ മൂലമുള്ള മരണത്തില്‍ ഒരു സംരക്ഷണ ഫലമുണ്ടാക്കും. കൊവിഡില്‍ നിന്നും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ നിന്നും കടുത്ത ന്യുമോണിയ ഉണ്ടാകുന്നത് ഒരു സാധാരണ സംഭവമാണ്. പതിവായി വ്യായാമം ചെയ്യുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കും. ന്യുമോണിയ സാധാരണയായി ബാക്ടീരിയകളോ വൈറസുകളോ മൂലമുണ്ടാകുന്ന ശ്വാസകോശ കോശങ്ങളിലെ അണുബാധയാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നത് വിട്ടുമാറാത്ത രോഗങ്ങള്‍, ന്യുമോണിയ പോലുള്ള പകര്‍ച്ചവ്യാധികള്‍, അതുപോലെ തന്നെ മരണം എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിവുണ്ടെന്ന് പഠനത്തിന്റെ കണ്ടെത്തലുകളില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 75.49, പൗണ്ട് – 99.71, യൂറോ – 85.47, സ്വിസ് ഫ്രാങ്ക് – 81.97, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.13, ബഹറിന്‍ ദിനാര്‍ – 200.25, കുവൈത്ത് ദിനാര്‍ -249.32, ഒമാനി റിയാല്‍ – 196.08, സൗദി റിയാല്‍ – 20.12, യു.എ.ഇ ദിര്‍ഹം – 20.55, ഖത്തര്‍ റിയാല്‍ – 20.73, കനേഡിയന്‍ ഡോളര്‍ – 59.63.