2021 | ഡിസംബർ 7 | ചൊവ്വ | 1197 | വൃശ്ചികം 22 | ഉത്രാടം |
🔳രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു. മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കൂടുതല്‍ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് പുറത്ത് വരും. രാജ്യത്ത് ഇതുവരെ 23 കേസുകളാണ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ വാക്സീന്‍ ബൂസ്റ്റര്‍ ഡോസെന്ന ആവശ്യം കര്‍ണാടകയും മഹാരാഷ്ട്രയും അടക്കം കൂടുതല്‍ സംസ്ഥാനങ്ങള്‍ ശക്തമാക്കി. ഒമിക്രോണ്‍ വ്യാപനം തീവ്രമായാല്‍ ഫെബ്രുവരിയോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത് പകുതിയിലധികം പേരും വാക്സിന്‍ സ്വീകരിച്ചതിനാലും ഒമിക്രോണിന് അപകട സാധ്യത കുറവായതിനാലും മൂന്നാം തരംഗം രൂക്ഷമാകില്ലെന്നാണ് കരുതുന്നത്.
🔳ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അധികഡോസ് വാക്സീന്‍ നല്‍കുന്നതിലെ തീരുമാനം ലോകാരോഗ്യ സംഘടന നിര്‍ദ്ദേശമനുസരിച്ച് തീരുമാനിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം പരിശോധിക്കാന്‍ ലോകാരോഗ്യ സംഘടന ശാസ്ത്ര ഉപദേശക സമിതി ഇന്ന് യോഗം ചേരും. നിലവില്‍ രാജ്യത്ത് വാക്സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് പ്രതിരോധശേഷി കുറയുന്നതായി റിപ്പോര്‍ട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കുട്ടികളുടെ വാക്സിനേഷനിലെ മാര്‍ഗനിര്‍ദ്ദേശം വൈകാതെ പുറത്തിറക്കിയേക്കും.
🔳കാര്‍ഷിക നിയമവിഷയത്തില്‍ ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. സമരത്തിനിടെ എത്ര കര്‍ഷകര്‍ മരിച്ചു എന്നതിന് കണക്കില്ലെന്ന കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ പ്രതികരിച്ചത്. ‘സമരത്തിനിടെ എത്ര കര്‍ഷകര്‍ മരിച്ചു എന്നതിന് കണക്കില്ലെന്ന് കൃഷി മന്ത്രി പറയുന്നു. നാനൂറോളം കര്‍ഷക കുടുംബങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായ ധനം നല്‍കി. ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് ജോലിയും നല്‍കി. ഈ കണക്കുകള്‍ സഭയുടെ മേശപ്പുറത്ത് വെക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ സഹായ ധനവും ജോലിയും നല്‍കണം.’ രാഹുല്‍ ഗാന്ധി പറഞ്ഞു. സമരത്തില്‍ മരിച്ച കര്‍ഷകര്‍ക്ക് സഹായ ധനം ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കി.
🔳സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചത്. ഇതില്‍ ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്.
🔳മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ആരെയോ ഭയപ്പെടുന്ന പോലെയാണ് പെരുമാറുന്നത്. മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒരാഴ്ചയായി മുല്ലപ്പെരിയാറില്‍ നിന്നും രാത്രികാലങ്ങളില്‍ വെള്ളം ഒഴുക്കി വിട്ടു. പെരിയാര്‍ തീരത്തെ ജനങ്ങള്‍ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലാണ്. സ്ഥിതി ഇത്രയും ഗുരുതരമായിട്ടും ഇതേക്കുറിച്ച് ഒന്നു പ്രതികരിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ലെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.
🔳മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ട് ജനജീവിതം ദുസ്സഹമാക്കുന്നതില്‍ പാര്‍ലമെന്റിലും പ്രതിഷേധം ഉയര്‍ത്താന്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ തീരുമാനിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപടണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടു. യുദ്ധത്തില്‍ സൈന്യാധിപന്‍ കാലുമാറിയത് പോലെയാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് ഡീന്‍ കുര്യാക്കോസ് എംപി കുറ്റപ്പെടുത്തി.
🔳ആരോഗ്യവകുപ്പ് അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസിനെതിരെ അഴിമതി ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡോ. പ്രഭുദാസിന്റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേടാണ് നടക്കുന്നതെന്നും ഇതെല്ലാം സിപിഎം നേതാക്കളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ അനുവദിക്കില്ലെന്നും സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. കോട്ടത്തറ ആശുപത്രി മാനെജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചെന്ന ഡോ. പ്രഭുദാസിന്റെ ആരോപണത്തിന് പിന്നാലെയാണ് സിപിഎമ്മിന്റെ പ്രത്യാരോപണം. അതേസമയം ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നായിരുന്നു ഡോ. പ്രഭുദാസ് പ്രതികരിച്ചത്.
🔳ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രധിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ സെക്രട്ടേറിയറ്റ് പടിക്കല്‍ ഡിസംബര്‍ 8 മുതല്‍ അനിശ്ചിതകാല നില്‍പ് സമരം പുനരാരംഭിക്കും. രോഗീ പരിചരണത്തിന് ബുദ്ധിമുട്ടുണ്ടാകാതെ ട്രെയിനിങ്ങുകള്‍, മീറ്റിംഗുകള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
🔳വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി ജയരാജനെ കെ കെ രമ കൊലയാളിയെന്ന് വിളിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ എടുത്ത കേസ് തള്ളി. കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.
🔳വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ട നടപടി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. വിഷയത്തില്‍ വിശദമായ ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍ അടക്കം ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
🔳വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട വിഷയത്തില്‍ തങ്ങള്‍ നേരത്തെ തന്നെ മുഖ്യമന്ത്രിയുമായി ആശയ വിനിമയം നടത്തിയെന്ന് കാന്തപുരം വിഭാഗം. നിയമനങ്ങളില്‍ സുതാര്യത വേണമെന്നാണ് നിലപാടെന്നും പിന്‍വാതില്‍ നിയമനം നടക്കുന്നുണ്ടെന്നും ഇത് പാടില്ലെന്നും എസ് വൈ എസ് അധ്യക്ഷന്‍ അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു. വഖഫ് സ്വത്തുക്കള്‍ വ്യത്യസ്ത ആശയക്കാരായ പലരും കയ്യേറി. ഇത്തരം വഖഫ് സ്വത്തുക്കള്‍ സുന്നികള്‍ക്ക് തിരിച്ചു ലഭിക്കേണ്ടതുണ്ട്. ഭൂരിപക്ഷം സ്വത്തുക്കളും കയ്യേറിയത് സലഫികളാണ്. കോഴിക്കോട് നഗരത്തില്‍ മാത്രം 11 പള്ളികളുടെ സ്വത്ത് അന്യാധീനപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
🔳ഹരിത വിഷയത്തില്‍ യൂത്ത് ലീഗില്‍ നിന്നും പുറത്താക്കിയ പി പി ഷൈജല്‍ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ വീണ്ടും രംഗത്ത്. പുത്തുമല ദുരിതബാധിതര്‍ക്ക് വേണ്ടി പിരിച്ച ഒരു കോടിയോളം രൂപ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിരിക്കുന്നവര്‍ വക മാറ്റിയെന്നും ദുരന്തബാധിതര്‍ക്ക് വേണ്ടി ഒരു വീടിന്റെ പണിപോലും ഇതുവരെയായിട്ടും തുടങ്ങിയിട്ടില്ലെന്നും ഷൈജല്‍ ആരോപിച്ചു. പാര്‍ട്ടിയിലെ അഴിമതിക്കെതിരെ പരാതി നല്‍കുന്നവരെ പുറത്താക്കുകയാണ് പാണക്കാട് തങ്ങള്‍ അടക്കമുള്ള സംസ്ഥാന നേതൃത്വം ചെയ്യുന്നത്. പ്രതിഷേധമുള്ള പഞ്ചായത്ത് കമ്മിറ്റികള്‍ വരെ പിരിച്ചുവിട്ടാണ് വയനാട് ജില്ല മുസ്ലീംലീഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനമെന്നും ഷൈജല്‍ ചൂണ്ടിക്കാട്ടി. ജില്ലാ ജോയിന്റ് സെക്രട്ടറി യഹിയാഖാന്‍ ആണ് ‘മന്നാര്‍ക്കുടി മാഫിയ’യെ നിയന്ത്രിക്കുന്നതെന്നും ഷൈജല്‍ ആരോപിച്ചു. വയനാട് മുസ്ലീം ഓര്‍ഫനേജിനെ മറയാക്കി കെ.എം. ഷാജി പക്ഷമാണ് പാര്‍ട്ടിയെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതെന്നും ഷൈജല്‍ ആരോപിച്ചു.
🔳മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി സൈജു തങ്കച്ചന്റെ ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ നഖവും മുടിയും പരിശോധിക്കും. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തെളിയിക്കാനാണ് ഈ പരിശോധന. ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ആറ് മാസം വരെ മുടിയിലും നഖത്തിലും അതിന്റെ അംശമുണ്ടാവും.
🔳അസം കവിയും അക്കാദമിക്കുമായ നീല്‍മണി ഫൂക്കന് ഈ വര്‍ഷത്തെ ജ്ഞാനപീഠപുരസ്‌കാരം. അസം സാഹിത്യത്തിലെ സിംബോളിക് കവിയായി അറിയപ്പെടുന്ന നീല്‍മണി ഫൂക്കന്‍ കേന്ദ്ര, സംസ്ഥാന സാഹിത്യഅക്കാദമി അവാര്‍ഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്.
🔳വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ സ്‌കൂള്‍ ആക്രമിച്ചു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്റ് ജോസഫ് സ്‌കൂളിലാണ് സംഭവം. ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിയുകയായിരുന്നു എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥിളുടെ കണക്ക് പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമം. എട്ട് വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ മതംമാറ്റിയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നതോടെയാണ് ആക്രമണം ഉണ്ടായത്.
🔳അടുത്ത വര്‍ഷം ബെയ്ജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിന് നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ച് അമേരിക്ക. നടപടി ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഗെയിംസില്‍ നിന്ന് നയതന്ത്ര സംഘം വിട്ടുനില്‍ക്കും. എന്നാല്‍ കായികതാരങ്ങള്‍ പങ്കെടുക്കും. അതേസമയം രൂക്ഷ വിമര്‍ശനവുമായി ചൈന രംഗത്തെത്തി. കായികരംഗത്തെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് ചൈനയുടെ പ്രതികരണം.
🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവേര്‍ട്ടണെതിരെ ആഴ്‌സനലിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് എവേര്‍ട്ടണിന്റെ ജയം. ഇഞ്ചുറിടൈമില്‍ ഡെമറായ് ഗ്രേ നേടിയ ഗോളാണ് എവേര്‍ട്ടണ് ജയം സമ്മാനിച്ചത്.
🔳മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 736 മില്യണ്‍ ഡോളര്‍ (5500 കോടി രൂപ) വായ്പയെടുത്തു. നോര്‍വീജിയന്‍ സോളാര്‍ പാനല്‍ നിര്‍മ്മാതാക്കളായ ആര്‍ഇസി സോളാര്‍ ഹോള്‍ഡിങ്ങിനെ ഏറ്റെടുക്കുന്നതിനായാണ് വായ്പ. ഗ്രീന്‍ ലോണ്‍ സംവിധാനത്തിലൂടെയാണ് റിലയന്‍സ് വായ്പയെടുക്കുന്നത്. ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ബാങ്കിങ് ഗ്രൂപ്പ്, ഡി.ബി.എസ് ബാങ്ക്, ക്രെഡിറ്റ് അഗ്രിഹോള്‍, എച്ച്.എസ്.ബി.സി, എം.യു.എഫ്.ജി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളാണ് റിലയന്‍സിനായി വായ്പ നല്‍കുക. മറ്റൊരു ധനകാര്യ സ്ഥാപനത്തെ ഏറ്റെടുക്കുന്നതിന് റിലയന്‍സ് ഇതാദ്യമായാണ് വായ്പയെടുക്കുന്നത്.
🔳മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡില്‍, 375 കോടി രൂപയുടെ (50 മില്യണ്‍ ഡോളര്‍) ‘സീരീസ്-സി’ ഓഹരി നിക്ഷേപം നടത്തി ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ (ജിപിസി). 2022 ജൂണില്‍ കമ്പനിയുടെ ഓപ്ഷനില്‍,150 കോടി രൂപയുടെ അധികനിക്ഷേപത്തിനും യുകെ ആസ്ഥാനമായുള്ള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജിപിസിയുമായി ധാരണയായി. കോവിഡിന് ശേഷം രാജ്യത്തെ ഒരു മൈക്രോഫിനാന്‍സ് കമ്പനിയില്‍ നടക്കുന്ന ഏറ്റവും വലിയ മൂലധന സമാഹരണമാണ് ഈ നിക്ഷേപം.
🔳ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിര്‍മിച്ച ചിത്രം ജിബൂട്ടി ഡിസംബര്‍ 31 ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. അമിത് ചക്കാലക്കല്‍ നായകനാകുന്ന സിനിമ എസ് ജെ സിനുവാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന്‍ കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
🔳വിനീത് ശ്രീനിവാസന്‍ ചിത്രം ‘ഹൃദയം’ ത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍. പ്രണവ് മോഹന്‍ലാല്‍ നായകനായ ‘അരികില്‍ നിന്ന’ എന്ന ഗാനമാണ് ഇപോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ഹൃദയം’ എന്ന ചിത്രത്തിലെ പുതിയ ഗാനവും സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹേഷം അബ്ദുള്‍ വഹാബാണ്. അരുണ്‍ അലാട്ട് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുമ്പോള്‍ ആലപിച്ചിരിക്കുന്നത് ജോബ് കുര്യനാണ്. ദര്‍ശന, കല്യാണി പ്രിയദര്‍ശന്‍, അരുണ്‍ കുര്യന്‍, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
🔳മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ വാഹനമാണ് സ്‌കോര്‍പിയോ. പുതിയ തലമുറ മഹീന്ദ്ര സ്‌കോര്‍പിയോ അടുത്ത വര്‍ഷത്തെ ഏറ്റവും വലിയ പുതിയ കാര്‍ ലോഞ്ചുകളില്‍ ഒന്നായിരിക്കും. സ്‌കോര്‍പിയോ എസ്യുവി കമ്പനി ആദ്യമായി അവതരിപ്പിച്ചത് 2002 ജൂണ്‍ 20-ന് ആയിരുന്നു. അതുകൊണ്ട് വാഹനത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി അതേ ജൂണ്‍ 20നു തന്നെ, പുതുതലമുറ മോഡല്‍ പുറത്തിറക്കിയേക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
🔳ചക്രവര്‍ത്തിയുടെ നാലു കടങ്കഥകള്‍ക്ക് ഉത്തരം കണ്ടെത്തി കുതിരക്കുട്ടിയെ സ്വന്തമാക്കുന്ന പെണ്‍കുട്ടി, ഏറ്റവും നന്നായി കള്ളം പറഞ്ഞതിനുള്ള സ്വര്‍ണം സമ്മാനമായി രാജാവില്‍നിന്നു നേടിയെടുക്കുന്ന ബുദ്ധിമാനായ കൃഷിക്കാരന്‍, അനാഥക്കുട്ടിയായ നടാഷയെ സ്വന്തം ജീവന്‍ ത്യജിച്ചും സഹായിക്കുന്ന ചെമ്പന്‍കുതിര… കൂടാതെ വേതാളം, വിഡ്ഢികളുടെ ലോകം, നിര്‍ഭാഗ്യവാനായ ഇവാന്‍, തവളരാജകുമാരിയുടെ കഥ, ഭീകരരൂപിയായ പട്ടാളക്കാരന്‍ തുടങ്ങി പതിനാലു കഥകള്‍. ‘നടാഷയും ചെമ്പന്‍ കുതിരയും’. ആശാകൃഷ്ണന്‍. മാതൃഭൂമി. വില 120 രൂപ.
🔳കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന് ശാസ്ത്രീയമായിത്തന്നെ എന്ത് ചെയ്യാമെന്ന ഗവേഷണത്തിലാണ് ഗവേഷകലോകം. ഇപ്പോഴിതാ യുഎസില്‍ നിന്നുള്ളൊരു ഗവേഷകസംഘം കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള ‘ച്യൂയിംഗ് ഗം’ വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ്. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകന്‍ ഹെന്റി ഡാനിയേല്‍ ആണ് ഈ ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്. പ്രത്യേക വിഭാഗത്തില്‍ പെടുന്ന ചെടികളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രോട്ടീന്‍ ഉപയോഗിച്ചാണ് ഇവര്‍ ‘ച്യൂയിംഗ് ഗം’ തയ്യാറാക്കുന്നത്. ഉമിനീര്‍ ഗ്രന്ഥിയില്‍ വച്ച് വൈറസുകള്‍ പെരുകുന്നത് തടയാന്‍ ഇതിന് കഴിയുമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. സാധാരണഗതിയില്‍ അണുബാധയേറ്റയാളില്‍ ഉമിനീരിലൂടെ വൈറസ് പെരുകുയും ഇത് തുമ്മല്‍, ചുമ, സംസാരം, ചിരി എന്നിങ്ങനെയുള്ള പ്രവര്‍ത്തികളിലൂടെ പുറത്തേക്ക് എത്തുകയും അടുത്ത ആളില്‍ പ്രവേശിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഈ ‘ച്യൂയിംഗ് ഗം’ വൈറസുകള്‍ ലോഡ് ആയി ഉണ്ടാകുന്നത് തടയുന്നു. തന്മൂലം തന്നെ രോഗിയില്‍ നിന്ന് അടുത്തയാളിലേക്ക് രോഗമെത്താനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. തങ്ങള്‍ വികസിപ്പിച്ചെടുത്ത ഈ ‘ച്യൂയിംഗ് ഗം’ ക്ലിനിക്കല്‍ ട്രയലിലൂടെ ഫലപ്രദമാണെന്ന് തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ് ഗവേഷകരുടെ ആവശ്യം. പരീക്ഷണത്തിലൂടെ തൃപ്തികരമായ ഫലം ലഭിച്ചാല്‍ കൊവിഡ് രോഗികള്‍ക്ക് ഇത് ലഭ്യമാക്കാനുള്ള മാര്‍ഗങ്ങളും തേടുകയാണ് ഗവേഷകര്‍.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 75.33, പൗണ്ട് – 100.09, യൂറോ – 85.04, സ്വിസ് ഫ്രാങ്ക് – 81.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.35, ബഹറിന്‍ ദിനാര്‍ – 199.81, കുവൈത്ത് ദിനാര്‍ -248.87, ഒമാനി റിയാല്‍ – 195.65, സൗദി റിയാല്‍ – 20.08, യു.എ.ഇ ദിര്‍ഹം – 20.51, ഖത്തര്‍ റിയാല്‍ – 20.69, കനേഡിയന്‍ ഡോളര്‍ – 59.17.