‘ഭൂമി പിളരും പോലെ’…കാലത്തിന്റെ കയ്യൊപ്പ്

213
0
 സബിത ചങ്ങരംകുളം

ഭൂപടമില്ലാത്ത കഥായാത്രികന്‍ എന്ന തലെക്കെട്ടോട് കൂടി ശ്രീ. സുകുമാരന്‍ പെരിയച്ചൂരിന്റെ അവതാരികയില്‍ മലയാള കഥാലോകത്തിലേയ്ക്ക് ചുവടുവെയ്ക്കുന്ന യുവ എഴുത്തുകാരന്‍ ടി.വി സജിത്തിന്റെ 'ഭൂമി പിളരും പോലെ' എന്ന കഥാസമാഹാരത്തിലെ ഓരോ കഥയും ലളിതം സുന്ദരം എതിന്റെ ദൃശ്യാക്ഷരങ്ങളാണ്.
കേവലം അക്ഷരക്കൂട്ടുകള്‍ മാത്രമല്ല ഒരു സൃഷ്ടിയുടെ ആധാരം. കഥാകാരന്റെ ഓരോ വാക്കും വായനക്കാരന്റെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങളാകണം. കാലികപ്രസക്തിയാര്‍ജ്ജിച്ച വാഗ്മയ ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ സമാഹാരം വായനക്കാരന്റെ ചിന്തയെ ഉണര്‍ത്തുന്നവയാണ്. 
കഥാകാരനെ വ്യത്യസ്ഥനാക്കുന്നത് അയാളുടെ കഥാശൈലി തന്നെയാണ്. ഗ്രാമീണഭാഷയില്‍ വളരെ മനോഹരമായി ഓരോ കഥാപാത്രത്തെയും സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ വൈഭവം പ്രശംസനീയം തന്നെ.
'ഭൂമി പിളരും പോലെ' എന്ന കഥാസമാഹാരത്തില്‍ കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഇതിലെ പതിനഞ്ച് കഥകളിലും കാലത്തിന്റെ കാല്‍പാടുകള്‍ കാണാം.
ഈ സമാഹാരത്തിലെ പ്രഥമ കഥയായ 'നഗ്നമാതൃത്വ'ത്തില്‍ കവളപ്പാറ ദുരന്തത്തിന്റെ ഓര്‍മപ്പെടുത്തലോടൊപ്പം, പേറ്റുനോവിന്റെ ഭീതിയും ഒരേ സമയം കഥാകാരന്‍ വരച്ചു ചേര്‍ക്കുന്നു.
വിയര്‍പ്പുരുക്കി സ്വയം പര്യാപ്തമാക്കിയ മാതാപിതാക്കളെ വാര്‍ദ്ധക്യത്തില്‍ മക്കളാല്‍ തെരുവിലുപേക്ഷിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ രക്തബന്ധത്തിന്‍ കെട്ടുറപ്പില്ലാത്ത നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുന്ന മനുഷ്യത്വം മരവിക്കാത്ത യുവതലമുറയെ 'എന്റെ മാത്രം ദേവമ്മ'യില്‍ നമുക്ക് കാണാന്‍ സാധിക്കും.
കാലമെത്ര പുരോഗതി കൈവരിച്ചെങ്കിലും കരിപുരണ്ട നാലു ചുവരിനുള്ളില്‍ പുകഞ്ഞു തീരുന്ന വെറും വിറകു കൊള്ളികള്‍ മാത്രമാണ് ഇന്നും പലവീടുകളിലും പെണ്ണെന്ന പരമാര്‍ത്ഥം. 'നിന്റെ മാത്രം സിലി'യിലൂടെ കഥാകൃത്ത് തുറു കാട്ടുന്നു.
തലമുറയുടെ പിന്തുടര്‍ച്ചാവകാശം സ്വന്തം രക്തത്തില്‍ പിറന്ന കുഞ്ഞിനേയുള്ളൂ എന്ന വിശ്വാസത്തില്‍ തന്നില്‍ പിറവിയെടുക്കുന്ന കുഞ്ഞിനെ കൊതിക്കുന്ന കഥയാണ് 'കുഞ്ഞിക്കാല്‍ കാണാന്‍'.
കാമ കണ്ണുകള്‍ക്ക് ബന്ധങ്ങള്‍ ഒരു തടസമല്ലെന്നുള്ള പുത്തന്‍ തലമുറയുടെ തുറന്നു പറിച്ചിലാണ് 'ഭൂമി പിളരും പോലെ' എന്ന കഥയില്‍ കഥാകൃത്ത് വരച്ചു കാട്ടുത്.
'ഇരട്ട കൊലയില്‍ ഞാന്‍' എന്നത് ഇന്നത്തെ നമ്മുടെ രാഷ്ട്രീയ അരുംകൊലകളുടെ നേര്‍കാഴ്ചയാണ്.
'മൈഥിലി', 'പകയില്‍ തീര്‍ന്ന ഞാന്‍', 'അതേ ആക്ടീവാ' എന്നീ കഥകളിലൂടെ നമ്മളില്‍ ഒരു വിചിന്തനത്തിന്റെ തിരി തെളിയിക്കാന്‍ കഥാകൃത്തിനു സാധിച്ചു എന്ന് നിസ്സംശയം പറയാം.
മതം ഒരു വിശ്വാസമാണ് എതില്‍ തര്‍ക്കമില്ല. പക്ഷേ, മതഭ്രാന്തന്മാര്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ചെയ്തു കൂട്ടുന്ന പേക്കൂത്തുകളുടെ നേര്‍കാഴ്ചയാണ്. 'സ്വാതന്ത്ര ജിഹാദ്' എന്ന കഥാതന്തുവെന്നതിനൊപ്പം ഒരു യഥാര്‍ത്ഥ മതവിശ്വാസി തികഞ്ഞൊരു ദേശസ്‌നേഹി തന്നെയായിരിക്കുമെന്ന പരമാര്‍ത്ഥം നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.    
വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കാത്തവരുടെ കഥ പറയുന്ന 'ശബരി സ്ത്രീ' എന്നത് കഴിഞ്ഞ കാലങ്ങളില്‍ വിശ്വാസ സമൂഹത്തിന്റെ നെഞ്ചിലേറ്റ മുറിവിന്റെ ഒരു ഓര്‍മപ്പെടുത്തലാണ്.
ബാല്യത്തില്‍ കഷ്ടപ്പാടിന്‍ കാണാക്കയങ്ങള്‍ താണ്ടി സ്വപ്നങ്ങള്‍ കയ്യെത്തും ദൂരത്തെത്തിയിട്ടും പൂവണിയാതെ പോയ യുവാവിന്റെ കഥ പറയുന്ന 'വിദേശ അലാറവും' നമ്മുടെ ഇടയിലുള്ളവരുടെ കഥ തന്നെയാണ്.
'മാ ദൈവമാ', 'ഏതോ ഒരാള്‍', 'അപ്‌സ് ആന്‍ഡ് ഡൗസ്' എന്നീ കഥകളെല്ലാം തന്നെ വായനക്കാരന് അരോചകമല്ലാത്ത രീതിയില്‍ കഥാകൃത്ത് ഇതില്‍ സിവേശിപ്പിച്ചിരിക്കുന്നു.
ഈ പുസ്തകത്തിലെ പതിനഞ്ചു കഥകളും തികച്ചും വ്യത്യസ്തവും ആസ്വാദ്യവുമാണെന്ന് സമ്മതിക്കാതെ വയ്യ.
ലളിത സുന്ദരമായ ഭാഷാ ശൈലി കൊണ്ട് തികച്ചും പച്ചയായ ജീവിത കഥകള്‍ മലയാളത്തിനു സമ്മാനിച്ച ശ്രീ വൈക്കം മുഹമ്മദ് ബഷീറിനോട് കിടപിടിക്കുന്ന തനത് ഭാഷാ പ്രയോഗത്തിലൂടെ പുതിയൊരു വിപ്ലവം സൃഷ്ടിക്കുകയാണ് കഥാകാരന്‍ എന്നതില്‍ സംശയമില്ല.
നവരസങ്ങളുടെ ദീപ്തഭാവങ്ങള്‍ ഓരോ കഥകളിലൂടെയും വളരെ ചിട്ടയായും മനോഹരമായും എഴുതി ചേര്‍ത്തതു കൊണ്ടു തന്നെ മനുഷ്യ മനസ്സിന്നാഴങ്ങളില്‍ ഇതിലെ ഓരോ കഥയും വേരൂന്നുന്നു എന്ന് തന്നെ പറയാം.
മലയാള സാഹിത്യത്തില്‍ ചരിത്രം കുറിക്കാന്‍ തന്റെ ഈ കൊച്ചു പുസ്തകം കൊണ്ട് തന്നെ ഈ യുവ എഴുത്തുകാരന് കഴിഞ്ഞു എത് അത്ഭുതാവഹം തന്നെ.
വായനക്കാരില്‍ നിന്നും വായനക്കാരിലേക്ക് നിരൂപണപ്രശംസപറ്റി നാലാം പതിപ്പിലെത്തി നില്‍ക്കുന്ന ഈ പുസ്തകം ഏറെ വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ സൃഷ്ടിയാണെന്ന് നിസ്സംശയം പറയാം. ഇനിയും മലയാള ചെറുകഥാ സാഹിത്യത്തില്‍ ഇതുപോലെയുള്ള നല്ല സൃഷ്ടികള്‍ സമ്മാനിക്കാന്‍ കഥാകൃത്തിനു സാധിക്കട്ടെ എന്നാശംസിക്കുന്നു.

പ്രസാധകര്‍: കൈരളി ബുക്‌സ്, കണ്ണൂര്‍
മുഖവില: 140
കോപ്പികള്‍ക്ക്: 9847030405, 9447263609