ശബരിമല ദര്‍ശനം നടത്തുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധന. വെര്‍ച്ചല്‍ ക്യൂ വഴി തിങ്കളാഴ്ച (നവംബര്‍ 29) 25,271 പേര് ബുക്ക് ചെയ്തിരുന്നതില്‍ ഉച്ചയ്ക്ക് 12 വരെ 13,248 പേര് ദര്‍ശനം നടത്തി. വെര്‍ച്ചല്‍ ക്യൂ വഴി 2,31020 പേര് ബുക്ക് ചെയ്തതില്‍ ഇന്നലെ (ഞായര്‍) വരെ 1,53,682 പേര് ദര്‍ശനം നടത്തി.
ശനിയും ഞായറും തീര്‍ഥാടകരുടെ വരവ് വര്‍ധിച്ചിട്ടുണ്ട്. തിങ്കളാഴ്ച (29) കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ വലിയ തോതില്‍ എത്തി. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ എല്ലാം സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി ബസുകള്‍, കുടിവെള്ളം, അന്നദാനം, ശുചിമുറികള്‍, എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, അലോപ്പതി, ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സുഖ ദര്‍ശനത്തിനും വഴിപാടുകള്‍ നടത്തുന്നതിനും ആവശ്യമായ ക്രമീകരണങ്ങള്‍ ദേവസ്വം ബോര്‍ഡും സജ്ജമാക്കിയിട്ടുണ്ട്. ശബരിമല എഡിഎം അര്ജന് പാണ്ഡ്യന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി അവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ദേവസ്വം ബോര്‍ഡ്, കെഎസ്ആര്‍ടിസി, ആരോഗ്യ വകുപ്പ്, റവന്യു, പോലീസ്, വനം വകുപ്പ്, ഫയര്‍ ഫോഴ്സ്, കെഎസിഇബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയവ വിവിധ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.