ഭരണാധികാരികളില്‍ നിന്ന് ഭരണഘടനയ്ക്ക് ബഹുമാനം ലഭിച്ചത് 2014 മുതല്‍: കാങ്കെ ജയകുമാര്‍

130
0

കോഴിക്കോട്: ഭരണകൂടത്തിന്റെ ആദരവും ബഹുമാനവും ഭരണഘടനയ്ക്ക് ലഭ്യമായിത്തുടങ്ങിയത് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത 2014 മുതലാണെന്ന് പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി അഡ്വ. കാങ്കെ ജയകുമാര്‍ പറഞ്ഞു. ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി പട്ടികജാതി മോര്‍ച്ച കോഴിക്കോട് ജില്ല കമ്മിറ്റി ‘അംബേദ്കറും നരേന്ദ്രമോദി സര്‍ക്കാരും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ഭാരതീയനും അവകാശങ്ങളെയും കടമകളെയും പറ്റി വ്യക്തമായ അവബോധമുണ്ടാക്കുന്നതിനാണ് മോദി സര്‍ക്കാര്‍ ഭരണഘടനാദിനം രാജ്യമൊട്ടാകെ ആചരിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനുതകുന്ന നിരവധി ഭരണപരിഷ്‌കാരങ്ങളാണ് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് നടപ്പാക്കിയതെന്നും കാങ്കെ ജയകുമാര്‍ പറഞ്ഞു.
എസ്‌സി മോര്‍ച്ച സംസ്ഥാന ജില്ല പ്രസിഡന്റ് മധു പുഴയരികത്തിന്റെ അധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ ബിജെപി ജില്ല അധ്യക്ഷന്‍ അഡ്വ. വി.കെ. സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്‌സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. കയ്യാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എം. മോഹനന്‍, ജില്ല ട്രഷറര്‍ രൂപേഷ് പണിക്കര്‍, ബിജെപി ജില്ല ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശ്യാം അശോക് എന്നിവര്‍ സംസാരിച്ചു. മനോജ് മുള്ളമ്പലം സ്വാഗതവും പ്രവീണ്‍ ശങ്കര്‍ നന്ദിയും പറഞ്ഞു.