തിരുവന്തപുരത്ത് നിന്ന് നെടുമ്പാശേരിക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് ഇന്‍ഡിഗോ. വൈകിട്ട് 5.30 ന് കൊച്ചിയിലേക്ക് പോകുന്ന വിമാനം രാവിലെ തിരികെ സർവീസ് നടത്തും. തിരുവന്തപുരം- പൂനൈ വിമാനസർവീസിന് ഡിസംബർ 15ന് തുടക്കമാവും. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് വിവിധ വിമാനകമ്പനികളുമായി നടത്തിയ ചർച്ചയിലാണ് പുതിയ സർവീസുകൾക്ക് തുടക്കമായത്.
സംസ്ഥാനത്തിനകത്തെ വിമാനയാത്ര സർവീസുകൾക്ക് പുത്തൻ ഉണർവുമായാണ് തിരുവനന്തപുരം -കൊച്ചി വിമാന സർവീസ് വരുന്നത്. ഇൻഡിഗോയും എയർപോർട്ട് അതേറിറ്റിയും തമ്മിലുള്ള തർക്കങ്ങളെ തുടർന്ന് രണ്ട് വർഷം മുമ്പ് തിരു- കൊച്ചി വിമാന സർവീസ് നിർത്തിയത്. ഇതേ തുടർന്ന് കൊച്ചിയിലേക്ക് എത്തണമെങ്കിൽ ബസോ ട്രെയിനോ മാത്രമായിരുന്നു പൊതുഗതാഗതം. വിമാനമാർഗം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിൽ എത്തണമെങ്കിൽ ബാംഗ്ലൂരുവിലോ മുംബൈയിലെ എത്തി വേണമായിരുന്നു യാത്ര ചെയ്യാൻ. വൈകിട്ട് അഞ്ചരക്ക് തിരുവനന്തപുരത്ത് നിന്ന് തിരിക്കുന്ന വിമാനം ഒരു മണിക്കൂർ കൊണ്ട് കൊച്ചിയിലെത്തും. രാവിലെ 9.45നാണ് കൊച്ചിയിൽ നിന്ന് തിരികെ തിരുവനന്തപുരത്തേക്ക് സർവീസ്. 3800 മുതൽ 4000 വരെയാണ് ഓൺലൈൻ സൈറ്റുകളിൽ ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് കൂടുതൽ ആഭ്യന്തര സർവീസുകളാണ് ലക്ഷ്യമിടുന്നത് . ഇതിന്റെ ആദ്യഘട്ടമാണ് തിരുവനന്തപുരം -കൊച്ചി പ്രതിദിന വിമാനം. തിരുവനന്തപുരത്ത് നിന്ന് ഡൽഹിക്ക് നേരിട്ടുള്ള ഇൻഡിഗോയുടെ ഒരു സർവീസ് കൂടി തുടങ്ങുന്ന കാര്യത്തിൽ അദാനി ഗ്രൂപ്പും വിമാനകമ്പനിയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ജെറ്റ് എയർവൈസ് വീണ്ടും വ്യോമയാന മേഖലയിലേക്ക് തിരച്ചുവരാനിരിക്കെ കൂടുതൽ വിമാനങ്ങൾ തലസ്ഥാനത്ത് നിന്ന് ഡൽഹിയിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്.