മഴക്കെടുതി ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായവും – മന്ത്രി കെ. എന്‍. ബാലഗോപാല്‍

136
0

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നര്‍ക്ക് പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. മണ്‍ട്രോതുരുത്തിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ കാലവര്‍ഷക്കെടുതിയുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചെറുതോടുകളും അരുവികളും അടഞ്ഞ് വെള്ളം ഒഴുകി പോകാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. ഇതിന് പരിഹാരം കാണാനുളള പ്രവര്‍ത്തനങ്ങളാണ് നടത്തുക.
മേഖലയിലെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് ദീര്‍ഘകാല പരിപാടികള്‍ പരിഗണനയിലുണ്ട്. മുമ്പില്ലാത്ത പോലെ ഇവിടെ മഴക്കാലത്ത് കൂടുതലായി വെള്ളം കയറുന്നു. വേലിയേറ്റ സമയത്ത് കൂടുതല്‍ സമയം വെള്ളം നില്‍ക്കുന്നുമുണ്ട്. ഇത് ജനജീവിതത്തെ കാര്യമായി ബാധിക്കുന്ന സാഹചര്യത്തില്‍ ശാശ്വതമായ പരിഹാരം കാണണം. ടൂറിസം വികസനം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള വവിധ പദ്ധതികള്‍ സജീവ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
കിഴക്കേകല്ലടയിലെ സര്‍ക്കാര്‍ എം. ജി. എല്‍. പി. സ്‌കൂള്‍, മണ്‍റോത്തുരുത്ത് ബഥേല്‍ എല്‍.പി.എസ്, വി. എസ.് യു. പി. സ്‌കൂള്‍, കല്ലുവിള ഭാര്‍ഗ്ഗവി ഓഡിറ്റോറിയം എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.