കുലവെട്ട്

189
0

           അനിയൻ മാങ്ങോട്ട് രി

വെട്ടുകത്തിയുമായിട്ടെത്തിടും പലപ്പോഴും
തെങ്ങുപോലാടിക്കൊണ്ടൊരിരുണ്ട രൂപം മുന്നിൽ 
തേങ്ങ വെട്ടിടാനായിട്ടായാവൻ കേറും നേരം
തെങ്ങിനുമാട്ടം തന്നെ പുതുതാം ലഹരിയിൽ 

ഏറെ നീരാകാശത്തിന്നൗഷധം തൊണ്ടയ്ക്കുള്ളിൽ 
കാത്തിടും വൃക്ഷത്തിന്നും കണ്ണുകളിരുണ്ടുവോ?!
ആകാശപ്പരപ്പിങ്കൽ പച്ചയാം വിരിപ്പുമായ് 
തിങ്ങിടും തെങ്ങിൻതോപ്പും സ്വപ്‌നമായ്ത്തീരുന്നുവോ?!
കായ്ഫലം കുറഞ്ഞിട്ടോ വെട്ടുവാനാളില്ലാഞ്ഞോ 
തേങ്ങയും കരിക്കുമിങ്ങെത്തണം ദൂരെനിന്നും
‘തെങ്ങൊട്ടും ചതിക്കില്ല’പതിരായ്പ്പഴഞ്ചൊല്ലും 
തെങ്ങിനെച്ചതിച്ചത് നമ്മളോ കാലക്കേടോ?
ഉരുക്കു വെളിച്ചെണ്ണ*ആട്ടിയ വെളിച്ചെണ്ണ 
പലതും നമ്മൾക്കിന്ന് ‘കൊളസ്ട്രോൾ’ വിഷദ്രവ്യം 
അന്യദേശത്തിൽ നിന്നും വന്നിടും ‘പാമോയി’ലും 
‘റൈസ്ബ്രാനോയിൽ’പ്പിന്നെ’യൊലിവിന്നോയിൽ’ത്താനും 
കേറിയിന്നേറെ പ്ലാസ്റ്റിക് കുപ്പിയിൽ ഷെൽഫിന്നകത്തേറിയിന്നടുക്കളത്തട്ടിലും സമൃദ്ധമായ് 
നീരയുമിളം കള്ളും പോര,’ബ്രാണ്ടി’തൻ നിറം
തീർക്കുന്ന ലഹരിയിൽ മൂക്കുന്നു മലയാളി 
വെട്ടിനു വെട്ടെന്നായിത്തീർക്കുവാൻ സഹജരെ-
ക്കാത്തിടും മനസ്സായിട്ടിന്നവർ മാറിപ്പോയി

തെങ്ങു കേറുവാനായിട്ടെത്തിയോൻ നൽകും ‘കിക്കാൽ’
തെങ്ങുമൊന്നിളകുന്നു മുടിയൊന്നുലയുന്നു 

ഇന്നതു  പാവം വീണ വെട്ടിലായ് നാടും വീണു 
വന്നിതു വിഷബാധ നാട്ടാർക്കോ മരത്തിനോ?!
‘സ്വച്ഛാബ്ധിമണൽത്തിട്ടി’ൽ പാദങ്ങളുറപ്പിച്ച 
പോയ കാലത്തിൻ സ്ഥൈര്യം 
സ്വപ്നമായ് മാറിപ്പോയി
‘ചിലമ്പു കെട്ടിച്ചിടാ’നെന്ന ഭാവത്തിൽ വന്ന
തിരകളർമ്മാദിച്ച് മടിക്കുത്തഴിക്കുന്നു.
തല വെച്ചിടും സഹ്യൻ സഹിക്കവയ്യാതായി-
ട്ടിടറിത്താഴോട്ടേയ്ക്കായുരുണ്ടു വീണിടുന്നു.
ഭാർഗ്ഗവക്ഷേത്രത്തിനു സ്വന്തമാം വർഷോത്സവം
മനുഷ്യക്കുരുതിയായ് മാറ്റി നാം പ്രസിദ്ധരായ്!

നീടെഴും നാടിൻനന്മയുറപ്പായ് നിലനിർത്താൻ
പാടെങ്കിൽ കാലം വെട്ടും പേരുമപ്പഴമയും! 

പെട്ടെന്ന് കുല വീണോരൊച്ചയിൽ ഞെട്ടിപ്പോയി
പട്ടികളുറക്കംവിട്ടുച്ചത്തിൽക്കുരയായി.
വീണത് കുലയാണൊ?കുരലോ?തലതാനോ?!
മൂന്നെണ്ണം തിരിയുന്നു,പമ്പരം മട്ടിൽ മുന്നിൽ!

‘പ്രഷറു’,ണ്ടേറെ’ഷുഗർ’;കറക്കം തലയ്ക്കേറി,

തെളിഞ്ഞു നേരെത്താഴെ ‘കേരളം’ മൂന്നക്ഷരം!

       

*തേങ്ങാപ്പാൽ തിളപ്പിച്ചുണ്ടാക്കുന്ന വെളിച്ചെണ്ണ