സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ പരാതി പരിഹാര അദാലത്ത് കോട്ടയത്ത് സംഘടിപ്പിച്ചു. 50 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 44 എണ്ണം അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി ബന്ധപ്പെട്ട ഡി.വൈ.എസ്.പിമാര്‍ക്ക് നല്‍കി. ആറ് പരാതികള്‍ തുടര്‍നടപടികള്‍ക്കായി പോലീസ് ആസ്ഥാനത്തിനു കൈമാറി.
പരാതികളുടെ പ്രാധാന്യം കണക്കിലെടുത്ത് വിവിധ തരത്തിലുളള അന്വേഷണങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി. പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇതിനകംതന്നെ സംസ്ഥാന പോലീസ് മേധാവി പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു.
വിദൂര ജില്ലകളില്‍ നിന്ന് പോലീസ് ആസ്ഥാനത്ത് എത്തി സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടുകണ്ട് പരാതി പറയുന്നതിന് സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സംസ്ഥാന പോലീസ് മേധാവി ജില്ലകളില്‍ നേരിട്ടെത്തി പരാതി സ്വീകരിക്കുന്നത്. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ അദാലത്തില്‍ പങ്കെടുത്തു.