സ്കൂളിൽ തുറക്കുന്നതോടൊപ്പം ഓൺലൈൻ ക്ലാസുകളും തുടരും: വിദ്യാഭ്യാസ മന്ത്രി

151
0

സംസ്ഥാനത്ത് നവംബർ 1 മുതൽ സ്കൂൾ തുറക്കുന്നതോടൊപ്പം ഓൺലൈൻവഴിയും വിക്ടേഴ്സ് ചാനൽ വഴിയുമുള്ള ക്ലാസുകളും തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു.

ഷിഫ്റ്റ് സമ്പ്രദായത്തിലാണ് വിദ്യാലയങ്ങളിൽ പഠനം ആരംഭിക്കുന്നത് എന്നതിനാൽ വിദ്യാർത്ഥികൾക്കു ഒരേ സമയം നേരിട്ടുള്ള പഠനത്തോടൊപ്പം ഓൺലൈൻ ക്ലാസുകൾ, വിക്ടേഴ്സ് ചാനലുകൾ തുടങ്ങിയവയേയും ആശ്രയിക്കേണ്ടി വരും .ഇതിനാൽ വ്യത്യസ്ത പഠന രീതികളെ സംയോജിപ്പിച്ചുകൊണ്ട് വിദ്യാർഥികളുടെ പഠന തുടർച്ച ഉറപ്പുവരുത്തുന്നതിനും വ്യത്യസ്ത മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള അധ്യാപനം ഏകോപിപ്പിക്കുന്നതിനും സമഗ്രമായ അക്കാദമിക് പ്ലാൻ സർക്കാർ സ്വീകരിചിട്ടുണ്ടോയെന്ന പ്രമോദ് നാരായൺ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സ്കൂൾ തുറക്കുന്നത് സംബന്ധിച്ച മാർ​ഗരേഖയിൽ കോവിഡ് കാലത്ത് ആരംഭിക്കുന്ന ക്ലാസുകൾക്ക് പുതിയ അക്കാദമിക് കലണ്ടറും അക്കാദമിക് അപ്രോച്ചും ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി എസ്ഇആർടിസി, എസ്എസ് കെ, വിക്ടേഴ്സ് ചാനൽ എന്നിവ വഴി പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.