സ്കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് ട്യൂഷൻ സെന്ററുകളെ പ്രവർത്തിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആൾ കേരാളാ ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം സമർപ്പിച്ചു. നിലവിൽ കോവിഡ് മൂലം ഏറ്റവും അധികം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു അസംഘടിതമേഖലയാണ് ട്യൂട്ടോറിയൽ മേഖല. ഏതാണ്ട് മുപ്പതിനായിരത്തിലധികം അധ്യാപകരാണ് സംസ്ഥാനത്ത് വിവിധ ട്യൂഷൻ സെന്ററുകളിൽ പഠിപ്പിക്കുന്നത്.കോവിഡ് കാലമായതോടെ ഇവരുടെ എല്ലാം തൊഴിൽ നഷ്ടമായി. പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. പലയിടത്തും അറ്റകുറ്റപ്പണികൾനടത്താത്തതിനാൽ ഷെഡുകൾ നശിച്ചും, ഡെസ്കും ബെഞ്ചുകളും ചിതലരിച്ചും നാമാവശേഷമായി. കോവിഡ‍് ഒന്നാം തരംഗം അവസാനിച്ച 2020 ഒക്ടോബർ മാസത്തോടെ സ്കൂളുകൾ തുറക്കും മുമ്പ് കോവിഡ് മാനദണ്ഡം പാലിച്ച് ട്യൂഷൻ സ്ഥാപനങ്ങൾ തുറക്കുവാൻ സർക്കാർ അനുമതി നല്കിയിരുന്നു. ആ ഘട്ടത്തിൽ ബാങ്ക് ലോൺ എടുത്തും പലിശക്കും മറ്റും ലക്ഷക്കണക്കിന് രൂപ ചെലവാക്കിയാണ് പല സ്ഥാപനങ്ങളും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ക്ലാസ് ആരംഭിച്ചത്. കോവിഡ് രണ്ടാം തരംഗം എത്തിയതോടെ 2021 ഏപ്രിൽ 22ന് വീണ്ടും സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവന്നു. തുടർന്ന് ഘട്ടം ഘട്ടമായി സർക്കാർ ഇളവുകൾ നല്കിയെങ്കിലും ട്യൂഷൻ മേഖലയെ ഇതുവരെ പരിഗണിച്ചിട്ടില്ല. പിഎസ് സി അടക്കമുള്ള കോച്ചിംഗ് സ്ഥാപനങ്ങൾക്ക് ഒക്ടോബർ 18മുതൽ പ്രവർത്തിക്കാൻ സർക്കാർ അനുമതി നല്കിയെങ്കിലും ട്യൂഷൻ സ്ഥാപനങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. എകെടിഎംഎ ഭാരവാഹികൾ ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. മുഖ്യമന്ത്രിയുമായി ആലോചിച്ച് വിഷയത്തിൽ അനുകൂല സമീപനം സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് നേതാക്കൾക്ക് വിദ്യാഭ്യാസ മന്ത്രി വാക്കുനല്കി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അജി അലക്സാണ്ടർ, ജനറൽ സെക്രട്ടറി അരുൺകുമാർ കാട്ടാക്കട,ഖജാൻജി പ്രമോദ്, അനീഷ് നെടുമങ്ങാട് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.