ക്ഷയരോഗ ബാധിതരെ കണ്ടെത്താന്‍ അക്ഷയ കേരളം വീണ്ടും

141
0

തിരുവനന്തപുരം: സമൂഹത്തില്‍ മറഞ്ഞിരിക്കുന്ന ക്ഷയരോഗികളെ കണ്ടെത്താനായി എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അക്ഷയ കേരളം ക്യാമ്പയിന്‍ വീണ്ടും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നവംബര്‍ ഒന്നുവരെ നീണ്ടുനില്‍ക്കുന്ന അക്ഷയ കേരളം ക്യാമ്പയിനില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ഷയരോഗം കണ്ടെത്താതെ നിലവില്‍ സമൂഹത്തില്‍ കഴിയുന്ന 1600 ഓളം ക്ഷയരോഗ ബാധിതരെ എങ്കിലും അടുത്ത രണ്ടു മാസത്തിനുള്ളില്‍ കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കുകയെന്നതാണ് ഈ ക്യാമ്പയിനിന്റെ മുഖ്യ ലക്ഷ്യം. കോവിഡ് മഹാമാരി ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകിച്ച് ക്ഷയരോഗ നിര്‍ണയത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അതുകൂടി മറികടക്കാനാണ് ദേശീയ ശ്രദ്ധ നേടിയ അക്ഷയ കേരളം ക്യാമ്പയിന്‍ വീണ്ടും ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ക്യാമ്പയിന്റെ ഭാഗമായി ക്ഷയരോഗ ബാധിതര്‍ കൂടുതലായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങള്‍ നിരീക്ഷിക്കുകയും ആ പ്രദേശങ്ങളിലുള്ള വീടുകളിലും ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും ക്ഷയരോഗ നിര്‍ണയ പരിശോധനകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്നതാണ്. ടിബി വള്‍നറബിലിറ്റി ലിസ്റ്റില്‍നിന്നും ക്ഷയരോഗ സാധ്യതയുണ്ടന്ന് കണ്ടെത്തിയിട്ടുള്ള വ്യക്തികളില്‍ ക്ഷയരോഗനിര്‍ണയം നടത്തും. കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലും എത്തുന്നവര്‍ക്കും ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങളുള്ളവര്‍ക്കും ടിബിയുടേയും കോവിഡിന്റേയും ദ്വിദിശ സ്‌ക്രീനിംഗ് നടത്തും. ശ്വാസകോശത്തില്‍ ക്ഷയരോഗം ബാധിച്ച രോഗികളുമായി സമ്പര്‍ക്കത്തില്‍ കഴിയുന്ന 15 വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ടെസ്റ്റ് ആന്‍ഡ് ട്രീറ്റ് സമീപനത്തിലൂടെയുളള ഘട്ടംഘട്ടമായി ക്ഷയരോഗ പ്രതിരോധചികിത്സ നല്‍കുന്നതാണ്.

ആദിവാസി ഊരുകള്‍, ജയിലുകള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, വൃദ്ധസദനങ്ങള്‍ ഇവ കേന്ദ്രീകരിച്ചും, അഗതികള്‍ക്കും, പ്രവാസികള്‍ക്കും, തീരപ്രദേശങ്ങളിലുള്ളവര്‍ക്കും, ക്ഷയരോഗ സംരക്ഷണ സംവിധാനങ്ങളും, തുടര്‍സേവനങ്ങളും നല്‍കും. ഇതുകൂടാതെ ടിബി ആരോഗ്യ സാഥി ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെയും രോഗികളെയും, ചികിത്സാ സഹായകരെയും പൊതുജനങ്ങളെയും പഠിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതാണ്.