ശമ്പള പരിഷ്കരണത്തിൽ സർക്കാർ ഡോക്ടർമാ രോടുള്ള അവഗണനക്കെതിരെ കെ ജി എം ഒ എ പ്രതിഷേധ ദിനം ആചരിച്ചു

128
0

കഴിഞ്ഞ രണ്ടു വർഷത്തോളമായി സ്വന്തം ആരോഗ്യം പോലും തൃണവത്കരിച്ച് മഹാമാരിക്കെതിരെ പൊരുതുന്ന ഡോക്ടർമാരുടെ പല ആനുകൂല്യങ്ങളും, ഈ കൊറോണ കാലത്ത് പോലും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ ഡോക്ടർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ അതീവ ദുർഘട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് നിരവധി ആനുകൂല്യങ്ങളും, റിസ്ക് അലവൻസും, ഇൻഷുറൻസ് പരിരക്ഷയും മറ്റും നൽകി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തപ്പോൾ ഇവിടെ ഡോക്ടർമാർക്ക് ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭിക്കേണ്ട ശമ്പളത്തിൽ പോലും വെട്ടിക്കുറവ് ഉണ്ടാക്കുകയും പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിച്ചിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചത്, പേഴ്സണൽ പേ നിർത്തലാക്കിയത്, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞത്, കരിയർ അഡ്വാൻസ്മെൻ്റ് സ്കിം ഉത്തരവാകാത്തത്, മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതും റിസ്ക് അലവൻസ് അനുവദിക്കാത്തതും, ഇതിൽ ചിലതു മാത്രം.

ഈ നീതി നിഷേധങ്ങൾക്കെതിരെ ഉത്തരവിറങ്ങിയ ശേഷം മാസങ്ങളായി നടത്തി വരുന്ന അഭ്യർത്ഥന പരിഗണിക്കപ്പെടാത്ത സാഹചര്യത്തിലാണ് കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പരസ്യ പ്രതികരണത്തിന് നിർബന്ധിതരായത്. രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിൽ സംസ്ഥാന വ്യാപകമായി എല്ലാ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളിലും കെജിഎംഒഎ യുടെ നേതൃത്വത്തിൽ ഡോക്ടർമാർ പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചു. എല്ലാ ജില്ല ആസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രണ്ടു മണി മുതൽ മൂന്നു മണി വരെ പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.

സംസ്ഥാന പ്രസിഡണ്ട് ഡോ: ജി എസ് വിജയകൃഷ്ണൻ തിരുവനന്തപുരത്തും ജനറൽ സെക്രട്ടറി ഡോ: ടി എൻ സുരേഷ് കോഴിക്കോടും ധർണ്ണയെ അഭിസംബോധന ചെയ്തു. കോവിഡ് കാലത്തും ലോക്ഡൗൺ സമയത്തും മറ്റ് പല വിഭാഗം ആളുകളും വീടുകളിലെ സുരക്ഷിതത്തിൽ ഇരുന്നപ്പോൾ, സ്വന്തം ആരോഗ്യം പോലും കണക്കാക്കാതെ കോവിഡ് രോഗികളെ പരിചരിക്കുകയായിരുന്ന ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അപമാനിക്കുന്നതിനു തുല്യമാണ് ശമ്പള പരിഷ്കരണത്തിലെ ഈ അവഗണന എന്ന് ഭാരവാഹികൾ പറഞ്ഞു.

ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം കൂടുതൽ ശക്തമായ പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് സംഘടന പോവുന്നതായിരിക്കും. സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ സമൂഹത്തിനായി കോവിഡ് പ്രതിരോധ പോരാട്ടം മുന്നോട്ടു കൊണ്ടു പോകുന്ന സർക്കാർ ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ എല്ലാവരുടെ പിന്തുണയുണ്ടാകണമെന്ന് കെ ജി എം ഒ എ അഭ്യർത്ഥിക്കുന്നു.