അയ്യൻകാളിയുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധം : വി. മുരളീധരൻ

159
0

   പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹത്തെ പുരോഗതിയിലേക്ക് നയിക്കണ മഹാത്മാ അയ്യൻകാളിയുടെ ആശയങ്ങൾ  പ്രാവർത്തികമാക്കാൻ കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണെന്ന്കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ജാതീയമായ വിവേചനങ്ങൾ അവസാനിപ്പിക്കാനും എല്ലാ മനുഷ്യർക്കും തുല്യാവകാശമാണെന്നുമുള്ള ആശയങ്ങൾ  യാഥാർത്ഥ്യമാക്കാനുമാണ് മഹാത്മാ അയ്യൻകാളി പരിശ്രമിച്ചത്. സമൂഹത്തിലെ ഉച്ച നീചത്വങ്ങൾക്കെതിരെ  നിരന്തരം  പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ ജന്മദിനം ദേശീയ തലത്തിൽ ആഘോഷിക്കാൻ തുടങ്ങിയത്  കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.  കെ.പി.എം.എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യൻകാളി ജയന്തിയുടെ ഉദ്ഘാടനം വെള്ളയമ്പലത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  അയ്യൻകാളിയുടെ  ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ  വിവിധ തലത്തിലുള്ള പദ്ധതികൾ കേന്ദ്രം ആവിഷ്കരിച്ച് നടപ്പാക്കി വരുന്നു. പട്ടിക ജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിൽ കേവലം 11 ശതമാനമായിരുന്നു നേരത്തെ കേന്ദ്ര വിഹിതമെങ്കിൽ ഇന്ന് 60 ശതമാനവും വഹിക്കുന്നത് കേന്ദ്രമാണ്. 35,000 കോടി രൂപയാണ് ഇതിനായി നൽകി വരുന്നത്.  പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന യുവതീ യുവാക്കളെ സംരംഭകത്വത്തിന് പ്രാപ്തരാക്കാൻ  സ്റ്റാർട്ട് ആപ്  ഇന്ത്യ, സ്റ്റാൻഡ് അപ് ഇന്ത്യാ  പദ്ധതികളിലൂടെ സാധിച്ചു. സ്റ്റാൻഡ് അപ് ഇന്ത്യാ പദ്ധതിയുടെ കീഴിൽ ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തിലധികം വായ്പകൾ അനുവദിച്ചു. 26,000 കോടിയിലധികം വായ്പ നൽകാൻ  കഴിഞ്ഞുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സംരംഭകരിൽ നിന്ന് 754 കോടി രൂപയുടെ ഉത്പന്നങ്ങൾ സർക്കാർ നേരിട്ട് വാങ്ങി വിപണി സാധ്യത ഉറപ്പ് വരുത്തി.  അധ:സ്ഥിത വിഭാഗങ്ങൾക്ക് വലിയ സംരംഭം തുടങ്ങാൻ മൂലധനം നൽകുന്ന പദ്ധതികൾ നടപ്പാക്കാനും കേന്ദ്രത്തിനായി. പാർശ്വവത്കരിക്കപ്പെട്ട മുഴുവൻ ആളുകളെയും സ്വയം പര്യാപ്തരാക്കി പുരോഗതിയിലേക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അയ്യൻകാളിയുടെ സന്ദേശം  പ്രാവർത്തികമാക്കാൻ സ്വയം സമർപ്പിക്കാമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി മന്ത്രി വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കെ.പി.എം.എസ്  ജനറൽ സെക്രട്ടറി  ആലംകോട് സുരേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ തുടങ്ങിയവരും സംസാരിച്ചു.