പന്തിഭോജനം

239
0

സിന്ധു കെ.എം.

ഒരേ പന്തിയില്‍ വളര്‍ന്നവരാണ്
നമ്മളെങ്കിലും
പന്തിഭോജനത്തിന്റെ
മുറിപ്പാടുകള്‍ അവശേഷിക്കുന്നു.
പന്തലില്‍ തളിരിട്ട
കിനാവുകള്‍,
പന്തലായ് മാറുവാന്‍
നമ്മുക്കായതില്ല.
മഴ തോര്‍ത്തിയിട്ട പാതകള്‍
മഴക്കുളിരിന്റെ ഓര്‍മ്മകള്‍
തിരുമ്മിയുണക്കിയ സ്വപ്നങ്ങള്‍
തിരുത്താനാവാത്ത നിലവിളിപോലെ
അയക്കോലയില്‍ നിഴലാടുന്നു.
വലതുകരം പിടിച്ച തളിര്‍വെറ്റിലയില്‍
കുളിര്‍മ്മയുടെ സ്പര്‍ശം
അസ്തമയനിറം നെറ്റിമേല്‍
നല്‍കിയ കല്യാണമേളം
സമാന്തരപാതകള്‍
സമാനതകള്‍
നമ്മുക്കായുണ്ടെങ്കിലും
എന്റെ മുന്നിലും പിന്നിലും
തേങ്ങിയുണരുന്ന പാത്രങ്ങള്‍
എരിഞ്ഞുണരുന്ന തീജ്വാലകള്‍
സമാനതകള്‍ വേട്ടയാടുമ്പോള്‍
ഉറങ്ങിയുണരുന്ന കൂട്ടനിലവിളികള്‍
ഇനിയൊരുപന്തിഭോജനത്തിനായി
എനിക്കരങ്ങില്ല
നിന്റെ പിന്നിലെ നിഴലായി മാത്രം
പന്തയമില്ലാത്ത ഉദയങ്ങള്‍ക്കായി