നാരായണന്‍കുട്ടിയുടെ സന്തോഷം

209
0

ഡോ. എം.എന്‍. ശശിധരന്‍


തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു മെഡിക്കല്‍ കോളേജിന്റെ ജനറല്‍ വാര്‍ഡില്‍വച്ച് ഞാന്‍ നാ രായണന്‍കുട്ടിയെ കണ്ടുമുട്ടുന്നത്. സ് കൂള്‍ വിദ്യാഭ്യാസകാലത്തെ ചങ്ങാതി യെ മനസ്സിലാക്കാന്‍ എനിക്ക് വിഷമമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ നാരായണന്‍കുട്ടിക്ക് എന്നെ മനസ്സിലാക്കാന്‍ അല്പസമയം വേണ്ടിവന്നു. കാലം വരുത്തിയ മാറ്റങ്ങളെപ്പറ്റി അന്യോന്യം പറഞ്ഞ് കുറച്ചുസമയം നിന്നു. മെഡിക്കല്‍ കോളേജില്‍ എത്തുവാനുണ്ടായ സാഹചര്യം വളരെ ദു:ഖത്തോടെ നാരായണന്‍കുട്ടി പറഞ്ഞു. വലതുകാലിന്റെ തള്ളവിരലില്‍ ഉണ്ടായ ഒരു ചെറിയ കുരു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും ചൊറിച്ചിലും വേദനയും വര്‍ദ്ധിച്ചപ്പോള്‍ ചില ചെറിയ പൊടിക്കൈകള്‍ ഒക്കെ ചെയ്തു നോക്കി. അതിന് ഫലമുണ്ടാകുകയും ചെയ്തു. അല്പം വലുതായി പഴുത്തുപൊട്ടി. പഴുപ്പ് ഞെക്കിക്കളഞ്ഞ് പതിവായി ഡ്രസ്സ് ചെയ്തു. ഉണങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.
ജില്ലാ ആശുപത്രിയിലെ ഡോ ക്ടറും ചികിത്സിച്ചു. ഇതിനിടയില്‍ പല പല പരിശോധനകളും നടത്തി. അ തിലൊന്നും അപകടകരമായി യാതൊ ന്നും തന്നെ കാണാന്‍ കഴിഞ്ഞില്ല. ചി കിത്സ മുറയ്ക്ക് ചെയ്തുകൊണ്ടിരുന്നു.
കാലിന്റെ വിരലില്‍ ഒരു ചെറിയ വ്രണം മാത്രമാണെങ്കിലും ചില അവസരങ്ങളില്‍ അസഹ്യമായ വേദനയുണ്ടാകാറുണ്ട്. അതിന് തലേദിവസം തീര്‍ച്ചയായും പനി വരുമായിരുന്നു. അസഹ്യമായ വേദനയുള്ളപ്പോള്‍ യാതൊരുവിധ ജോലിയും ചെയ്യാന്‍ തോന്നാറില്ല. ഈ സാഹചര്യം ദൈനംദിന ജീവിതത്തെ കുറെയൊക്കെ പ്രതികൂലമായി ബാധിച്ചിരുന്നു. മാര്‍ക്കറ്റില്‍ ഒരു പലചരക്ക് കടയില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കുന്ന ജോലിയാണ് നാരായണന്‍കുട്ടിക്ക്. കാല്‍വിരലിലെ പ്രശ്‌നം കടയിലെ ജോലിക്ക് പലപ്പോഴും തടസ്സമായി വന്നു. അവരുടെയൊക്കെ നോട്ടത്തില്‍ കാല്‍വിരലിലെ നിസ്സാരമായ ഒരു വ്രണം- അതിനിത്ര അവധിയെടുക്കാനെന്തിരിക്കുന്നു. വച്ചുകെട്ടി ജോലിചെയ്താല്‍ പോരെ എന്ന മനോഭാവമായിരുന്നു മുതലാളിക്കും ചില സഹപ്രവര്‍ത്തകര്‍ക്കും. നാരായണന്‍കുട്ടിയുടെ വേദന അവര്‍ക്കറിയാന്‍ പാടില്ലല്ലോ.
വേദന കലശലും അസഹ്യവുമായപ്പോഴാണ് ചികിത്സ ആരംഭിച്ചത്. പക്ഷേ ഒന്നുകൊണ്ടും ഒരു ഫലവുമുണ്ടാകാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ ചെന്നെത്തിയത്. ഡോക്ടര്‍മാരുടെ സംശയങ്ങള്‍ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചുവന്നു. അതനുസരിച്ച് ടെസ്റ്റുകള്‍ പലതും ചെയ്തു. വൃണത്തില്‍ നിന്നെടുത്ത സാമ്പിള്‍ വിദഗ്ദ്ധ പരിശോധനയ്ക്കുവരെ അയച്ചു. പക്ഷേ അതിന്റെ റിസല്‍ട്ടും പ്രതികൂലമായിരുന്നില്ല. എങ്കിലും അവസാന തീരുമാനത്തിലെത്താന്‍ പിന്നെയും ദിവസങ്ങള്‍ എടുത്തു. ഒടുവില്‍ ഭിഷഗ്വരന്മാര്‍ കൂടി എടുത്ത തീരുമാനം നാരായണന്‍കുട്ടിയെ കൂടുതല്‍ അവശനും പരവശനുമാക്കുകയായിരുന്നു. ആ വിരല്‍ ചുവട്ടില്‍വച്ച് മുറിച്ചുനീക്കിയാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകാതെ നാരായണന്‍കുട്ടിക്ക് രക്ഷപ്പെടാമെന്നതായിരുന്നു അവരുടെ തീരുമാനം. ജീവിക്കണമെങ്കില്‍ കാലിന്റെ തള്ളവിരല്‍ കൂടിയേ കഴിയൂ എന്നില്ലല്ലോ.
പക്ഷേ നാരായണന്‍കുട്ടിയ്ക്ക് ആ തീരുമാനം ചിന്തിക്കാന്‍കൂടി വയ്യാത്തതായിരുന്നു. പിന്നെ ബന്ധുക്കളും സുഹൃത്തുക്കളും എന്തിന്, സ്വന്തം ഭാര്യ കൂടി ഡോക്ടറുടെ തീരുമാനത്തോട് അനുകൂല മനോഭാവം പ്രകടിപ്പിച്ചപ്പോള്‍ നാരായണന്‍കുട്ടിയും യാന്ത്രികമായി സമ്മതഭാവത്തോടെ നിശ്ശബ്ദനായിരുന്നു. അങ്ങനെ അതിനൊരു തീയതിയും നിശ്ചയിച്ചിരിക്കുമ്പോഴാണ് ഞങ്ങളുടെ കൂടിക്കാഴ്ച.
കാര്യങ്ങളെല്ലാം കേട്ടപ്പോള്‍ വ്രണം കെട്ടഴിച്ച് കാണാന്‍ ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അസ്ഥിയുടെ വെളുപ്പ് ദൃശ്യമാകത്തക്കവിധം മാംസളമായ ഭാഗങ്ങള്‍ ജീര്‍ണ്ണിച്ച് നഷ്ടപ്പെട്ടിരുന്നു. വ്രണത്തിന്റെ ചുറ്റുമുള്ള ഭാഗം ഇരുണ്ട ചുവപ്പ് നിറത്തില്‍ തടിച്ചുകിടന്നിരുന്നു. വ്രണം കണ്ടപ്പോള്‍ അതിന് കുറെക്കൂടി ശുദ്ധിവരേണ്ടിയിരുന്നു എന്ന തോന്നലെനിക്കുണ്ടായി. അങ്ങനെ സംഭവിച്ചാല്‍ ഉണങ്ങാന്‍ പ്രയാസമുണ്ടാവുകയില്ല. ഞാന്‍ നാരായണന്‍കുട്ടിയോട് സൗമ്യമായി പറഞ്ഞു : നിനക്കെന്ന വിശ്വാസമാണെന്നുതന്നെ ഞാന്‍ കരുതുന്നു. കഴിയുംവേഗം ഇവിടെനിന്നും ഡിസ്ചാര്‍ജ്ജ് വാങ്ങി പോകുക. ഈ വ്ര ണം ഉണക്കാമോ എന്ന് ശ്രമിക്കാം.
അഞ്ചാം ദിവസം നാരായണന്‍കുട്ടിയും അയാളുടെ ഭാര്യയും അവരുടെ സഹോദരനുംകൂടി എന്റെ അടുക്കല്‍ വന്നു. നാരായണന്‍കുട്ടിയുടെ നിര്‍ബന്ധം സഹിക്കാതെ അവര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സ നിര്‍ത്തിപ്പോരുകയായിരുന്നു. ഇനിയിപ്പോള്‍ എല്ലാം ഡോ ക്ടര്‍തന്നെ ഏല്‍ക്കണം! തിരിച്ചുചെല്ലാന്‍ പറ്റില്ല! അവരോട് മുഷിഞ്ഞാ പോന്നത്! നാരായണന്‍കുട്ടിയുടെ അളിയന്‍ പറഞ്ഞു. ഭാര്യ നിശബ്ദയായിനിന്നു. നാരായണന്‍കുട്ടി വിവശനായി എ ന്റെ മുന്നില്‍ ഇരുന്നു.
ഞാന്‍ പറഞ്ഞു. ഞാന്‍ ഏല്‍ക്കുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ഇതിനുവേണ്ടി ശ്രമിക്കാം. പക്ഷേ നിങ്ങളുടെ ഒക്കെ സഹായങ്ങള്‍ എപ്പോഴും എന്റെ വിളിപ്പുറത്തുണ്ടാകണം. ഞാന്‍ പറയു ന്നതെല്ലാം ഈ ചികിത്സയുടെ കാര്യത്തില്‍ അനുസരിക്കുകയും വേണം. അവരെല്ലാം സമ്മതിച്ചു.
വ്രണത്തിന്റെ കെട്ടഴിച്ച് ഞാന്‍ വീണ്ടും പരിശോധിച്ചു. കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലെ അവഗണനയും അശ്രദ്ധയും മുമ്പ് കണ്ടതില്‍ കൂടുതല്‍ വ്രണത്തെ വഷളാക്കിയിരുന്നു. ആദ്യപടിയായി രോഗിയെ ബാഹ്യാന്തരശുദ്ധി വരുത്തിയെടുക്കുക എന്നതായിരുന്നു. പ്രാഥമിക കര്‍മ്മം ചെയ്യേണ്ടതുണ്ട്. അതിനായി പശുവിന്‍പാലും ആവണക്കെണ്ണയും ചേര്‍ത്ത് ആദ്യത്തെ 5 ദിവസം ശോധന വരുത്തി പിന്നീട് മുന്തിരങ്ങപ്പഴം കഷായംവച്ച് ത്രവൃതിചൂര്‍ണ്ണം ചേര്‍ത്ത് സേവിച്ച് പുറമേ പാ ലുകുടിപ്പിച്ച് ശോധന വരുത്തി. ഈ സമയങ്ങളില്‍ ലഘുവും പഥ്യവുമായ ആഹാരങ്ങള്‍ മാത്രം കഴിക്കുവാന്‍ നിര്‍ദ്ദേശിച്ചു.
വ്രണം പതിവായി ത്രിഫലകഷായത്തില്‍ കഴുകി ശുദ്ധിയാക്കിക്കൊണ്ടിരുന്നു. പ്രത്യേകിച്ച് ഔഷധങ്ങള്‍ ഒന്നും തന്നെ വച്ചുകെട്ടുകയോ പുരട്ടുകയോ ചെയ്തില്ല. കാല്‍ വിരലിലെ വ്രണം നന്നായി ഉരച്ചുകഴുകി ത്രിഫലകഷായംകൊണ്ടുതന്നെ ശുചിയാക്കിക്കൊണ്ടിരുന്നു. ശതാവര്യാദികഷായം കാഞ്ചനാരഗുല്‍ഗുലു ഗുളിക ഒന്നുവീതം അരച്ചുചേര്‍ത്ത് കാലത്തും വൈകിട്ടും ഭക്ഷണത്തിന് മുമ്പായി പതിവായി സേവിക്കാന്‍ തുടങ്ങിയിരുന്നു.
ത്രിഫലകഷായം കൊണ്ടുള്ള ക്ഷാളനം 7 ദിവസം കഴിഞ്ഞശേഷം ഇരട്ടിമധുരം, കാഞ്ഞിരത്തിന്‍വേരിന്മേല്‍ തൊലി ഇവ ചതച്ചിട്ട് കാച്ചിയ പാല്‍ തണുത്തശേഷം ദിവസം 30 മിനിറ്റ് വീതം കാലത്തും വൈകിട്ടും ധാര ചെയ്യുവാന്‍ തുടങ്ങി. അത് 5 ദിവസം തു ടര്‍ന്നു. ചികിത്സയുടെ ഓരോ ഘട്ടത്തിലും എന്റെ അച്ഛന്റെ കര്‍ശനമായ മേല്‍നോട്ടവും നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നു എന്നത് പ്രത്യേകം സ്മരണീയമാണ്.
വ്രണ ശുദ്ധീകരണത്തിനായി ഒരു ലേപനൗഷദം പ്ര ത്യേകം തയ്യാറാക്കിയിരുന്നു. തുത്ത്, തുരിശ് കാഞ്ഞിരക്കുരു, കാത്ത്, കടുക്കാത്തോട്, കറുപ്പ് ഇവ 20 ഗ്രാം വീതം ശംഖ് 10 ഗ്രാം എല്ലാം കൂടി പൊടിച്ച് നീല ഉമ്മത്തില നീരൊഴിച്ച് മഷിയാക്കി ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുന്ന ഔഷധമാണിത്. അത് ചെറുനാരങ്ങാനീരില്‍ നന്നായി അരച്ച് വ്രണത്തില്‍ ലേപനം ചെയ്യുന്നതിനായി ഉപയോഗിക്കുന്നു. എത്ര കഠിനമായ വ്രണമായാലും അതിന്റെ ദുഷിപ്പ്, പഴുപ്പ്, ദുര്‍മാംസം ഇവ മാറി പൂര്‍ണ്ണമായും ശുദ്ധമാകുകയും വ്രണത്തിന് രോപണം ആരംഭിക്കുകയും ചെയ്യും. പക്ഷേ അതികഠിനമായ വേദനയും നീറ്റലും ഉണ്ടാകും. ഈ ഔഷധത്തിന്റെ പ്രയോഗം രണ്ടേ രണ്ട് ദിവസം മാത്രമേയുള്ളൂ. അതോടെ അതവസാനിക്കും. നാരായണന്‍ കുട്ടിയുടെ കാലിലെ വ്രണത്തിലും ഔഷധം ലേപനം ചെയ്തു. രണ്ടുദിവസത്തേക്ക് നീറ്റലും വേദനയും നാരായണന്‍കുട്ടിയെ വളരെ വിഷമിപ്പിച്ചത് ഞാന്‍ ഓര്‍മ്മിക്കുന്നു. അര്‍ബുദ സ്വഭാവമുള്ള വ്രണങ്ങളാണെങ്കില്‍പ്പോലും ഈ ലേപനം അത്യന്തം ഫലപ്രദമാണെന്നതാണ് മുന്‍ അനുഭവങ്ങള്‍. അതുതന്നെ നാരായണ ന്‍കുട്ടിയുടെ കാര്യത്തിലും സംഭവിച്ചു.
നാരായണന്‍കുട്ടിയെ അമ്മയുടെ പാരമ്പര്യത്തില്‍ വാതരക്ത സ്വഭാവം ഉണ്ടായിരുന്നു എന്ന് ചികിത്സയുടെ ആരംഭത്തില്‍ തന്നെ ഞാന്‍ മനസ്സിലാക്കിയിരുന്നു. വാതരക്ത പാരമ്പര്യം നാരായണന്‍കുട്ടിയുടെ രക്തത്തിലും ലീനമായി കിടന്നിരുന്നു എന്നുവേണം അനുമാനിക്കാന്‍. വാതരക്ത സ്വഭാവമുള്ള വ്രണമായിരുന്നു അത്. വ്രണശുദ്ധി വരുത്തിയശേഷം കഷായത്തിനും മാറ്റം വരുത്തി. ശതാവര്യാദികഷായം നിര്‍ത്തി. കാറ്റോള്യാദി കഷായം കൈശോര ഗുല്‍ഗുലുഗുളിക ചേ ര്‍ത്ത് കാലത്തും വൈകിട്ടും അ തേ സമയത്ത് സേവിപ്പിച്ചു.
നാരായണന്‍കുട്ടിക്ക് നല്ല ദാഹമുണ്ടായിരുന്നതില്‍ അശ്വത്ഥവല്‍ക്കലം (അരയാല്‍തൊലി) ചതച്ചിട്ട് വെന്ത വെള്ളം കുടിക്കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വ്രണരോപണത്തിനുവേണ്ടിയുള്ള ലേപന ഔഷധങ്ങള്‍ പ്രയോഗിക്കുന്നതിന് മുമ്പ് വ്രണത്തില്‍ പുകയേല്‍പ്പിക്കുന്ന കാര്യം അച്ഛന്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. അ ങ്ങനെ ചായില്യം, കര്‍പ്പൂരം, ചെറുവഴുതനങ്ങ അ രി തുടങ്ങിയ ഔഷധങ്ങള്‍ കറ്റാര്‍ വാഴപ്പോ ളനീരിലരച്ച് പരുത്തിത്തുണിയില്‍ തേച്ച് കള്ളിപ്പാലിലുണക്കി കനലില്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക കപ്പളകുഴല്‍വഴി വ്ര ണത്തില്‍ കൊള്ളിക്കുന്നതാണ് ചികിത്സ. വ്രണത്തിനുചുറ്റും വിയര്‍ക്കുന്നിടം വരെ പുക ഏല്‍പ്പിച്ചു. 3 ദിവസം പുകയേ ല്‍പ്പിക്കണം.കുളി പാടില്ല. 7-ാം ദിവസം കുളിക്കാം. ഈ അവസരത്തില്‍ വാര്‍ത്ത ചോറുമാത്രം ഭക്ഷണം. ചിരട്ട ഇട്ട് വെന്തവെ ള്ളം കുടിക്കാം.
ഈ ചികിത്സാ പ്രയോഗങ്ങള്‍ അവസാനിച്ചതോടെ നാരായണന്‍കുട്ടിയുടെ കാല്‍വിരലിലെ വ്രണത്തിന് വാട്ടം ആരംഭിച്ചിരുന്നു. എങ്കിലും വ്രണം കുഴിഞ്ഞിരുന്നു. കുഴിഞ്ഞിരിക്കുന്ന വ്രണം നികത്തിയെടുക്കുന്നതിന് ‘വ്രണബ്ലാസ്തിരി’ എന്ന ഒരു ലേപനം ഉണ്ടാക്കിയെടുത്തു.
ഇത്രയുമായപ്പോഴേയ്ക്ക് നാരായണന്‍കുട്ടിയ്ക്കും കുടുംബത്തിനും രോഗം പൂര്‍ണ്ണമായും ഭേദമാകുമെന്ന ആത്മവിശ്വാസം വന്നിരുന്നു. എങ്കിലും കഷായ സേവയിലോ മറ്റ് പഥ്യങ്ങളിലോ ഒന്നും അല്പംപോലും മാറ്റം വരുത്താതെ തുടരുവാനായിരുന്നു എന്റെ നിര്‍ദ്ദേശം. അതില്‍ അവര്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എന്തിനും അവര്‍ തയ്യാറായിരുന്നു.
രസസിന്ദൂരം 200 മില്ലിഗ്രാം വീതം വെറ്റിലനീരും തേനും ചേര്‍ത്ത് പതിവായി രാത്രി കിടക്കാന്‍ നേരം സേവിപ്പിച്ചു. രസഗന്ധി മെഴുക് ഒരു ചുണ്ടയ്ക്കാ പ്രമാണം കാലത്ത് ഭക്ഷണശേഷവും സേവിപ്പിച്ചു. പാല്‍ കഞ്ഞി, പാല് തുടങ്ങിയ ഭക്ഷണങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ചികിത്സയുടെ അവസാന ഘട്ടത്തില്‍ ഏകദേശം 22 ദിവസം ജാത്യാദിഘൃതം പുറമേ പുരട്ടി അമൃതിന്റെ ഇലകൊണ്ട് വ്രണം പൊതിഞ്ഞ് സൂക്ഷിച്ചിരുന്നു.
വ്രണമെല്ലാം പൂര്‍ണ്ണമായും ഉണങ്ങിയശേഷവും കഷായസേവ 60 ദിവസംകൂടി തുടരുന്നതിന് നിര്‍ദ്ദേശിച്ചു. ചികിത്സ അവസാനിപ്പിച്ചപ്പോള്‍ ഒരു കാര്യം പ്രത്യേകം പറയാന്‍ ഞാന്‍ മറന്നില്ല. നാരായണന്‍കുട്ടിയുടെ ശരീരത്തിന് വാതരക്തസ്വഭാവം ഉണ്ടെന്നും അതുകൊണ്ട് എല്ലാവര്‍ഷവും മൂന്നുമാസംവീതം കഷായസേവ നടത്തണമെന്നുമായിരുന്ന ആ നിര്‍ദ്ദേശം.
ബാല്യകാല സുഹൃത്തിന്റെ കാലിന്റെ തള്ളവിരല്‍ മുറിച്ചുമാറ്റാതെ രക്ഷിക്കുവാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയോടെ നാരായണന്‍കുട്ടിയുടെ തോളില്‍ തട്ടി ഞാന്‍ യാത്രയാക്കുമ്പോള്‍ അവന്റെ കണ്ണുകളെ സന്തോഷാശ്രുക്കള്‍ മറച്ചിരിക്കുന്നത് എനിക്ക് കാണാമായിരുന്നു. മുമ്പെങ്ങോ ചെയ്ത ഈ ചികിത്സയുടെ കുറിപ്പുകള്‍ ഓര്‍മ്മകളില്‍നിന്നും രേഖപ്പെടുത്തുമ്പോഴും എനിക്കീ രംഗത്ത് എന്നും താങ്ങും തണലും വഴികാട്ടിയുമായിരുന്ന അന്തരിച്ച എന്റെ പിതാവിന്റെ സ്മരണകള്‍ എന്നെ കുറച്ചൊന്നുമല്ല ദു:ഖിപ്പിക്കുന്നത്.

  • മരുന്നുകളുടെ ഉപയോഗം ഡോക്ടറുമായി ബന്ധപ്പെട്ടതിനുശേഷം മാത്രം. സ്വയം ചികിത്സ പാടില്ല.