നിയമസഭയ്ക്കു മുന്നില്‍ അഴിമതി വിരുദ്ധ മതില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗം

135
0

ഡോളര്‍ കടത്തില്‍ നിയമസഭയില്‍ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ല; ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് എങ്ങനെ കിട്ടും: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന ആരോപണത്തില്‍ നിയമസഭയില്‍ മറുപടി പറയാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭയില്‍ ശരിയായ മറുപടി പറയണമെന്നതിനാലാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. റോഡിയോ പോലെ ആര്‍ക്കും തിരിച്ചു പറയാനാകാത്ത രീതിയില്‍ സംസാരിക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. ഒരു തട്ടിപ്പ് കേസിലെ പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തയാളാണ് പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് എങ്ങനെ കിട്ടുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഡോളര്‍ കടത്ത് ആരോപണത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ച ശേഷം യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയ്ക്കു മുന്നില്‍ സംഘടിപ്പിച്ച അഴിമതി വിരുദ്ധ മതില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മുഖ്യമന്ത്രിക്ക് എതിരായ ആരോപണം പ്രതിപക്ഷം നിയമസഭയില്‍ അടിയന്തിര പ്രമേയമായി ഉന്നയിച്ചപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയം പരിഗണിക്കാനാകില്ലെന്ന ചട്ടമാണ് സ്പീക്കര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ എല്ലാ ചട്ടങ്ങള്‍ക്കും മീതെയാണ് നിയമസഭയില്‍ അംഗങ്ങള്‍ക്കുള്ള അഭിപ്രായ സ്വാതന്ത്ര്യം. കോടതിയില്‍ ഇരിക്കുന്ന കേസാണെന്നു കരുതി ഇത്തരം വിഷയങ്ങള് നിയമസഭയില്‍ ചര്‍ച്ച ചെയ്യാതിരിക്കുന്നത് ഉചിതമല്ല. പാര്‍ലമെന്റില്‍പോലും ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കോടതി പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്ത കീഴ് വഴക്കം കേരള നിയമസഭയ്ക്ക് ഉണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്ക് എതിരായ ആരോപണം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ പ്രതിപക്ഷത്തിന് സഭാകവാടത്തില്‍ അടിയന്തിര പ്രമേയം അവതരിപ്പിക്കേണ്ടി വന്നത്. സര്‍ക്കാരിന്റെ അഴിമതിക്കും തെറ്റായ നിലപാടുകള്‍ക്കുമെതിരെ പ്രതീകാത്മകമായാണ് പ്രതിപക്ഷാംഗങ്ങള്‍ അഴിമതി വിരുദ്ധ മതില്‍ സൃഷ്ടിച്ചത്. അഴിമതിക്കെതിരായ പോരാട്ടം നിയമസഭയ്ക്ക് പുറത്തും തുടരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.