സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറാൻ പോകുന്ന ആദ്യ സ്ത്രീ -ശബ്നം

167
0

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം തൂക്കിലേറ്റാൻ പോകുന്ന ആദ്യത്തെ സ്ത്രീയാണ് ശബ്നം അലി. 2008 -ൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതിയാണ് 34 -കാരിയായ ശബ്നം അലി. ശബ്നമിനെ വധിക്കാൻ മഥുര ജയിലിൽ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കയാണ്. അതേസമയം പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. കുടുംബത്തിലെ ഏഴ് പേരെ കൊന്ന കുറ്റത്തിന് തൂക്കുകയറും കാത്ത് കിടക്കുന്ന അവർക്ക് 12 വയസ്സുള്ള ഒരു മകനുണ്ട്. അവൻ അമ്മയെ തൂക്കിലേറ്റാതിരിക്കാനായി രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ മുന്നിൽ യാചിക്കുകയാണ്. തന്റെ അമ്മയുടെ സ്നേഹം നിഷേധിക്കരുത് എന്ന് പറഞ്ഞാണ് അവൻ ദയാഹർജി നൽകിയിരിക്കുന്നത്.  

2008 -ൽ ശബ്നവും കാമുകൻ സലീമും തങ്ങളുടെ വിവാഹത്തിന് തടസ്സം നിന്ന ഏഴ് കുടുംബാംഗങ്ങളെ കൊന്നു. കൊലപാതകം നടന്നയുടനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ശബ്നം 2008 ഡിസംബറിലാണ് ജയിലിൽ വച്ച് മകനെ പ്രസവിച്ചത്. ഇനി ഇപ്പോൾ, ശബ്നത്തിന്റെ മകന് എന്ത് സംഭവിക്കും എന്ന ചോദ്യമാണ് ബാക്കിയാകുന്നത്? ശിക്ഷിക്കപ്പെട്ട തന്റെ അമ്മയെ തൂക്കുമരത്തിൽ നിന്ന് രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് മകൻ വിധി പുനഃപരിശോധനക്കുള്ള അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ബവാങ്കേരി എന്ന ഗ്രാമത്തിലാണ് ശബ്നം ജനിച്ചത്. ഇംഗ്ലീഷിലും ഭൂമിശാസ്ത്രത്തിലും എം.എ ബിരുദം നേടിയ വ്യക്തിയാണ് അവൾ. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുന്നതിനുമുമ്പ്, ഗ്രാമത്തിലെ ഒരു സ്കൂളിൽ അദ്ധ്യാപികയായിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ ശബ്നം പ്രിയങ്കരിയായിരുന്നു. നല്ല അനുസരണയുള്ള ഒരു മകളായിരുന്നു അവളെന്ന് ശബ്നത്തിന്റെ അമ്മാവൻ സത്താർ അലി പറഞ്ഞു. എന്നാൽ, കാമുകനുവേണ്ടി അവളുടെ കുടുംബത്തെ കൊലപ്പെടുത്താൻ കഴിവുള്ള ഒരു നെറികെട്ടവളായി അവൾ മാറുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2008 ഏപ്രിൽ 14, 15 തീയതികളിൽ രാത്രി ശബ്നം അവളുടെ അമ്മ, അച്ഛൻ, രണ്ട് സഹോദരന്മാർ, സഹോദരി, കസിൻ, 10 മാസം പ്രായമുള്ള അനന്തരവൻ എന്നിവരെ പാലിൽ ഉറക്ക ​ഗുളിക കലക്കി മയക്കി, കഴുത്തറുത്ത് കൊന്നു. അപ്പോൾ അവൾ ഏഴ് ആഴ്ച ഗർഭിണിയായിരുന്നു.
കാമുകനായ സലീമുമായുള്ള ബന്ധത്തിന് എതിരായിരുന്നു ശബ്നമിന്റെ കുടുംബാംഗങ്ങൾ. ഇരുവരും വ്യത്യസ്ത സാമൂഹിക-സാമ്പത്തിക മേഖലകളിൽ നിന്നുള്ളവരാണ്. ഇരുവരുടെയും കുടുംബം തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ശബ്നത്തിന്റെ കുടുംബം വലിയ ഭൂവുടമകളായിരുന്നു. അതേസമയം സലീം ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. ഒരു കൂലിപ്പണിക്കാരനായിരുന്നു അയാൾ. വിചാരണക്ക് ശേഷം, ശബ്നത്തിനെയും, സലിമിനെയും 2010 -ൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഇതിനുശേഷം, ഉയർന്ന കോടതികളിൽ വിചാരണ തുടരുകയും അവിടെയെല്ലാം ഈ വിധി ശരി വയ്ക്കുകയും ചെയ്തു. ഇതിനിടയിൽ ഒരു ദയാഹർജിയും തള്ളിപ്പോയി. അതോടെ അവരെ ശിക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.

അതേസമയം ജയിൽ മാനുവൽ അനുസരിച്ച് അന്തേവാസികളായ അമ്മമാർക്ക് ആറ് വയസ്സിന് ശേഷം കുട്ടിയെ കൂടെ നിർത്താൻ കഴിയില്ലെന്ന് അമ്രോഹയുടെ ശിശുക്ഷേമ സമിതി 2015 -ൽ ഒരു പരസ്യം നൽകി. ഇതിനെ തുടർന്ന് കോളേജിൽ ശബ്നമിന്റെ രണ്ട് വർഷം ജൂനിയറായി പഠിച്ചിരുന്ന ഉസ്മാൻ ശബ്നത്തിന്റെ മകന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നു. അങ്ങനെ ആറ് വയസ്സുള്ളപ്പോൾ 2015 -ൽ ജയിലിൽ നിന്ന് ആ കുട്ടി മോചിതനാവുകയും ഉസ്മാനോടൊപ്പം പോവുകയും ചെയ്തു. മകനെ കൈമാറുന്നതിനിടെ ആ അമ്മ രണ്ട് അഭ്യർത്ഥനകളാണ് മുന്നോട്ട് വച്ചതെന്ന് പത്രപ്രവർത്തകനായ ഉസ്മാൻ വെളിപ്പെടുത്തി. ഒന്നാമത്തേത്, അവളുടെ മകനെ ഒരിക്കലും ശബ്നമിന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകരുത്, രണ്ടാമതായി, അവന്റെ പേര് മാറ്റണം.

ഉസ്മാനും ഭാര്യയും അവനെ സ്വന്തം മകനെപ്പോലെ വളർത്തി. ആറാം ക്ലാസിൽ പഠിക്കുന്ന അവൻ അവരെ ‘ചോട്ടെ’ മമ്മി, പപ്പാ എന്ന് വിളിച്ചു.  അമ്മ ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് എന്നവന് അറിയാമെങ്കിലും തന്റെ അമ്മയെ മരണത്തിന് വിട്ടുകൊടുക്കാൻ അവന് കഴിയുന്നില്ല. അമ്മയെ മോചിപ്പിക്കാനായി രാഷ്ട്രപതിയുടെ കരുണയും കാത്ത് നിൽക്കുകയാണ് അവൻ എന്ന് ഉസ്മാൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ശബ്നമിനെ തൂക്കിക്കൊല്ലാൻ തീരുമാനിച്ചതിനെ തുടർന്ന് ഉസ്മാൻ ജനുവരി 21 -ന് അവനെ രാംപൂർ ജയിലിലേക്ക് കൊണ്ടുപോയി. അമ്മയും മകനും തമ്മിൽ കണ്ടപ്പോൾ സ്നേഹവും വാത്സല്യവും കൊണ്ട് അവർ അവനെ കെട്ടിപിടിക്കുകയും, തുരുതുരെ ഉമ്മ വയ്ക്കുകയും ചെയ്‌തു. സങ്കടം സഹിക്ക വയ്യാതെ ശബ്നം ഉറക്കെ കരഞ്ഞു. അമ്മ മകനായി കരുതി വച്ചിരുന്ന മിഠായികളും കുറച്ചു പണവും അവർ മകന് നൽകി. തുടർന്ന് അവർ മകനെ ചേർത്ത് പിടിക്കുകയും ചെയ്തു. മുൻപ് ജയിൽ പോകുമ്പോഴെല്ലാം ഇത് പതിവായിരുന്നു എങ്കിലും, ഇത്തവണ കണ്ടു നിന്നവരെ പോലും അത് വല്ലാതെ സ്പർശിച്ചു
ഒരു നല്ല മനുഷ്യനായി തീരണമെന്നും, അമ്മയെ ഒരിക്കലും ഓർക്കരുതെന്നും ശബ്നം മകനോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയിൽ അവൻ നിശബ്ദനായിരുന്നുവെന്ന് ഉസ്മാൻ പറഞ്ഞു….