കേരള സർക്കാരിൻ്റെ ധനകാര്യ സ്ഥാപനമായ KSFE ൽ ട്രാൻസ്ഫർ നോംസ് കർശനമായി പാലിച്ച് മാത്രമേ ഇനി മുതൽ സ്ഥലം മാറ്റങ്ങൾ നടത്താവൂ എന്ന് ബഹു: ഹൈക്കോടതി ഉത്തരവിട്ടു. കേരള സർക്കാർ നിർദ്ദേശപ്രകാരം 2017 ൽ സ്ഥലംമാറ്റ മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചെങ്കിലും അത് പാലിക്കാൻ മാനേജ്മെൻറ് തയ്യാറായിരുന്നില്ല. ജീവനക്കാരുടെ സംഘടനകൾ പല പ്രാവശ്യം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും മാനേജ്മെൻ്റ് അത് നടപ്പിലാക്കാൻ വിമുഖത കാണിച്ചു. നിയമങ്ങളൊന്നും പാലിക്കാതെയുള്ള വഴിവിട്ട സ്ഥലംമാറ്റങ്ങളെ സംബന്ധിച്ച് നിരവധി പരാതികളാണ് KSFE യിൽ നിലനിൽക്കുന്നത്. കോർപ്പറേറ്റ് ആഫീസിലും ബ്രാഞ്ചുകളിലും നിയമിച്ചിരിക്കുന്ന താൽക്കാലികക്കാരെ സംരക്ഷിക്കാനും പല കൊള്ളരുതായ്മകളും മൂടിവയ്ക്കാനുമാണ് മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥലംമാറ്റങ്ങൾ നടത്തുന്നതെന്ന് ജീവനക്കാർക്കിടയിൽ വ്യാപക ആക്ഷേപമുണ്ട്. ഇതിനെ തുടർന്നാണ് KSFE ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. പ്രകാശ് , സ്ഥലം മാറ്റത്തിൽ മാനദണ്ഡം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായാൽ വീണ്ടും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.