സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ പ്രത്യേക കോടതികള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് വേഗത്തില്‍ ശിക്ഷ ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഏതാനും പോലീസ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഗാര്‍ഹിക പീഡനങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിനും വാര്‍ഡ്തലം വരെ ബോധവത്ക്കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പെട്ടെന്ന് ഇടപെടാനുളള സംവിധാനം വാര്‍ഡ്തലം വരെ ഉണ്ടാകണം. ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകും. ഏത് വിഷയത്തിലും നീതിയുടേയും ന്യായത്തിന്‍റേയും പക്ഷത്താണ് പോലീസ് നിലകൊളളുക എന്ന ബോധ്യം സൃഷ്ടിക്കുന്നതിന് ഉതകുന്ന സമീപനവും പ്രവര്‍ത്തനവും പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ഉറപ്പാക്കുന്നതിലും കേസ് അന്വേഷിക്കുന്നതിലും കേരളാ പോലീസ് കൈവരിച്ച നേട്ടം രാജ്യം അംഗീകരിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പുഴ ജില്ലയിലെ രാമങ്കരി, എടത്വ, വനിതാ പോലീസ് സ്റ്റേഷന്‍, പാലക്കാട് തൃത്താല, കണ്ണൂര്‍ സിറ്റിയിലെ ചൊക്ലി എന്നീ പോലീസ് സ്റ്റേഷനുകളുടെ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. 2018 ലെ പ്രളയത്തില്‍ പൂര്‍ണ്ണമായി നശിച്ച എടത്വ, രാമങ്കരി എന്നീ പോലീസ് സ്റ്റേഷനുകള്‍ക്ക് പകരമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ തറയില്‍ നിന്ന് ഏഴ് അടി ഉയരത്തില്‍ വെളളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലാണ് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശിശുസൗഹൃദ സ്ഥലം, ഫീഡിംഗ് റൂം, ട്രാന്‍സ്ജെന്‍റര്‍ സെല്‍ എന്നിവയുള്‍പ്പെടെയുളള സൗകര്യങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓഫീസര്‍മാര്‍ക്കുളള പ്രത്യേക മുറി, ആയുധങ്ങള്‍, റിക്കോര്‍ഡുകള്‍, തൊണ്ടിമുതല്‍ എന്നിവ സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യം എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സന്ദര്‍ശകരെ സ്വീകരിക്കുന്നതിന് ഉള്‍പ്പെടെയുളള അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാ പോലീസ് സ്റ്റേഷനിലുമുണ്ട്.
കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനം, കോഴിക്കോട് സിറ്റിയിലെ മൂന്ന് അപ്പര്‍ സബോര്‍ഡിനേറ്റ് കോര്‍ട്ടേഴ്സുകള്‍, തൃശൂര്‍ സിറ്റിയിലെ നെടുപുഴയിലെ മൂന്ന് ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്സുകള്‍, പാലക്കാട് അഗളിയിലെ പുതിയ പോലീസ് ബാരക്ക്, കൊല്ലം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളിലെ ജില്ലാതല പരിശീലനകേന്ദ്രങ്ങള്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
അമൂല്യമായ ചരിത്രരേഖകള്‍, പ്രമാണങ്ങള്‍, പുരാണങ്ങള്‍, വിധിന്യായങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ മലബാര്‍ സ്പെഷ്യല്‍ പോലീസ് മ്യൂസിയം, കോഴിക്കോട് സിറ്റിയിലെ മലബാര്‍ പോലീസ് മ്യൂസിയം എന്നിവയുടേയും എറണാകുളം റൂറല്‍ ജില്ലയിലെയും മലപ്പുറത്തെയും ജില്ലാ തല ഫോറന്‍സിക് ലബോറട്ടറികളുടേയും ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
സംസ്ഥാനത്തെഏറ്റവും പുതിയ ബറ്റാലിയനായ കെ.എ.പി ആറ്, ആലപ്പുഴ ജില്ലാ പോലീസ് ആസ്ഥാനം, പാലക്കാട് ജില്ലയിലെ പുതൂര്‍ പോലീസ് സ്റ്റേഷന്‍ കെട്ടിടം, തൃശൂര്‍ റൂറല്‍ ജില്ലാ പോലീസിന്‍റെ എമര്‍ജന്‍സി റെസ്പോണ്‍സ് ആന്‍റ് സപ്പോര്‍ട്ട് സിസ്റ്റത്തിനായി നിര്‍മ്മിക്കുന്ന കണ്‍ട്രോള്‍ റൂം എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിച്ചു.
മന്ത്രിമാരും ജനപ്രതിനിധികളും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പങ്കെടുത്തു.