അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നടപടികളുമായി തൊഴില്‍വകുപ്പ്;രണ്ടരലക്ഷമെത്തി ഭക്ഷ്യ കിറ്റ് വിതരണം

254
0

സംസ്ഥാനത്ത് ലോക്ക്ഡൗണിലും ട്രിപ്പിള്‍ ലോക്ക്ഡൗണിലും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കുകയെന്ന സര്‍ക്കാര്‍ നയം യൂദ്ധകാലാടിസ്ഥാനത്തിലാണ് തൊഴില്‍ വകുപ്പ് നടപ്പാക്കിയത്.ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടുന്നതിനും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടി ആക്ഷന്‍ പ്ലാനും തയാറാക്കി മുന്നോട്ട് പോവുകയുമാണ് വകുപ്പ്.

ഇതിനോടകം രണ്ടരലക്ഷത്തോളം ഭക്ഷ്യ കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി തൊഴില്‍ വകുപ്പ് അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. അതിഥി തൊഴിലാളികള്‍ സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങളായ ആട്ട, ഉരുളക്കിഴങ്ങ്, അരി, എണ്ണ, ധാന്യങ്ങള്‍ മുതലായവയാണ് ഭക്ഷ്യകിറ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിഥി തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ നേരിട്ടെത്തിയാണ് മഴയ്ക്കിടയിലും തൊഴില്‍ വകുപ്പ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ലേബര്‍ ഓഫീസര്‍മാരും ഇതു വിതരണം ചെയ്യുന്നത്.

ഒന്നാം ഘട്ടത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കാണ് ഭക്ഷ്യ കിറ്റ് എത്തിച്ചത്. രണ്ടാം ഘട്ടമായി കോണ്‍ട്രാക്റ്റര്‍മാര്‍, തൊഴിലുടമകള്‍ എന്നിവരുടെ നേരിട്ടുള്ള നിയന്ത്രണത്തിലെ താമസ സ്ഥലങ്ങളിലുള്ള അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് എത്തിച്ചിട്ടുണ്ട്.

പ്ലാന്റേഷന്‍ മേഖലയിലുള്‍പ്പെടെ ഇതു വരെ (2,58,200) രണ്ടു ലക്ഷത്തി അമ്പത്തെണ്ണായിരത്തി ഇരുന്നൂറ് ഭക്ഷ്യ കിറ്റുകളാണ് അതിഥി തൊഴിലാളികള്‍ക്കായി വിതരണം ചെയ്തിട്ടുള്ളത്. അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തിയാണ് അവര്‍ക്കായി എത്ര കിറ്റുകളാണ് വേണ്ടി വരുന്നതെന്ന് കണ്ടെത്തിയത്.സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്നും ലഭ്യമാക്കിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. തൊഴില്‍ വകുപ്പിന്റെ കൊല്ലം റീജണിലും എറണാകുളം മധ്യമേഖലാ റീജണിലും കോഴിക്കോട് ഉത്തരമേഖലാ റീജണിലും നടപടികള്‍ പുരോഗമിക്കുന്നു. മൂന്നു മേഖലകളിലും തുടര്‍ന്നും വേണ്ടി വരുന്ന കിറ്റുകളുടെ കണക്കുകള്‍ സപ്ലൈകോയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതു ലഭ്യമാകുന്ന മുറയ്ക്ക് അടിയന്തരമായി വിതരണം ചെയ്യും.

ഭക്ഷ്യകിറ്റ് വിതരണത്തിനോടൊപ്പം അതിഥി തൊഴിലാളികളുടെ സമഗ്ര വിവര ശേഖരണവും സംസ്ഥാന സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന സന്ദേശവും കൊവിഡ്-19 അവബോധ പ്രചരണവും ലേബര്‍ കമ്മീഷണറേറ്റ് വിവിധ ജില്ലാ ലേബര്‍ ഓഫീസുകള്‍ വഴി നടത്തി വരുന്നുണ്ട്.മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെയടിസ്ഥാനത്തില്‍ ബോധവത്കരണം, സുരക്ഷ എന്നിവയ്ക്കായും അതിഥി തൊഴിലാളികളുടെ സഹായത്തിനായും സംസ്ഥാനത്തെ 14 ജില്ലാ ലേബര്‍ ഓഫീസുകളും ശ്രമിക് ബന്ധു ഫെസിലിറ്റേഷന്‍ സെന്ററുകളും കേന്ദ്രമാക്കിയും സംസ്ഥാനതലത്തില്‍ ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടങ്ങളില്‍ അതിഥി തൊഴിലാളികളുടെ സംശയ നിവാരണത്തിനുള്‍പ്പെടെ അവരുടെ ഭാഷയില്‍ മറുപടി നല്‍കുന്നതിനായി ദ്വിഭാഷികളായ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. അസാമീസ്, ഒഡിയ, ബംഗാളി, ഹിന്ദി ഭാഷകളില്‍ കോള്‍സെന്റര്‍ സേവനങ്ങള്‍ ലഭ്യമാണ്. അസാമീസ്, ഒഡിയ, ബംഗാളി, ഹിന്ദി , തമിഴ് ഭാഷകളില്‍ കോള്‍സെന്റര്‍ സേവനങ്ങള്‍ ലഭ്യമാണ്. വിവിധ ഭാഷകളില്‍ അതിഥി തൊഴിലാളികള്‍ക്കായി സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള അവബോധ സന്ദേശ പ്രവര്‍ത്തനങ്ങളും നല്‍കി വരുന്നു.

വിവിധ ജില്ലകളില്‍ കോവിഡ് പോസിറ്റീവാകുന്ന അതിഥി തൊഴിലാളികള്‍ക്ക് ചികിത്സയും താമസവും ഒരുക്കുന്നതിനായി ഡോമിസിലിയറി കെയര്‍ സെന്ററുകളും സിഎഫ്എല്‍ടിസിഎസുകളും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ ജില്ലകളില്‍ ഇതിനായുള്ള സൗകര്യം ഉറപ്പാക്കുന്നതിന് തൊഴില്‍ വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നു.
തോട്ടം മേഖലയില്‍ ഭക്ഷ്യ കിറ്റുകള്‍ പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍മാരാണ് വിതരണം ചെയ്തു വരുന്നത്. ഇവിടങ്ങളില്‍ മാസ് വാക്സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്.

തോട്ടം തൊഴിലാളികള്‍ക്ക് മാത്രമായി ഇതിനോടകം 75 ഡോമിസിലിയറി കെയര്‍ സെന്ററുകളും ഏഴു സിഎഫ്എല്‍ടിസിഎസുകളും ആരംഭിച്ചുകഴിഞ്ഞു. അതിഥി തൊഴിലാളികള്‍ക്കായി 10 ഡോമിസിലിയറി കെയര്‍ സെന്ററുകളും പ്രത്യേകമായി ആരംഭിച്ചിട്ടുണ്ട്.കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അതിഥി തൊഴിലാളികളെ സജ്ജരാക്കാന്‍ സംസ്ഥാനത്തുടനീളം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തി വരുന്നു. രോഗ സാഹചര്യങ്ങളില്‍ ആശുപത്രി, ആംബുലന്‍സ് സേവനങ്ങള്‍ക്കായി ദിശ കോള്‍ സെന്റര്‍, ഡിപിഎംഎസ്‌യു എന്നിവയുടെ സേവനം അതിഥി തൊഴിലാളികള്‍ക്ക് ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തും. കോള്‍ സെന്ററുകളിലേയ്ക്ക് എത്തുന്ന അതിഥി തൊഴിലാളികളുടെ പ്രശന്ങ്ങള്‍ കേട്ട് ഉടനടി പരിഹാരം കണ്ടെത്തുന്നതിനും അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിനുമുള്ള നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ തൊഴിലാളികള്‍ക്കും അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേകമായും കൊവിഡ് വാക്സിന്‍ ലഭ്യമാക്കുന്നുതിനായുള്ള മുന്‍ഗണനാ പട്ടികയുള്‍പ്പെടുത്തിക്കൊണ്ടുള്ള ആക്ഷന്‍ പ്ലാന്‍ തൊഴില്‍ വകുപ്പ് തയാറാക്കിയതനുസരിച്ച് നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. വാക്സീന്‍ ലഭ്യതയനുസരിച്ച് ഇവര്‍ക്ക് സൗജന്യ വാക്സീന്‍ ഉറപ്പാക്കുന്നുണ്ട്.സ്വദേശത്തേയ്ക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ തയാറാക്കി കൈമാറാന്‍ റെയില്‍വേയുടെ സഹായം തേടിയിട്ടുണ്ട്. പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.
ജില്ലാ ഭരണകൂടങ്ങളുമായി ചേര്‍ന്ന് അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക സുരക്ഷാ പദ്ധതികള്‍ ഒരുക്കുന്നതിന് വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെയും തോട്ടംമേഖലകളിലെയും തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കുലറുകള്‍ വഴി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 16 ക്ഷേമനിധി ബോര്‍ഡുകളും വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ക്ക് ഒറ്റത്തവണയായി 1000 രൂപ എക്സ്ഗ്രേഷ്യാ ധനസഹായം സര്‍ക്കാര്‍ ഉറപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി എല്ലാ ചെറുകിട തോട്ടം തൊഴിലാളികള്‍ക്കും 1000 രൂപ വീതം കോവിഡ് കാലയളവില്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്.പൂട്ടിക്കിടക്കുന്നതുള്‍പ്പെടെ എല്ലാ തോട്ടം തൊഴിലാളികള്‍ക്കും ഇക്കാലയളവില്‍ 1000 രൂപ വീതം ധനസഹായം ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.