രണ്ടാം കോവിഡ് വ്യാപനം തടയുന്നതിൽ പോലീസിന്‍റെ പങ്ക് സ്തുത്യര്‍ഹം : മുഖ്യമന്ത്രി

251
0

കോവിഡിന്‍റെ രണ്ടാം വ്യാപനം തടയുന്നതിനുളള ശ്രമങ്ങളില്‍ പോലീസ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനസേവനത്തിൽ പോലീസിന്‍റെ പുതിയ മുഖമാണ് ഈ കാലഘട്ടത്തില്‍ കേരളം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍, കണ്‍ട്രോള്‍ റൂം, അസിസ്റ്റന്‍റ് കമ്മീഷണര്‍ ഓഫീസ് എന്നിവയ്ക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ബുധനാഴ്ചകളിലും പരാതിക്കാരെ വീഡിയോ കോണ്‍ഫറന്‍സ് വഴി നേരിട്ട് കണ്ട് പരാതി സ്വീകരിക്കാന്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇത്തരം ആധുനിക സംവിധാനങ്ങള്‍ മറ്റ് പോലീസ് സ്റ്റേഷനുകളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടു നല്കിയ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, അനുമതി നല്‍കിയ ഹൈക്കോടതി എന്നിവയ്ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. മുന്‍ എം.എല്‍.എ കെ.വി അബ്ദുള്‍ ഖാദറിന്‍റെ ആസ്തി വികസന ഫണ്ടില്‍ നിന്നുളള 99 ലക്ഷം രൂപയടക്കം 3.24 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 378.78 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തിലുളള കെട്ടിടത്തില്‍ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്റ്റിംഗ് സഹകരണ സംഘമാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

മന്ത്രി കെ.രാധാകൃഷ്ണന്‍, ജനപ്രതിനിധികള്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.