തിരുവനന്തപുരം: തെക്കേ അമേരിക്കയുടെ പ്രമുഖ എയര്‍ലൈനായ ലാറ്റാം എയര്‍ലൈന്‍സ് തങ്ങളുടെ ലോയല്‍റ്റി പ്രോഗ്രാമായ ലാറ്റാം പാസ്, ഐബിഎസിന്‍റെ ഐഫ്ളൈ എന്ന സംവിധാനത്തിലേക്ക് പൂര്‍ണമായി മാറ്റി. കോര്‍പ്പറേറ്റ്, കാര്‍ഗോ റിവാര്‍ഡ് സംവിധാനങ്ങളിലായി, 38 ദശലക്ഷം അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ ലോയല്‍റ്റി പ്രോഗ്രാമുകളിലൊന്നാണ് ലാറ്റാം പാസ്. ഐഫ്ളൈ ലോയല്‍റ്റി പൊലെയുള്ള അതിനൂതന പ്ലാറ്റ് ഫോമിലേക്ക് മാറുന്നതിലൂടെ ലാറ്റാം പാസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സൗകര്യപ്രദമായി തങ്ങളുടെ ലോയല്‍റ്റി മൈലുകളും മറ്റ് ആനുകൂല്യങ്ങളും തെരഞ്ഞെടുക്കാനാകും.
ലാറ്റാം എയര്‍ലൈന്‍സിനെ സംബന്ധിച്ചിടത്തോളം ചെലവേറിയ ഡേറ്റാസെന്‍ററുകളില്‍ നിന്നും കാലഹരണപ്പെട്ട സാങ്കേതികവിദ്യകളില്‍ നിന്നുമുള്ള സുപ്രധാന ചുവടുമാറ്റമാണിത്. പൂര്‍ണമായും ക്ലൗഡ് അധിഷ്ഠിത ഐഫ്ളൈ ലോയല്‍റ്റിയാവും ഇനി ലാറ്റാമിന്‍റെ ലോയല്‍റ്റി വിഭാഗം കൈകാര്യം ചെയ്യുക.
കൊവിഡ് പശ്ചാത്തലത്തില്‍ തങ്ങളുടെ സ്ഥിരയാത്രികരുമായി കൂടുതല്‍ കാര്യക്ഷമമായി ഇടപെടുകയും അവര്‍ക്ക് നൂതന സംവിധാനങ്ങള്‍ വഴി മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുകയും ഏറെ നിര്‍ണായകമാണ്. പുതിയ പ്ലാറ്റ് ഫോമിലേക്ക് മാറുന്നതോടെ ലാറ്റാം പാസിന് ഇത് കൂടുതല്‍ ലളിതവും സുഗമവുമാകും. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കും ഉപഭോക്താക്കളുടെ താത്പ്പര്യങ്ങള്‍ക്കുമനുസരിച്ച് ലോയല്‍റ്റി ബിസിനസില്‍ മാറ്റം വരുത്തുക ഇനി ലാറ്റാമിനെ സംബന്ധിച്ചിടത്തോളം എളുപ്പമാകും. എയര്‍ലൈനിന്‍റെ മറ്റ് സംവിധാനങ്ങളുമായുള്ള ലളിതമായ സംയോജനം മാത്രമല്ല, സാങ്കേതിക പങ്കാളിത്തങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ലാറ്റാമിന് കഴിയും.
വിവിധ എയര്‍ലൈനുകളുടെ ലോയല്‍റ്റി ബിസിനസ് സംവിധാനത്തിലൂടെ ഏകദേശം 80 ദശലക്ഷം യാത്രികരെയാണ് ഐഫ്ളൈ ലോയല്‍റ്റി കൈകാര്യം ചെയ്യുന്നത്.
ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനാണ് അഹോരാത്രം ശ്രമിക്കുന്നതെന്ന് ലാറ്റാം പാസ് വൈസ് പ്രസിഡന്‍റ് റാല്‍ഫ് പികെറ്റ് പറഞ്ഞു. ഐബിഎസുമായുള്ള പങ്കാളിത്തത്തിലൂടെ എയര്‍ലൈനിന്‍റെ പരിവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുകയും, അതുവഴി കൂടുതല്‍ കാര്യക്ഷമമായ സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും റാല്‍ഫ് പികെറ്റ് വ്യക്തമാക്കി.
എയര്‍ലൈന്‍ സോഫ്റ്റ് വെയര്‍ രംഗത്തെ അഗ്രഗണ്യര്‍ എന്ന നിലയില്‍ ലോകത്തെ ഒട്ടുമിക്ക പ്രമുഖ എയര്‍ലൈനുകളെയും സാങ്കേതികവിദ്യയുടെ സഹായത്തോടെ കൊവിഡ് പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാന്‍ തങ്ങള്‍ക്ക് സഹായിക്കാനായതായി ഐബിഎസ് ലോയല്‍റ്റി മാനേജ്മെന്‍റ് മേധാവി മാര്‍ക്കസ് പഫര്‍ പറഞ്ഞു. സാമ്പത്തികമായി കരകയറാനുള്ള ലാറ്റാമിന്‍റെ ശ്രമങ്ങള്‍ക്ക് ചിറകേകാന്‍ ഐഫ്ളൈ ലോയല്‍റ്റിക്ക് കഴിയുമെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.