ശൈലജയെ ഒഴിവാക്കിയത് എന്തുകൊണ്ട്; വിശദീകരണവുമായി സിപിഎം

403
0

മന്ത്രിസഭയിൽ നിന്ന് കെ. കെ ശൈലജയെ ഒഴിവാക്കിയതിൽ വിശദീകരണവുമായി സിപിഎം. മുൻ മന്ത്രിമാരിൽ ഒരാൾക്ക് മാത്രമായി ഇളവ് നൽകാൻ കഴിയുമായിരുന്നില്ല. സമർഥമായി വകുപ്പ് കൈകാര്യം ചെയ്തവർക്ക് ഇളവു നൽകിയാൽ 11 പേർക്കും നൽകേണ്ടിവരുമായിരുന്നു. മാത്രമല്ല, അപ്പോള്‍ പുതിയ ആളുകളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യവും ഉണ്ടാവും. ഒരാളെ മാറ്റിനിർത്തുമ്പോൾ മാത്രം അവഗണിക്കുന്നു എന്ന തോന്നലുണ്ടാകുന്നത് പാർലമെന്‍ററി വ്യാമോഹം മൂലമാണെന്നും പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറയുന്നു. രണ്ടു തവണ തുടർച്ചയായി ജയിച്ച്‌ എംഎൽഎമാരായി തുടരുന്നവർ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കേണ്ടതില്ലെന്നും മന്ത്രിമാരിൽ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ മറ്റാരും മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്നും പാര്‍ട്ടി ഏകകണ്ഠമായാണ് തീരുമാനിച്ചത്. മന്ത്രിസഭാ രൂപീകരണഘട്ടത്തിൽ കേന്ദ്ര കമ്മിറ്റി അംഗമായ കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി പി രാമകൃഷ്‌ണൻ, എം എം മണി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്‌തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരും പുതിയ മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്ന്‌ നിശ്ചയിക്കപ്പെട്ടു. മറ്റൊരാൾ കെ ടി ജലീലാണെന്നും എസ് രാമചന്ദ്രപിള്ള പറയുന്നു.

ഇവര്‍ക്കെല്ലാം പ്രവര്‍ത്തനമികവ് പരിഗണിച്ച് ഇളവ് നല്‍കിയിരുന്നുവെങ്കില്‍ പുതുതായി ഒരു മന്ത്രിയെയും പുതിയ മന്ത്രിസഭയിൽ എടുക്കാൻ കഴിയുമായിരുന്നില്ല. എംഎൽഎമാരുടെ ഒരു പുതുനിര കടന്നുവരുമായിരുന്നില്ല. പ്രവർത്തനമികവിന്റെ പേരിൽ എംഎൽഎമാരിലോ മന്ത്രിമാരിലോ ഒരാളെയോ കുറെപ്പേരെയോ മാത്രം മറ്റ്‌ അംഗങ്ങളിൽനിന്ന്‌ വേർതിരിച്ച്‌ പരിഗണിക്കാനാകുകയില്ല. അങ്ങനെയുണ്ടായാൽ ചിലരുടെ പ്രവർത്തനങ്ങൾ മാത്രം അംഗീകരിക്കപ്പെട്ടതായി കരുതാനിടയുണ്ട്‌. എല്ലാവരും ഒരുപോലെ സമർഥമായി പ്രവർത്തിച്ച സാഹചര്യത്തിൽ പാർടിക്കുള്ളിലും ജനങ്ങൾക്കിടയിലും തെറ്റിദ്ധാരണയും അനൈക്യവും വളർന്നുവരുന്നതിന്‌ അത്തരം സമീപനം ഇടവരുത്താം. സിപിഐ നിലവിലുണ്ടായിരുന്ന എല്ലാ മന്ത്രിമാർക്കും പകരമായി പുതിയ മന്ത്രിമാരെ നിശ്ചയിച്ചതും അതുകൊണ്ടാണ് അദ്ദേഹം തന്‍റെ ലേഖനത്തില്‍ വിശദീകരിക്കുന്നു.