ലക്ഷദ്വീപ് വിഷയത്തിൽ സിപിഎം – കോൺഗ്രസ്സ് – മുസ്ലിം ലീഗ് നേതാക്കൾ ലക്ഷ്യം വെക്കുന്നത് വർഗ്ഗീയ മുതലെടുപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.
ലക്ഷദ്വീപ് വിഷയത്തിൽ സിപിഎം – കോൺഗ്രസ്സ് – മുസ്ലിം ലീഗ് നേതാക്കൾ പച്ച നുണ പ്രചരിപ്പിച്ച് രാഷ്ട്രീയ – വർഗ്ഗീയ മുതലെടുപ്പിന് സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങൾ നടത്തുകയാണ്.
ലക്ഷദ്വീപിന്റെ സമഗ്ര വികസനത്തിനും സുരക്ഷയ്ക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി ജനപ്രിയങ്ങളായ പദ്ധതികൾ അഡ്മിനിസ്ട്രേറ്റർ നടപ്പാക്കുമ്പോൾ, വികലവും വിദ്വേഷജനകവുമായ പ്രചരണ തന്ത്രങ്ങൾ വഴി ജനങ്ങളെ ഇളക്കി വിട്ട് ദ്വീപ് സമൂഹത്തെ ശിഥിലമാക്കുകയാണ് മുസ്ലിം ലീഗ് – സിപിഎം – കോൺഗ്രസ്സ് – തീവ്രവാദി അച്ചുതണ്ടിന്റെ ലക്ഷ്യം.
ഗുജറാത്തുകാരനാണ് അഡ്മിനിസ്ട്രേറ്ററെന്നും കർണാടക തുറമുഖത്തേക്ക് കപ്പൽ തിരിച്ചുവിടുന്നുവെന്നും മറ്റും പ്രചരിപ്പിച്ചും പ്രാദേശികവും വർഗ്ഗീയവുമായ വികാരം ആളിക്കത്തിച്ചും രാഷ്ട്രീയ ലാഭം കൊയ്യുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നത് പോലെയാണെന്ന് ഈ നേതാക്കൾ മനസ്സിലാക്കണം.
കുറ്റകൃത്യമില്ലാത്ത ലക്ഷദ്വീപിൽ എന്തിനാണ് ഗുണ്ടാ ആക്ട് കൊണ്ടുവന്നതെന്നാണ് സിപിഎമ്മിന്റെ ചോദ്യം. മാരകായുധങ്ങളും മയക്കുമരുന്നും പിടികൂടിയ നിരവധി കേസുകളുണ്ട്. തീവ്രവാദ സംഘടനകളുടെ താവളമാകുന്നുവെന്ന മുന്നറിയിപ്പ് ഭരണാധികാരികൾക്ക് കണക്കിലെടുത്തേ പറ്റൂ.
ശത്രുരാജ്യങ്ങൾ ലക്ഷ്യമിടുന്ന വളരെ തന്ത്ര പ്രധാനമായ സ്ഥലമാണ് ലക്ഷദ്വീപ്. അവിടുത്തെ ജനങ്ങളെ കേന്ദ്ര സർക്കാരിനെതിരെ തിരിച്ചുവിട്ട് അസ്വസ്ഥതയും അരാജകത്വവും സൃഷ്ടിക്കുന്നവർ ദേശീയ താല്പര്യങ്ങളെയാണ് ധ്വംസിക്കുന്നത്. സത്യാവസ്ഥ മനഃപൂർവ്വം ഇക്കൂട്ടർ മറച്ചു വെക്കുന്നു. ബേപ്പൂർ തുറമുഖത്ത് കപ്പൽ അടുക്കാൻ അസൗകര്യമുള്ളതുകൊണ്ടാണ് സൗകര്യങ്ങൾ ഉള്ള മംഗലാപുരത്തേക്ക് ചരക്ക് നീക്കം മാറ്റിയത് എന്ന് ബന്ധപ്പെട്ട എം പി പറയുന്നു.
കോവിഡിന്റെ രണ്ടാം തരംഗം ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായപ്പോൾ ലക്ഷദ്വീപിലും ഉണ്ടായി. ഇതിന്റെ പേരിൽ അഡ്‌മിനിസ്‌ട്രേറ്ററെ മാറ്റണമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ , കേരളത്തിൽ പ്രതിദിനം ഇരുപതിനായിരത്തോളം പേർക്ക് രോഗം ബാധിക്കുന്നതിന്റെയും , മരണ സംഖ്യ 7500 ആയതിന്റെയും , ഒരു ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 70 പേർ മരിച്ചതിന്റേയും ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?
പ്രതിദിനം 800 രൂപാ ഓരോ ലിറ്റർ പാലിനും ചിലവിട്ട് വൻ നഷ്ടം വരുത്തുന്ന സർക്കാർ വക ഡയറി ഫാമുകൾ നിർത്തലാക്കി പകരം അമൂൽ പാൽ വിതരണം ചെയ്തു. ഇതിനെയാണ് ഗുജറാത്തി അധിനിവേശമെന്നും ബീഫ് നിരോധനമെന്നും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
50 ബാറുകളെ 558 ആയി ഉയർത്തി മദ്യപാനം സാർവ്വത്രികമാക്കിയ മുഖ്യമന്ത്രിയാണ് ലക്ഷദ്വീപിൽ മദ്യ നിരോധനം നീക്കിയതിനെതിരെ വിമർശനം ഉയർത്തുന്നത്. ലക്ഷദ്വീപിനെ ഏറ്റവും വലിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കുന്നതിന് ആവശ്യമായ ചില നടപടികൾ സ്വീകരിക്കേണ്ടി വന്നു. വരുമാനവും തൊഴിൽ സാധ്യതയും വർദ്ധിക്കുവാൻ ചെയ്ത സദുദ്ദേശപരമായ നടപടിയെ എന്തിനാണ് എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
ലക്ഷദ്വീപിൽ നാളിതുവരെ വേരൂന്നാൻ കഴിയാത്ത മുസ്ലിം ലീഗിനും സിപിഎമ്മിനും വർഗ്ഗീയ മുതലെടുപ്പിലൂടെ സ്വാധീനമുണ്ടാക്കുകയാണ് ലക്ഷ്യം.
ദേശസ്നേഹികൾ ഈ രാജ്യവിരുദ്ധ നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുംമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.