തോട്ടം മേഖലയില്‍ മാസ് വാകിനേഷന് നടപടികള്‍ സ്വീകരിക്കുമെന്ന് ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര . കേരളത്തിലെ തോട്ടം ഉടമകളും പൊതുമേഖലാ തോട്ടം പ്രതിനിധികളും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. തോട്ടം തൊഴിലാളികള്‍ക്ക് സൗജന്യ മാസ് വാക്സിനേഷന്‍ നല്‍കണമെന്നതാണ് സര്‍ക്കാര്‍ നയം. തോട്ടം മേഖലയില്‍ എല്ലാവര്‍ക്കും വാകിനേഷന്‍ ഉറപ്പാക്കണമെന്നും ലേബര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു.
വിവിധ തോട്ടങ്ങളില്‍ ഒഴിഞ്ഞുകിടക്കുന്ന ലയങ്ങള്‍, ക്രഷുകള്‍, ക്ലബ്ബുകള്‍,ക്വോട്ടേഴ്സുകള്‍,സ്‌കൂളുകള്‍ എന്നിങ്ങനെ തോട്ടം ഉടമകളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങള്‍ ഡോമിസിലറി കൊവിഡ് കെയര്‍ സെന്ററുകള്‍ ആക്കി മാറ്റണം.കൊവിഡ് ബാധിതര്‍ തോട്ടങ്ങള്‍ക്കുള്ളിലെ ലയങ്ങളില്‍ താമസിക്കുന്നതിന് പകരം അവരെ കൊവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുന്നതിന് ഉടമകള്‍ നടപടികള്‍ സ്വീകരിക്കണം. അതിഥി തൊഴിലാളികള്‍ മറ്റ് തൊഴിലുകള്‍ തേടി തോട്ടം വിട്ടു പോകുന്നത് നിരുത്സാഹപ്പെടുത്തണം.അവര്‍ക്ക് തോട്ടങ്ങളില്‍ തന്നെ തുടര്‍ന്നും ജോലി നല്‍കണമെന്നും ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചു.
കോവിഡ് സാമൂഹിക വ്യാപനം തടയുന്നതിന് മാസ്സ് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് തൊഴില്‍ വകുപ്പു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തോട്ടം മാനേജ്മെന്റുകളുടെ സഹകരണം ഉറപ്പാക്കണം. വാക്സിനേഷനുമായി ബന്ധപ്പെട്ട് www.cowin.gov.in എന്ന വെബ്സൈറ്റില്‍ തോട്ടം തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ നടത്തുന്നതിനുളള സഹായം നല്‍കുന്നതിന് മാനേജ്മെന്റുകള്‍ നടപടികള്‍ സ്വീകരിക്കണം.വാക്സിനേഷന്‍ സ്വീകരിക്കേണ്ടതിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തണം. അതത് എസ്റ്റേറ്റുകളിലെ തൊഴിലാളികള്‍ എല്ലാവരും വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന് മാനേജ്മെന്റുകള്‍ ഉറപ്പുവരുത്തണമെന്നും ലേബര്‍ കമ്മീഷണര്‍ പറഞ്ഞു.
ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ തോട്ടം വിട്ട് പുറത്തുപോകുന്നത് നിരുത്സാഹപ്പെടുത്തണം. മസ്റ്ററിംഗ്, ശമ്പളവിതരണം, തേയിലയുടെ തൂക്കം നിര്‍ണ്ണയിക്കല്‍ എന്നിവ നടത്തുമ്പോള്‍ തോട്ടം തൊഴിലാളികള്‍ സംഘം ചേര്‍ന്ന് നില്‍ക്കുന്നത് ഒഴിവാക്കണം. ഇതിനുള്ള ക്രമീകരണങ്ങള്‍ മാനേജ്മെന്റ് നടപ്പില്‍ വരുത്തുകയും സാനിറ്റൈസറിന്റെ ലഭ്യത ഉറപ്പുവരുത്തുകയും വേണം.
തോട്ടങ്ങളിലെ കന്റീനുകള്‍, ക്രഷുകള്‍ എന്നിവിടങ്ങളില്‍ സോപ്പ്, വെളളം, സാനിറ്റൈസര്‍ എന്നിവയുടെ മതിയായ അളവിലുളള ലഭ്യത എസ്റ്റേറ്റ് മാനേജ്മെന്റ് ഉറപ്പുവരുത്തണം.ലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം വായു സഞ്ചാരം ഉറപ്പാക്കുകയും വേണം.തോട്ടങ്ങളിലെ ഡിസ്പെന്‍സറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.കോവിഡ് 19-മായി ബന്ധപ്പെട്ട് നല്‍കുന്ന നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കപ്പെടുന്നുണ്ടെന്ന് മാനേജ്മെന്റ് ഉറപ്പുവരുത്തണം.
വ്യക്തി ശുചിത്വം പാലിക്കേണ്ടത് സംബന്ധിച്ചും, കോവിഡ് 19 നെക്കുറിച്ചും വേണ്ട അവബോധം തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാക്കുവാന്‍ മാനേജ്മെന്റ് ശ്രമിക്കണം.പനി ബാധിതരായ തൊഴിലാളികളുടെയും, കുടുംബാംഗങ്ങളുടെയും വിശദവിവരങ്ങള്‍ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്പെക്ടറുടെ കാര്യാലയത്തിലും ആരോഗ്യവകുപ്പിലും ഉടനടി അറിയിക്കാന്‍ മാനേജ്മെന്റ് നടപടി സ്വീകരിക്കണമെന്നും ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കി.തോട്ടം തൊഴിലാളികള്‍ക്ക് അവരുടേതായ ഭാഷയില്‍ അവബോധ പ്രചരണം നടത്തുന്നതിന് തൊഴില്‍ വകുപ്പ് നടപടികള്‍ സ്വീകരിക്കും.പോസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള അവബോധ പ്രചരണത്തിന് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. അവബോധ പ്രവര്‍ത്തനങ്ങള്‍ക്ക് തോട്ടം മാനേജുമെന്റുകളുടെ സഹകരണവും ഉറപ്പാക്കണമെന്നും ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
വിവിധ പ്ലാന്റേഷനുകളില്‍ തൊഴിലാളികള്‍ക്ക് കൊവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സിന്റെ നേതൃത്വത്തിലുള്ള പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ തോട്ടം മേഖലയില്‍ നിലവിലെ സാഹചര്യത്തില്‍ തോട്ടം മേഖലയിലെ കൊവിഡ് പ്രതിരോധത്തിനായി തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളും യോഗം വിശകലനം ചെയ്തു.
യോഗത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എന്‍ഫോഴ്സ്മെന്റ് കെ.ശ്രീലാല്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കെ.എം.സുനില്‍, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ വെല്‍ഫെയര്‍ രഞ്ജിത് മനോഹര്‍, ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് ആര്‍.പ്രമോദ് എന്നിവരും പങ്കെടുത്തു.