സ്വയം രോഗം ബാധിക്കാതെ ഒരു കോവിഡ് രോഗിയെ എങ്ങനെ പരിചരിക്കാമെന്ന് അറിയാം.

587
0

കോവിഡ് രോഗികളുടെ മുറിയും പാത്രങ്ങളും എങ്ങനെ വൃത്തിയാക്കും? കോവിഡ് പോസിറ്റീവ് രോഗിയുടെ വസ്ത്രങ്ങൾ എങ്ങനെ കഴുകണം? പരിചരണം നൽകുന്നവർക്കുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?; വിശദവിവരങ്ങള്‍ ഇതാ..
ആർക്കാണ് പരിചരണം നൽകാൻ കഴിയുക?

കൃത്യമായ മുൻകരുതലുകൾ പിന്തുടർന്ന് മുഴുവൻ സമയവും ഹോം ഐസൊലേഷനിൽ കഴിഞ്ഞ് ഒരു രോഗിയെ പരിചരിക്കാവുന്ന ആർക്കും പരിചരണം നൽകാനാവും. ഒരു കുടുംബാംഗത്തിനോ സന്നദ്ധ പ്രവർത്തകർക്കോ ഇത്തരത്തിൽ കെയർ ഗിവർമാരാകാം.

ലക്ഷണമില്ലാത്തവരോ ലഘുവായ ലക്ഷണമുള്ളതോ ആയ രോഗികൾക്ക് ഇത്തരത്തിൽ പരിചരണം നൽകാനാവും. പരിചരണം നൽകുന്നവർ ആശുപത്രിയുമായോ ചികിത്സിക്കുന്ന ഡോക്ടറുമായോ പതിവായി ആശയവിനിമയം നടത്തണം.

👉പരിചരണം നൽകുന്നവർക്കുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണ്?

പരിചരണം നൽകുന്നവർ കോവിഡ് രോഗിയുടെ മുറിയിൽ ആയിരിക്കുമ്പോൾ ട്രിപ്പിൾ ലെയർ (മൂന്ന് പാളികളുള്ള) മാസ്കുകൾ ധരിക്കണം. മാസ്ക് നനഞ്ഞതോ മുഷിഞ്ഞതോ ആയാൽ ഉടൻ മാറ്റണം. എല്ലായ്പ്പോഴും കൈ ശുചിത്വം പാലിക്കണം, അതായത് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കുറഞ്ഞത് 40 സെക്കൻഡ് കഴുകണം.

രോഗിക്ക് ഭക്ഷണം നൽകുന്നതിന് മുമ്പും ശേഷവും ശരീര താപനില, ഓക്സിജന്റെ സാന്ദ്രത മുതലായവ അളക്കണം.

കൈകഴുകുന്നതിന് പുറമെ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം.

അവർ സ്ഥിരമായി സ്വന്തം ആരോഗ്യം സ്വയം നിരീക്ഷിക്കുകയും പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തുകയും വേണം.

👉കോവിഡ് രോഗികളുടെ മുറിയും പാത്രങ്ങളും എങ്ങനെ വൃത്തിയാക്കും?

കോവിഡ് പോസിറ്റീവ് രോഗികൾക്ക് അവരുടെ മുറിയിൽ വച്ച് ഭക്ഷണം നൽകണം. കയ്യുറകളും ഫെയ്സ് മാസ്കും ധരിച്ചുകൊണ്ട്, രോഗി ഉപയോഗിക്കുന്ന പാത്രങ്ങളും ഉപകരണങ്ങളും സോപ്പ് / ഡിറ്റർജന്റ് ഉപയോഗിച്ച് ചൂടുവെള്ളത്തിൽ വൃത്തിയാക്കണം.

ലക്ഷണമില്ലാത്തതും ആരോഗ്യപരമായി സ്ഥിരതയുള്ളതുമായ അവസ്ഥയിലാണ് രോഗിയെങ്കിൽ അയാൾക്ക് പാത്രങ്ങൾ സ്വയം കഴുകാം. വാതിൽ പിടികൾ, മേശ തുടങ്ങിയ പതിവായി സ്പർശിക്കുന്ന ഇടങ്ങൾ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈറ്റ് മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കണം.

👉കോവിഡ് പോസിറ്റീവ് രോഗിയുടെ വസ്ത്രങ്ങൾ എങ്ങനെ കഴുകണം?👇

സോഡിയം ഹൈപ്പോക്ലോറൈറ്റിന്റെ ഒരു ശതമാനം ലായനിയിൽ 30 മിനിറ്റ് നേരത്തേക്ക് വസ്ത്രങ്ങൾ മുക്കിവയ്ക്കുക. അങ്ങനെ അവയെ പൂർണ്ണമായും ശുദ്ധീകരിക്കാൻ കഴിയും. പിന്നീട് കയ്യുറകളും മാസ്കുകളും ധരിച്ച് സോപ്പ് / ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകാം.

👉പരിചരണം നൽകുന്നവർ ഒഴിവാക്കേണ്ട കാര്യങ്ങൾ.👇

കോവിഡ് -19 പോസിറ്റീവ് രോഗിയുടെ ശരീര ദ്രാവകങ്ങളുമായി നേരിട്ട് സമ്പർക്കം വരുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം, പ്രത്യേകിച്ച് സംസാരിക്കുമ്പോഴോ ശ്വസിക്കുമ്പോഴോ ഉള്ള സ്രവങ്ങൾ.

രോഗികളുമായി വസ്തുക്കൾ പങ്കിടുന്നതും അവരുടെ അടുത്തുള്ള വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതും ഒഴിവാക്കണം. ഉദാഹരണമായി ഭക്ഷണം പാനീയം ഒന്നും പങ്കുവയ്ക്കാതിരിക്കണം. ഉപയോഗിച്ച ടവലുകൾ അല്ലെങ്കിൽ ബെഡ് ലിനൻ പോലുള്ള വസ്തുക്കളുടെ കാര്യത്തിലും ഇത് പാലിക്കണം.

“രോഗിക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാണെങ്കിൽ, അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. അല്ലെങ്കിൽ ഒരു പരിചരണം നൽകുന്നയാൾ രോഗിയുടെ മുറിയിൽ ഇടയ്ക്കിടെ പ്രവേശിക്കുന്നതിന് പകരം വിവരം ഡോക്ടറെ അറിയിക്കണം, ” പഞ്ചാബിലെ കോവിഡ് നോഡൽ ഓഫീസറായ ഡോക്ടർ രാജേഷ് ഭാസ്‌കർ പറഞ്ഞു.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ
പരിചരണം നൽകുന്നവർ ശരീര താപനില, പൾസ്, ഓക്സിജൻ നില എന്നിവയുടെ ഒരു പട്ടിക തയ്യാറാക്കുകയും ചികിത്സിക്കുന്ന ഡോക്ടർക്ക് ഭാവിയിൽ റഫറൻസിനായി ഈ ചാർട്ടിന്റെ ശരിയായ രേഖ സൂക്ഷിക്കുകയും വേണം.

കൊമോർബിഡിറ്റികളുള്ള (മറ്റ് രോഗങ്ങളുള്ള) രോഗികളുടെ ഷുഗർ, ബിപി പതിവായി പരിശോധിച്ച് ചാർട്ടിൽ രേഖപ്പെടുത്തണം.

പരിചരണം നൽകുന്നവർ രോഗികളെ പ്രോണിങ്, ശ്വസന വ്യായാമങ്ങൾ എന്നിവയിൽ സഹായിക്കണം. ഓക്സിജന്റെ അളവ് കുറയുകയോ മറ്റേതെങ്കിലും സങ്കീർണതകൾ ഉണ്ടാവുകയോ ചെയ്താൽ രോഗിയെ ഉടനടി ആശുപത്രിയിലേക്ക് മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായി ഡോക്ടർമാരുമായി ആശയവിനിമയം നടത്തണം.

കോവിഡ് ബാധിതരുടെ പ്രഭാത വ്യായാമങ്ങൾ, ധ്യാനം, ഭക്ഷണം കഴിക്കൽ, കൃത്യമായ ഇടവേളകളിൽ മരുന്ന് കഴിക്കൽ തുടങ്ങിയ ദൈനംദിനപ്രവർത്തനങ്ങളുടെ ടൈംടേബിൾ തയ്യാറാക്കാൻ സഹായിക്കണം.