ജില്ലാ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കോവിഡ് സെല്ലിൽ നിന്നും സ്വകാര്യാശുപത്രിയിലേക്ക് റഫർ ചെയ്ത കോവിഡ് രോഗിയിൽ നിന്നും നിയമവിരുദ്ധമായി ഈടാക്കിയ 1,43,000 രൂപ തിരികെ നൽകണമെന്ന ആവശ്യം പരിശോധിച്ച് അടിയന്തിര നടപടി കാലതാമസം കൂടാതെ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
സ്റ്റേറ്റ് ഹെൽത്ത് അതോറിറ്റി, ദുരന്തനിവാരണ അതോറിറ്റി, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്.
ജില്ലാ കളക്ടറേറ്റിൽ നിന്നും റഫർ ചെയ്യുന്ന രോഗിയിൽ നിന്നും എംപാനൽഡ് ആശുപത്രികൾ ചികിത്സാചെലവ് ഈടാക്കാൻ പാടില്ലെന്നാണ് വ്യവസ്ഥയെന്ന് തിരുവനന്തപുരം ജില്ലാ ദുരന്തനിവാരണ അതോറിറ്റി സി ഇ ഒ കമ്മീഷനെ അറിയിച്ചു. എന്നാൽ 6 ദിവസത്തെ ചികിത്സക്ക് ഈടാക്കിയ 1,43,000 രൂപ തിരികെ നൽകാനാവില്ലെന്നാണ് രോഗിയെ ചികിത്സിച്ച പോത്തൻകോട് ശുശ്രുത ആശുപത്രിയുടെ നിലപാട്. പരാതിക്കാരനായ വട്ടിയൂർക്കാവ് മണ്ണറക്കോണം സ്വദേശി ബി എച്ച് ആനന്ദിന്റെ പിതാവ് ഭുവനേന്ദ്രനെയാണ് 2021 മേയ് 12 മുതൽ 6 ദിവസം ചികിത്സിച്ചത്.
ആശുപത്രിയെ എംപാനൽ ചെയ്യാൻ മെയ് 14 നാണ് തങ്ങൾ അപേക്ഷ നൽകിയതെന്നും മേയ് 21 ന് മാത്രമാണ് എംപാനൽ ചെയ്ത് കിട്ടിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എം പാനൽ ചെയ്ത് കിട്ടുന്നതിന് മുമ്പ് സർക്കാർ നിർദ്ദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിത്സാ സuജന്യം നൽകാനാവില്ലെന്നാണ് ആശുപത്രിയുടെ നിലപാടെന്ന് ജില്ലാമെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. ആശുപത്രിയുടെ വിശദീകരണം സ്റ്റേറ്റ്ഹെൽത്ത് അതോറിറ്റി പരിശോധിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ജില്ലാകളക്ടറേറ്റിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് രോഗിയെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു.