43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്

1262
0

43ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. കോവിഡ് വാക്സിന്‍റെ നികുതി കുറയ്ക്കണമെന്ന നിര്‍ദേശത്തില്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുത്തേക്കും. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലപരിധി ഉയര്‍ത്തല്‍, നഷ്ടപരിഹാര കുടിശ്ശിക വിതരണം ചെയ്യല്‍ എന്നിവയും കൗണ്‍സിലിന്‍റെ പരിഗണനയ്ക്ക് വരും. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പങ്കെടുക്കുന്ന ആദ്യ കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്. എഴു മാസത്തെ ഇടവേളയ്ക്ക് ശേഷം ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള അവശ്യ വസ്തുക്കളുടെ നികുതി സംബന്ധിച്ചുള്ള ചര്‍ച്ചയും നടക്കും. കോവിഡ് വാക്സിന്‍ നികുതിരഹിതമാക്കണമെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ നിലപാട്. കോവിഡ് പ്രതിരോധത്തിനുള്ള ചില അവശ്യ വസ്തുക്കൾക്ക് ജി.എസ്.ടി ഇളവ് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനോട് കേന്ദ്രത്തിന് യോജിപ്പില്ല.

മെഡിക്കല്‍ ഓക്സിജന്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, പള്‍സ് ഓക്‌സി മീറ്റര്‍, കോവിഡ് പരിശോധന കിറ്റ് എന്നിവയുടെ നികുതി ജൂലൈ 31 വരെ 5 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദ്ദേശം ഫിറ്റ്മെന്‍റ് കമ്മിറ്റി കൗണ്‍സിലില്‍ വെച്ചിട്ടുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച ചര്‍ച്ചയും കൗണ്‍സിലില്‍ നടക്കും. 2022 ല്‍ അവസാനിക്കുന്ന നഷ്ടപരിഹാരം നല്‍കേണ്ട അഞ്ച് വ൪ഷത്തെ സമയപരിധി നീട്ടണമെന്നാണ് സംസ്ഥാനങ്ങളുടെ ഒരാവിശ്യം. അതോടൊപ്പം നഷ്ടപരിഹാര കുടിശ്ശിക സമ്പൂ൪ണമായും കേന്ദ്രം നേരിട്ട് നൽകണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ വീണ്ടും ഉന്നയിക്കും. സംസ്ഥാനത്ത് പുതിയതായി ചുമതലയേറ്റ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പങ്കെടുക്കുന്ന ആദ്യ കൗണ്‍സില്‍ യോഗമാണ് ഇന്നത്തേത്.