പി.ആര്‍.ശിവപ്രസാദ്
2016 ജൂണ്‍മാസം 9ന് കേരളത്തിലെ ദൃശ്യമാധ്യമങ്ങളില്‍ പ്രധാന ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനിലെ സബ്ഇന്‍സ്‌പെക്ടര്‍ ശ്രീ. സജീവ്കുമാര്‍ രാത്രിസമയത്ത് തന്റെ സ്വകാര്യവാഹനത്തില്‍ സീരിയല്‍നടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനുശേഷം മടങ്ങുമ്പോള്‍ സദാചാരസംരക്ഷകരായ ഏതാനും നാട്ടുകാര്‍ ചേര്‍ന്ന് അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു എന്നുള്ളത്. അതിന്റെ തുടര്‍ച്ചയായി രണ്ടുമൂന്നു ദിവസത്തേക്ക് ചാനലുകളിലും പത്രങ്ങളിലും സോഷ്യല്‍മീഡിയകളിലും ആ സംഭവത്തെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകളും വിവാദങ്ങളും. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്ത നമ്മള്‍ മലയാളികള്‍ എന്താണ് മനസ്സിലാക്കിയത്…?
ആദ്യം വന്ന ബ്രേക്കിംഗ് ന്യൂസ് ഒരു സംഭവം റിപ്പോര്‍ട്ടുചെയ്യുകമാത്രമാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ എല്ലാ മാധ്യമങ്ങളും സംഭവത്തിന്റെ കാര്യകാരണങ്ങള്‍ അന്വേക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുപകരം അതിനെ പൈങ്കിളി വല്‍കരിച്ച് റേറ്റിംഗ് കൂട്ടാനാണ് മത്സരിച്ചത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇടിച്ചു കയറിചെല്ലുന്ന സദാചാരസംഘങ്ങളും മാധ്യമങ്ങളും സ്വാര്‍ത്ഥമതികളായ ഗോസ്സിപ്പുനിര്‍മ്മാതാക്കളും മറന്നുപോകുന്നതോ മനപ്പൂര്‍വ്വം മാനിക്കാത്തതോ ആയിട്ടുള്ള പ്രധാനവസ്തുത അവരുടെ ഈ മൃഗയാവിനോദത്തിന് ഇരയാകുന്ന ഹതഭാഗ്യരുടെ ജീവിതങ്ങളെയാണ്. എസ്‌ഐയെ വഴിയില്‍ മര്‍ദ്ദിച്ചവര്‍ അതിനുകാരണമായി പറഞ്ഞത് എസ്‌ഐ അവരുടെ നാട്ടില്‍ താമസിക്കുന്ന ഒരു സീരിയല്‍നടിയുടെ വീട്ടില്‍ സൗഹൃദസന്ദര്‍ശനം നടത്തുന്നു എന്നുള്ളതാണ്. അരിയാഹാരം കഴിച്ച് ഈ കേരളത്തില്‍ ജീവിക്കുന്ന എ നിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത് ധര്‍മ്മം ചോദിച്ചു വരുന്നവനും, പിരിവുകാരനും, മീറ്റര്‍ റീഡിംഗുകള്‍ എടുക്കാന്‍ വരുന്നവനും ഒഴിച്ച് മറ്റാര്‍ക്കും ഒരു വീ ട്ടില്‍ സന്ദര്‍ശനം നടത്താനോ, സുഹൃത്തുക്കളെയോ,അഭ്യുദയകാംക്ഷികളയോ വീട്ടില്‍ ക്ഷണിച്ച് സല്‍ക്കരിക്കാനോ നാട്ടി ലെ വായിനോക്കികളുടെ അനുവാദം വാങ്ങണം എന്നുണ്ടോ? എന്റെ നിരീക്ഷണത്തില്‍ ഇത്തരക്കാര്‍ സദാചാരം പ്രസംഗിക്കുന്ന വെറും ഹിപ്പോക്രാറ്റുകളാണ്. നാട്ടില്‍ ഏതെങ്കിലും കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളാരുള്ള വീട്ടില്‍കയറി നിരങ്ങാന്‍ കഴിയാത്തതിന്റെ വിരോധം തീര്‍ക്കാന്‍ ഈ അസൂയക്കാര്‍ അനുവര്‍ത്തിക്കുന്ന സ്ഥിരം തറപണിയാണ് ആ വീട്ടുകാരെക്കുറിച്ചും പെണ്‍കുട്ടിയെക്കുറിച്ചും അനാവശ്യം പ്രചരിപ്പിക്കുക, അവരുടെ വീട്ടില്‍ വരുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയുമൊക്കെ സദാചാരം പറഞ്ഞ് അപമാനിക്കുകയും ചെയ്യുക എന്നുള്ളത.
എസ് ഐക്കെതിരെയുള്ള സദാചാരക്കാരുടെ പ്രധാന ആരോപണങ്ങള്‍ അദ്ദേഹം അര്‍ദ്ധരാത്രി എട്ടരമണിവരെ(പുത്തന്‍കുരിശില്‍ അര്‍ദ്ധരാത്രി എന്നു പറയുന്നത് 8.30 എ ന്നു സാരം) പെണ്‍കുട്ടികളുള്ള വീട്ടില്‍ സന്ദര്‍ശനം നടത്തി എന്നാണ്. എസ് ഐ അതിക്രമിച്ചു വീട്ടില്‍ കയറിയതായി വീട്ടുകാര്‍ക്ക് പരാതിയുള്ളതായി അറിവില്ല. ഇതില്‍ എന്ത് സദാചാരവിരുദ്ധതയാണുള്ളത്..? തന്റെ അന്വേഷണത്തിലിരിക്കുന്ന കേസിലെ വാദിയുടെ/പ്രതിയുടെ അല്ല/വീട്ടില്‍ ആതിഥ്യം സ്വീ കരിച്ച് പോയതില്‍ എന്തെങ്കിലും ചട്ടവിരുദ്ധമായിട്ടുണ്ടെങ്കില്‍ അതന്വേഷിച്ച് നടപടിയെടുക്കാന്‍ സര്‍ ക്കാര്‍ സംവിധാനങ്ങളും നിയമവ്യവസ്ഥയും നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ.
ഇന്നുവരെ ഒരു ആല്‍ബത്തില്‍ പോലും അഭിനയിക്കുകയോ ഏതെങ്കിലും സ്റ്റേജ്‌ഷോ പോലും ചെയ്തിട്ടില്ലാത്ത കേവലം ഇരുപതു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെയാണ് എസ് ഐ സന്ദര്‍ശിച്ച വീട്ടിലെ പ്രശസ്തയായ സീരിയല്‍നടിയായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സീരിയല്‍ നടിയെന്നു പറയുന്നത് മോശമാണെന്നല്ല ഞാനി പറയുന്നതിനര്‍ത്ഥം. എസ് ഐ സന്ദര്‍ശിച്ച വീട്ടില്‍ ആ രാണ് താമസിക്കുന്നതെന്നോ അവിടെ എത്ര അംഗങ്ങള്‍ ഉണ്ടെന്നോ അവരുടെ ജീവിതചുറ്റുപാടുകള്‍ എന്തെന്നോ അന്വേഷിക്കാതെ സദാചാരഗുണ്ടകളുടെ ആരോപണങ്ങള്‍ ‘ഞാ നാദ്യം ഞാനാദ്യം’ എന്ന് മത്സരിച്ച് ബ്രേക്കിംഗ് ന്യൂസ് ആക്കിയപ്പോള്‍ കൗമാര ആരംഭത്തില്‍ തന്നെ അപമാനിക്കപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതവും ഭാവിയും നശിപ്പിക്കുകയും ഒരു കുടുംബത്തെതന്നെ കഴുകന്മാര്‍ക്ക് കൊത്തിപ്പറിക്കാന്‍ പാകത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയുമാണ് അവര്‍ ചെയ്യുന്നത് എന്ന് ഈ മാധ്യമക്കാരും എസ് ഐയോട് വ്യക്തിവൈരാഗ്യമുള്ള ഗുണ്ടകളും ഓര്‍ത്തില്ല.
പെരുമ്പാവൂരിലെ ജിഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആ പാവം പെണ്‍കുട്ടിയെ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയും ആ മൃതദേഹത്തെപോലും അപമാനിക്കുകയും ചെയ്ത പ്രതി അമീര്‍ ഉല്‍ ഇ സ്ലാം വളരെ കൂളായി കനാലുവഴിനടന്ന് ഒരു ദിവസം ആലുവയില്‍ താമസിച്ചതിനുശേഷം രക്ഷപ്പെട്ട സംഭവം പരിശോധിച്ചാല്‍ തന്നെ ആ വീടിന്റെ പരിസരവാസികളുടെ സദാചാരസംരക്ഷണത്തിന്റെ പൊള്ളത്തരം നമുക്കു മനസ്സിലാക്കാവുന്നതേയുള്ളു. കൊലയാളിക്കുപകരം ജിഷയുടെ ഏതെങ്കിലും സു ഹൃത്തുക്കളോ, അഭ്യുദയകാംക്ഷികളോ ആ യിരുന്നു ജിഷയുടെ ക്ഷണം സ്വീകരിച്ച് ആ വീട്ടില്‍ അതിഥിയായി എത്തിയിരുന്നെങ്കില്‍ കൊലയാളിയെക്കാള്‍ ക്രൂരത ഈ അയല്‍ ക്കാര്‍ ആ കുട്ടിയോട് കാട്ടുമായിരുന്നില്ലേ എന്നു ന്യായമായും സംശയിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
സദാചാരഗുണ്ടാനേതാക്കളുടെ കഞ്ചാവ് വില്‍പനപിടിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ നുണകഥമെനഞ്ഞ് കൃത്രിമമായി സൃഷ്ടിച്ച സദാചാരനാടകം നശിപ്പിച്ചത് ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതമല്ലേ? സദാചാരക്കാരോ, എസ് ഐ സജീവോ, സീരിയല്‍ നടിയും കുടുംബവും പറയുന്നതോ ഏതാണ് സത്യം എന്ന് അന്വേക്ഷിക്കാതെ ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്യുന്ന ചാനല്‍കഥ വെള്ളം തൊ ടാതെ വിഴുങ്ങുന്ന സമൂഹവും ആരംഭത്തില്‍ തന്നെ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇരുട്ടില്‍ ആക്കിയിരിക്കുകയല്ലേ?
സദാചാരപോലീസിനെനെതിരെ വളരെയേറെ ചര്‍ച്ചകളും ഉപചര്‍ച്ചകളും നടത്തിയ ചാനലുകള്‍പോലും സജീവ്കുമാറിന്റെ നടപടിയെ സദാചാരവിരുദ്ധമാണെന്നു വരുത്തിതീര്‍ക്കുന്നവിധം തന്നെയാണ് മുന്നോട്ടുപോയത്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നരീതിയിലും, എസ്‌ഐയുടെ കയ്യൂക്കിന് വിധേയരായവര്‍ കിട്ടിയസമയം മുതലാക്കുകയായിരുന്നു എന്ന രീതിയിലും അവതാരകര്‍ അമര്‍ത്തി ചിരിച്ചുകൊണ്ടുതന്നെ വാര്‍ത്തകള്‍ വായിക്കുന്നതുകണ്ടു. ഒട്ടും തീയില്ലാതെ പുക ഉയരുമോ എന്ന രീതിയില്‍ ഇങ്ങനെയുള്ള നിയമപാലകര്‍ക്കെതിരെ നിയമംകയ്യിലെടുക്കുന്നതില്‍ തെറ്റില്ലെന്ന് നമ്മളില്‍ പലരും കുടുംബസദസ്സുകളില്‍ ചര്‍ച്ചനടത്തുകയും ചെയ്തുവെന്നുറപ്പ്. ഇയാളിത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നുറപ്പിച്ചു പറഞ്ഞ നാട്ടുകാരില്‍ ഒരാള്‍ അവളുടെ ഒരു സീരിയലുകളി എന്നുപറഞ്ഞ് ആ പെണ്‍കുട്ടി യെയും പരസ്യമായി അപമാനിച്ചു.
കുറെനാളുകള്‍ക്കുമുന്‍പ് കേരളത്തിലെ ഒരു പ്രമുഖവസ്ത്രവ്യാപാരി നഗരത്തിന് പുറത്ത് ഒരു വീടുവാടകയ്‌ക്കെടുത്തു താമസ്സിച്ചു. തൊട്ടടുത്തവീട്ടിലെ സ്ത്രീയെ അപമാനിക്കാന്‍ കാ ത്തിരുന്ന സദാചാരത്തിന്റെ അപ്പോസ്തലന്മാര്‍ രാത്രിയില്‍ കടയടച്ചു തിരികെപ്പോയ വഴി മേല്‍പറഞ്ഞസ്ത്രീയുടെ വീടിനുമുന്‍പില്‍വച്ചു കാര്‍ തടഞ്ഞുനിര്‍ത്തി, ചാനലുകാരും പത്രക്കാരും സാക്ഷികളാകാനെത്തിയിരുന്നു. അവ രെ അപമാനിച്ച് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ആ സ്ത്രീപരസ്യമായിപ്പറഞ്ഞ ഒരു വാചകം മലയാളിയുടെ മറച്ചുവയ്ക്കുന്ന കപടസദാചാരം പുറത്തുകൊണ്ടുവരുന്നതായിരുന്നു. ‘നിങ്ങള്‍ ഈ പറയുന്ന വ്യക്തിയെ എനിക്കു പരിചയമില്ല പക്ഷെ കൊതിക്കെറുവുകൊണ്ട് കലിതുള്ളിയ ഇവരില്‍ പലരെയും എനിക്കു നന്നായി അറിയാം.’ ഭാര്യ നാ ട്ടിലില്ലാത്തവരും, രോഗിയായ ഭാര്യയു ള്ളവരും ഒക്കെ ഉണ്ട് ഈ കൂട്ടത്തില്‍.
കൊതിക്കെറുവും തെമ്മാടിത്തരങ്ങള്‍ക്കും എതിരെഉണ്ടായ എസ്‌ഐയുടെ നടപടിക്ക് ഇരയായവരുടെ പ്രതികാരവും ഒത്തുചേര്‍ന്നപ്പോഴുണ്ടായ ചതിക്കുഴിയിലാണ്എസ്‌ഐ സജീവ് കുമാറും ആ പെണ്‍കുട്ടിയും കുടുംബവും വീണത്. വാരിക്കുഴി കുഴിക്കുന്ന ഈ സദാചാരക്കാരില്‍ പെണ്‍വാണിഭക്കേസിലെ പ്രതികളും കൂട്ടിക്കൊടുപ്പുകാരും ഒക്കെ ഉണ്ടാകും എന്നതാണ് വിരോധാഭാസം.
സ്വന്തം ഭാര്യയോ മകളെയോപോലും ലൈംഗികതൊഴിലാളിയാക്കുവാന്‍ മൗനാനുവാദം കൊടുക്കുന്നവരാണ് ഉഭയസമ്മതപ്രകാരമുള്ള സ്ത്രീപുരുഷബന്ധങ്ങളില്‍ ഇടനിലക്കാരാകുവാന്‍ കഴിയാത്തതിന്റെ പ്രതികാരം തീര്‍ക്കുവാന്‍ ഇതുപോലുള്ള കുറുക്കുവഴികള്‍ കണ്ടുപിടിക്കുന്നത്.
”അര്‍ദ്ധരാത്രിയില്‍ സൂര്യനുദിച്ചാല്‍” എന്തൊക്കെയാണ് കാണാനും കേള്‍ക്കാനും കഴിയുക എന്ന് സ്വയം മനസ്സിലാകുന്ന ഭൂരിപക്ഷം വരുന്ന കേരളഹിപ്പോക്രാറ്റുകളോട് ഒരോര്‍മ്മപ്പെടുത്തല്‍ മാത്രം. ”നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ മാത്രം അത്രയ്ക്കു നിര്‍ബന്ധമാണെങ്കില്‍ നേരിട്ടുചെന്ന് കല്ലെറിയുക അല്ലാതെ കൊതിക്കെറുവുതീര്‍ക്കാനും, പകവീട്ടാനും ”പോത്തിനെ ചാരി എരുമയെ” വെട്ടുന്ന വക്രബുദ്ധികളെ അവഗണിക്കുക. പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും മാത്രമല്ല സ്വവര്‍ഗ്ഗക്കാര്‍ക്കും ഉഭയലിംഗക്കാര്‍ക്കുംവരെ സ്വതന്ത്രജീവിതം തടസ്സപ്പെടുത്തരുതെന്ന് വാദിക്കുന്ന പുതുതലമുറക്കാരെങ്കിലും ഒളിഞ്ഞുനോക്കിയുള്ള വിളിച്ചുകൂവല്‍ നിര്‍ത്തണം.