14 കാരിയുടെ കൊലപാതകം പൊലീസ് രക്ഷിതാക്കളുടെ തലയിൽ കെട്ടിവച്ച സംഭവം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

142
0

തിരുവനന്തപുരം: കോവളം ആഴാകുളം ചിറയിൽ 14 വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ ക്രൂരപീഡനത്തിന് ഇരയാകുകയും കൊലക്കുറ്റം ഏറ്റെടുക്കേണ്ടി വരികയും ചെയ്ത പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകി. മകളെ നഷ്ടപ്പെടുകയും ഒപ്പം കടുത്ത നീതി നിഷേധം നേരിടുകയും ചെയ്ത കുടുംബത്തിന് കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും സർക്കാർ നഷ്ടപരിഹാരം നൽകണം. ക്യാൻസർ രോഗിയായ അമ്മയുടേയും പൊലീസിന്റെ കൊടിയ മർദ്ദനത്തെ തുടർന് ശാരീരിക അവശതകൾ നേരിടുന്ന അച്ഛന്റേയും ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പൂർണരൂപത്തിൽ

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
ഇന്ന് ഞാൻ കോവളം ആഴാംകുളം ചിറയിൽ മകളെ നഷ്ടപ്പെടുകയും അതോടൊപ്പം പൊലീസിൽ നിന്ന് ക്രൂര പീഡനം നേരിടേണ്ടി വരികയും ചെയ്ത ദമ്പതികളെ പോയി കണ്ടിരുന്നു. കുട്ടിയെ കൊന്ന കുറ്റം മാതാപിതാക്കളുടെ തലയിൽ പൊലീസ് കെട്ടിവെക്കുകയായിരുന്നു. നിരന്തരമായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ച് ,സമൂഹത്തിനു മുന്നിൽ ഒറ്റപ്പെടുത്തിയാണ് ഈ പാവങ്ങളെക്കൊണ്ട് പൊലീസ് കുറ്റം സമ്മതിപ്പിച്ചത്. സമാനതകളില്ലാത്ത പീഡനമാണ് കഴിഞ്ഞ ഒരു വർഷം ഈ കുടുംബം നേരിട്ടത്. സഹോദരന്റെ മകനെ പ്രതിയാക്കുമെന്ന് പോലീസ് ഭീക്ഷണിപ്പെടുത്തിയപ്പോൾ കുറ്റം ഏറ്റെടുക്കാൻ ഗീതയും ഭർത്താവ് ആനന്ദൻ ചെട്ടിയാരും തയ്യാറായി. സാമ്പത്തികമായും സാമൂഹിക മായും വിഷമ സ്ഥിതി അനുഭവിക്കുന്ന രണ്ട് മുതിർന്ന പൗരൻമാരോടാണ് നീതി നിർവഹണത്തിന് ചുമതലപ്പെട്ടവർ ഈ കൊടും ക്രൂരത കാട്ടിയത്. പോലീസ് അന്വേഷണത്തിന്റെ അശാസ്ത്രീയതക്ക് ഈ സംഭവം അടിവരയിടുന്നു. അങ്ങും ഞാനും ഉൾപ്പെടുന്ന കേരള സമൂഹമാകെ തലതാഴ്ത്തിപ്പോകുന്ന സംഭവമാണിത്.

ഈ കേസിൽ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ ശിക്ഷണ നടപടി സ്വീകരിക്കണം. പ്രാകൃതമായ ഇത്തരം സംഭവങ്ങൾ ഇനി കേരളത്തിൽ ആവർത്തിക്കരുത് ,പൊലീസുകാർ ക്രിമിനലുകളെ പോലെ പെരുമാറുകയുമരുത്. മകളെ നഷ്ടപ്പെടുകയും ഒപ്പം കടുത്ത നീതി നിഷേധം നേരിടുകയും ചെയ്ത കുടുംബത്തിന് കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലും സർക്കാർ നഷ്ടപരിഹാരം നൽകണം. ക്യാൻസർ രോഗിയായ അമ്മയുടേയും പോലീസിന്റെ കൊടിയ മർദ്ദനത്തെ തുടർന് ശാരീരിക അവശതകൾ നേരിടുന്ന അച്ഛന്റേയും ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നു. ഒരു നഷ്ടപരിഹാരവും ആകുടുബത്തിൻ്റെ ദുഃഖത്തിന് പകരമല്ല. എന്നാലും കാവൽക്കാരൻ കുറ്റവാളി ആകാതിരിക്കാനുള്ള പിഴയടക്കൽ കൂടിയാവും നഷ്ടപരിഹാരം . അങ്ങ് ഇക്കാര്യം അതീവ ഗൗരവത്തോടെ കാണുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നു .

ഇത്തരം സംഭവങ്ങളിൽ അതി കർശനമായ തിരുത്തൽ നടപടികൾ വന്നില്ലെങ്കിൽ അത് പൊലീസ് സേനയുടെ വ്യാപക ക്രിമിനൽ വത്ക്കരണത്തിലേക്ക് നയിക്കും. അത് ഒഴിവാക്കാൻ ഒരു ഭരണകൂടവും സമൂഹവും നീതി നിഷേധിക്കപ്പെട്ടവർക്കൊപ്പം നിൽക്കുകയും അവർക്കായി പോരാടുകയും വേണം.