ഹൈപ്പോതൈറോയിഡിസം : ഗവേഷണത്തിന് ഡോ അഭിലാഷ് നായർക്ക് അവാർഡ്

120
0


തിരുവനന്തപുരം: സൊസൈറ്റി ഫോർ പ്രൊമോഷൻ ഓഫ് എജുക്കേഷന് ഇൻ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ഡൽഹിയിൽ സംഘടിപ്പിച്ച ഗവേഷണ പഠന മത്സരത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ എൻഡോക്രൈനോളജി അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ അഭിലാഷ് നായർ ഒന്നാം സ്ഥാനം നേടി. രാജ്യത്തിൻറെ പല ഭാഗങ്ങളിൽ നിന്നും വന്ന 118 മത്സരാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 19 പഠനങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. ഹൈപ്പോതൈറോയ്ഡിസം എന്ന പേരിൽ അറിയപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവിൻ്റെ ചികിത്സ മെച്ചപ്പെടുത്തുന്ന രീതിയെ കുറിച്ച് ആയിരുന്നു പഠനം. പ്രശസ്തി പത്രവും, ഒരു ലക്ഷം രൂപയും ആണ് സമ്മാനം.
ഹൈപ്പോ തൈറോയിഡിസം ചികിത്സിക്കാനുള്ള അന്തരാഷ്ട്ര മാർഗ്ഗനിർദേശങ്ങൾ രോഗതീവ്രത കണക്കിലെടുക്കാതെ ഉയർന്ന ഹോർമോൺ ഡോസ് ആണ് ശുപാർശ ചെയ്യുന്നത്. എന്നാൽ കുറഞ്ഞ രോഗതീവ്രത ഉള്ളവരിൽ കുറഞ്ഞ ഡോസുകളിൽ ചികിത്സ തുടങ്ങുമ്പോൾ കിട്ടുന്ന ചികിത്സാഫലം ആയിരുന്നു പഠന വിഷയം. ഈ പഠനത്തിലൂടെ ടി എസ് എച്ചും ശരീരഭാരവും ഉപയോഗിച്ച് ആരംഭ തൈറോക്സിൻ ഡോസ് നിർണയിക്കാൻ ഉള്ള സമവാക്യം കണ്ടെത്താൻ സാധിച്ചു. പ്രാഥമിക ചികിത്സ മേഖലയിൽ തൈറോയ്ഡ് ചികിത്സക്ക് ഇത് ഏറെ സഹായകം ആകും. ഡോ അഭിലാഷ് നായർക്കൊപ്പം ഡോ സി ജയകുമാരി, ഡോ ചിന്ത സുജാത, ഡോ പി കെ ജബ്ബാർ , ഡോ എസ് സൗമ്യ, ഡോ അഞ്ജന ഗോപി എന്നിവർ ചേർന്നാണ് പഠനം നടത്തിയത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡൽഹി, ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് (പി ജി ഐ എം ഇ ആർ ) എന്നീ മികച്ച സ്ഥാപനങ്ങളിൽ നിന്നുള്ള പ്രബന്ധങ്ങൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചത്.